എഡിറ്റോറിയൽ /ജെക്കോബി
അടുത്ത കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും ബംഗാളിലും അസമിലും വോട്ടര്‍പട്ടിക സമ്പൂര്‍ണമായി പുതുക്കുന്നതിനു മുന്നോടിയായി, വരുന്ന ഒക് ടോബര്‍-നവംബര്‍ മാസങ്ങളില്‍ അസംബ്ലി തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിഹാറില്‍ കേന്ദ്ര ഇലക് ഷന് കമ്മിഷന് വോട്ടര്‍പട്ടികയില്‍ ‘വിശേഷ തീവ്ര പുനഃപരിശോധന’ (സ്പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍) പരീക്ഷിക്കുകയാണ്. സംസ്ഥാനത്തെ 243 നിയമസഭാമണ്ഡലങ്ങളിലെ ഓരോ വീട്ടിലും ബൂത്തുതല ഓഫിസര്‍മാര്‍ (ബിഎല്‍ഒ) മൂന്നുവട്ടം കയറിയിറങ്ങി പൗരത്വരേഖകള്‍ പരിശോധിച്ച് വോട്ടര്‍മാരില്‍ നിന്ന് എന്യൂമറേഷന് ഫോമും സത്യവാങ്മൂലവും പൂരിപ്പിച്ചുവാങ്ങി 25 ദിവസം കൊണ്ട് വോട്ടര്‍പട്ടിക സമഗ്രമായി പരിഷ്കരിക്കുന്ന ബൃഹത്തായ യജ്ഞം ഒരാഴ്ചയായി തകൃതിയായി മുന്നേറുകയാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ 326-ാം അനുച്ഛേദത്തില്‍, പതിനെട്ടു വയസു പൂര്‍ത്തിയായ ഇന്ത്യന്‍ പൗരര്‍ക്കു മാത്രമേ താന്‍ താമസിക്കുന്ന നിയോജകമണ്ഡലത്തില്‍ വോട്ടറായി രജിസ്റ്റര്‍ ചെയ്യാന്‍ അവകാശമുള്ളൂ എന്നു പറയുന്നുണ്ട്. ഓരോ തിരഞ്ഞെടുപ്പിനു മുന്‍പും വോട്ടര്‍പട്ടിക പരിഷ്കരിക്കേണ്ടതുണ്ടെന്ന് 1961-ലെ വോട്ടര്‍മാരുടെ രജിസ്ട്രേഷന് ചട്ടത്തിലെ റൂള്‍ 25-ലും 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലും വ്യക്തമാക്കുന്നുണ്ട്. ബിഹാറിലെ ഇപ്പോഴത്തെ അസംബ്ലിയുടെ കാലാവധി 2025 നവംബര്‍ 22ന് അവസാനിക്കും. അതിനു മുന്‍പ് തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. നിയമസഭാമണ്ഡലത്തില്‍ പൂര്‍ണമായോ ഭാഗികമായോ ഉചിതമായ വിധത്തില്‍ എപ്പോള്‍ വേണമെങ്കിലും വോട്ടര്‍പട്ടിക പുതുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടെന്ന് ജനപ്രാതിനിധ്യ നിയമം സെക് ഷന് 21(3)ല്‍ പറയുന്നു. അതിനുള്ള കാരണങ്ങള്‍ രേഖപ്പെടുത്തിയാല്‍ മതിയാകും. വോട്ടര്‍മാരുടെ രജിസ്ട്രേഷന് ചട്ടങ്ങള്‍ (1960) റൂള്‍ 25 സെക്ഷന്‍ 21 (2) പറയുന്നത്, തീവ്രമായോ മുഴുവനായോ അല്ലെങ്കില്‍ ഭാഗികമായി തീവ്രമായോ ഭാഗികമായി സമഗ്രമായോ കമ്മിഷന് പട്ടിക പുതുക്കാം എന്നുമാണ്.
അര്‍ഹരായ എല്ലാ പൗരരുടെയും പേര് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താനാണ് നടപടിയെന്ന് കമ്മിഷന് വിശദീകരിക്കുന്നു. ദ്രുതഗതിയിലുള്ള നഗരവത്കരണം, പതിവാകുന്ന കുടിയേറ്റം, വോട്ടുചെയ്യാനുള്ള പ്രായത്തിലേക്കു യുവാക്കളുടെ കടന്നുവരവ്, മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നത്, അനധികൃത വിദേശ കുടിയേറ്റക്കാരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുന്നത് എന്നിങ്ങനെ വിവിധ കാരണങ്ങളാല്‍ തീവ്ര പുനരവലോകനം അനിവാര്യമാണെന്ന് കമ്മിഷന് വ്യക്തമാക്കുന്നു.
ബിഹാറില്‍ ഇതിനു മുന്‍പ് വോട്ടര്‍പട്ടികയുടെ തീവ്ര പുനരവലോകനം നടത്തിയത് 2003-ലാണ്. കഴിഞ്ഞ 22 വര്‍ഷം ചെയ്യാതിരുന്ന ‘വിശേഷ തീവ്ര പുനഃപരിശോധന’ തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്ക്കുമ്പോള്, ഇത്രയും വൈകി, ഇത്ര തിടുക്കത്തില്‍ നടത്തുന്നത് എന്തിനാണെന്ന ചോദ്യത്തിന് ഉത്തരമില്ല.
2026-ല്‍ കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പും, തുടര്‍ന്ന് ദേശീയതലത്തിലും നടപ്പാക്കുമെന്നു പറയുന്ന വോട്ടര്‍പട്ടികയുടെ വിശേഷ തീവ്ര പുനരവലോകനം സംബന്ധിച്ച് ഇലക് ഷന് കമ്മിഷന് ഡല്‍ഹിയില്‍ ഔദ്യോഗികമായി വാര്‍ത്താസമ്മേളനം നടത്തി രാജ്യത്തെ ജനങ്ങളെയും വോട്ടര്‍മാരെയും വിവരം അറിയിക്കുന്നതിനു പകരം ബിഹാറിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കത്തെഴുതുന്നത് എന്തുകൊണ്ടാണ്? ബിഹാറില്‍ തീവ്ര പുനരവലോകനം നടത്തുന്നതായി ജൂണ്‍ 24ന് പിഐബി വാര്‍ത്താകുറിപ്പിലൂടെയാണ് കമ്മിഷന് വെളിപ്പെടുത്തിയത്. ബന്ധപ്പെട്ട വോട്ടര്‍മാരുമായോ ദേശീയതലത്തിലോ സംസ്ഥാനത്തെയോ രാഷ് ട്രീയ പാര്‍ട്ടികളുമായോ കൂടിയാലോചിച്ചതായി ഒരു സൂചനയുമില്ല. പിറ്റേന്നുതന്നെ പരിപാടി നടപ്പാക്കുന്നതിന് സംസ്ഥാന ചീഫ് ഇലക് ടറല്‍ ഓഫിസര്‍ക്ക് 19 പേജ് വരുന്ന കത്തിലൂടെ ഉത്തരവും വിശദമായ മാര്‍ഗരേഖയും ലഭിക്കുന്നു.
ദരിദ്രരും നിരക്ഷരരുമായ ദലിതരും ന്യൂനപക്ഷങ്ങളും ഉള്‍പ്പെടെ ലക്ഷക്കണക്കിന് പൗരര്‍ക്ക് വോട്ടുചെയ്യാനുള്ള ഭരണഘടനാവകാശം നിഷേധിക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്ന് ‘ഇന്ത്യ’ സഖ്യത്തിലെ രാഷ് ട്രീയ ജനതാ ദള്‍, കോണ്‍ഗ്രസ്, സിപിഎം, സിപിഐ (എംഎല്) എന്നീ പാര്‍ട്ടികള്‍ ആരോപിക്കുന്നു. ബിഹാറില്‍ നിന്നുള്ള മൂന്നു കോടി പ്രവാസികള്‍ സംസ്ഥാനത്തിനു വെളിയില്‍ ജോലി ചെയ്യുന്നുണ്ടെന്ന് കേന്ദ്ര തൊഴില്‍മന്ത്രാലയത്തിന്റെ കണക്കില്‍ പറയുന്നു.
സാധാരണഗതിയില്‍ ഉത്സവകാലത്തും വോട്ടെടുപ്പിന്റെ നാളുകളിലും മറ്റുമാണ് അവര്‍ നാട്ടിലെത്താറുള്ളത്. ന്യൂനപക്ഷ വിഭാഗക്കാരായ ഈ പ്രവാസി തൊഴിലാളികള്‍ക്ക് ഓണ്‍ലൈനായി എന്യൂമറേഷന് ഫോം പൂരിപ്പിച്ചു നല്‍കാനോ നിര്‍ദിഷ്ട പൗരത്വരേഖകള്‍ അപ് ലോഡ് ചെയ്യാനോ കഴിഞ്ഞെന്നുവരില്ല. അവര്‍ വോട്ടര്‍പട്ടികയില്‍ നിന്നു പുറത്താകും. ബിഹാറില്‍ പല ഭാഗങ്ങളിലും പാവപ്പെട്ട ജനങ്ങള്‍ വെള്ളപ്പൊക്കകെടുതിയിലാണിപ്പോള്. അവര്‍ക്ക് ബിഎല്‍ഒമാര്‍ നിര്‍ദേശിക്കുന്ന പ്രകാരം ഫോട്ടോ പതിച്ച് ഫോമും സത്യവാങ്മൂലവും പൂരിപ്പിച്ച് ഒപ്പിട്ടുനല്‍കാനുള്ള സാഹചര്യമുണ്ടാകണമെന്നില്ല.
ഇലക് ഷന് കമ്മിഷന്റെ അധികാരപരിധിയില്‍ വരുന്നതല്ല പൗരത്വനിര്‍ണയം. അനധികൃത കുടിയേറ്റക്കാര്‍ എന്നു മുദ്രകുത്തി ഒരു പ്രത്യേക ന്യൂനപക്ഷ വിഭാഗത്തെ ഭീകരവാദികളെന്നും രാജ്യദ്രോഹികളെന്നും വിളിച്ച് ആക്ഷേപിക്കുന്ന ഭൂരിപക്ഷ ദേശീയതാവാദികള്‍ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കാന്‍ ഉപകരിക്കുന്നതാണ് ‘വിദേശത്തുനിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ’ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ നടത്തുന്ന തന്ത്രപ്രധാനമായ ഈ നടപടി! ബംഗ്ലാദേശികളും ബര്‍മീസും നേപ്പാളികളും ബിഹാറിലെ വോട്ടര്‍പട്ടികയിലുണ്ടെന്ന് പ്രചാരണം നടത്തുന്നവര്‍, അവര്‍ അതിര്ത്തികടന്നെത്തുന്നതു തടയാനാവാത്ത കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വീഴ്ചയെ എങ്ങനെ ന്യായീകരിക്കും?
1987 ജൂലൈ ഒന്നിനു മുന്‍പ് ജനിച്ചവര്‍ അവരുടെ ജനനതീയതിയും ജനിച്ചസ്ഥലവും സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്നാണ് ഇലക് ഷന് കമ്മിഷന്റെ നിര്‍ദേശം.
1987 ജൂലൈ ഒന്നിനും 2004 ഡിസംബര്‍ രണ്ടിനും മധ്യേ ജനിച്ചവര്‍ തങ്ങളുടെ ജനനതീയതിയും ജനിച്ചസ്ഥലവും മാതാപിതാക്കന്മാരില് ഒരാളുടെയെങ്കിലും ജനനതീയതിയുടെയും ജനിച്ചസ്ഥലത്തിന്റെയും രേഖയും ഹാജരാക്കണം. 2004 ഡിസംബര്‍ രണ്ടിനുശേഷം ജനിച്ചവര്‍ തങ്ങളുടെയും തങ്ങളുടെ രണ്ടു മാതാപിതാക്കന്മാരുടെയും രേഖകള്‍ കാണിക്കണം. 2019-ല്‍ അസമിലെ ബിജെപി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ രജിസ്റ്റര്‍ മുഖേന, രേഖകളില്ലാത്ത 19 ലക്ഷം കുടിയേറ്റക്കാരെ പൗരത്വ പട്ടികയില്‍ നിന്നു പുറത്താക്കാന്‍ കഴിഞ്ഞതുപോലെ, ബിഹാറിലെ വോട്ടര്‍പട്ടികയില്‍ നിന്ന് ‘പൗരത്വരേഖയില്ലാത്ത’ എത്ര ലക്ഷം പേരെ നീക്കം ചെയ്യാനാകും! പിന്‍വാതിലിലൂടെ എന്‍ആര്‍സി നടപ്പാക്കുകയാണെന്നും, ബംഗാളിനെ ലക്ഷ്യമാക്കിയാണ് ഈ നീക്കമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി ആരോപിക്കുന്നു.
ബിഎല്‍ഒമാര്‍ക്ക് പരിശീലനം നല്‍കലും, എട്ടു കോടി വോട്ടര്‍മാര്‍ക്ക് രണ്ടു കോപ്പി വീതം നല്‍കാനായി ഭാഗികമായി പൂരിപ്പിച്ച, ഓരോരുത്തര്‍ക്കും പ്രത്യേക ക്യുആര്‍ കോഡുള്ള 16 കോടി എന്യൂമറേഷന് ഫോമിന്റെ അച്ചടിയും ബിഎല്‍ഒമാരുടെ ഭവനസന്ദര്‍ശനവും ത്വരിതഗതിയില്‍ നടക്കുന്നതായി ഔദ്യോഗിക ചാനലുകള്‍ പ്രചാരണം തുടങ്ങിയപ്പോഴേക്കും, പ്രതിപക്ഷം ഉയര്‍ത്തിയ ആശങ്കകള്‍ക്ക് മറുപടിയെന്നോണം, ആറാംനാള്‍ ഇലക് ഷന് കമ്മിഷന് വെബ് സൈറ്റില്‍ ബിഹാറിലെ 4.96 കോടി വോട്ടര്‍മാരുടെ വിവരങ്ങള്‍ അടങ്ങുന്ന 2003 ജനുവരി ഒന്നിലെ വോട്ടര്‍പട്ടിക അപ് ലോഡ് ചെയ്തു.
”സംസ്ഥാനത്തെ 60 ശതമാനം വോട്ടര്‍മാരുടെ പേരുവിവരം 2003-ലെ തീവ്ര പുനരവലോകനത്തിനു വിധേയമായ അവസാനത്തെ വോട്ടര്പട്ടികയിലുള്ളതിനാല് അതിന്റെ പകര്‍പ്പ് മാത്രം കാണിച്ച് എന്യൂമറേഷന് ഫോം പൂരിപ്പിച്ചു നല്കിയാല് മതി, മറ്റു രേഖകളൊന്നും ആവശ്യമില്ല” എന്ന പ്രഖ്യാപനം കമ്മിഷനില്‍ നിന്നുണ്ടായി. ആ വോട്ടര്‍പട്ടികയില്‍ മാതാപിതാക്കന്മാരുടെ പേരുകളുള്ള വോട്ടര്‍മാര്‍ മാതാപിതാക്കന്മാരുടെ രേഖകള്‍ പ്രത്യേകിച്ച് ഹാജരാക്കേണ്ടതില്ല. 2003-ലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാത്ത 37 ശതമാനം വോട്ടര്‍മാര്‍ (2.93 കോടി ആളുകള്‍) മാത്രം തങ്ങളുടെ പൗരത്വം തെളിയിക്കുന്നതിന് മാതാപിതാക്കന്മാരുടേതടക്കം ജനനതീയതിയും ജനനസ്ഥല സര്‍ട്ടിഫിക്കറ്റും മറ്റും ഹാജരാക്കിയാല്‍ മതി എന്നാണ് ഔദ്യോഗിക അറിയിപ്പില്‍ പറഞ്ഞത്.
എന്നാല്‍, 2003-ലെ പട്ടികയിലുണ്ടായിരുന്നവരുടെ സംഖ്യ അതേപടി നിലനില്ക്കുന്നില്ല എന്ന യാഥാര്‍ഥ്യം ദ് ഹിന്ദു ഡേറ്റാ പോയിന്റ് എടുത്തുകാട്ടുന്നുണ്ട്.
2003-ലെ പട്ടികയില്‍ 4.96 കോടി പേരുണ്ടായിരുന്നതില്‍ സാമ്പിള്‍ രജിസ്ട്രേഷന് സിസ്റ്റത്തിലെ റിപ്പോര്‍ട്ട് അനുസരിച്ച് 1.1 കോടി ആളുകള്‍ മരിച്ചിട്ടുണ്ട്; അവരെ വോട്ടര്‍പട്ടികയില്‍ നിന്നു നീക്കം ചെയ്തിട്ടുമുണ്ട്. 2003-2024 കാലയളവില്‍ 1.76 കോടി ആളുകള്‍ ബിഹാറില്‍ നിന്ന് മറ്റിടങ്ങളിലേക്ക് സ്ഥിരമായി കുടിയേറിപ്പോയിട്ടുണ്ട്. വോട്ടിങ് പ്രായം നോക്കിയാല്‍ 94 ലക്ഷം വോട്ടര്‍മാര്‍ കുടിയേറിയതായി കണക്കാക്കാം. മരിച്ചവരെയും കുടിയേറ്റക്കാരെയും മാറ്റിനിര്‍ത്തിയാല്‍, 3.16 കോടി വോട്ടര്‍മാര്‍ക്ക് പൗരത്വരേഖകള്‍ നല്‍കേണ്ടിവരില്ല; 4.74 കോടി വോട്ടര്‍മാര്‍ രേഖകള്‍ ഹാജരാക്കേണ്ടിവരും. സംസ്ഥാനത്ത് ഇപ്പോള്‍ വോട്ടിങ് പ്രായപരിധിയിലുള്ളവര്‍ 8.08 കോടി വരുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകളില്‍ കാണാം. ഇതില്‍ 59% പേര് (4.76 കോടി) 40 വയസോ അതില്‍ താഴെയുള്ളവരോ ആണ്. അവര്‍ ഏതായാലും 2003-ലെ വോട്ടര്പട്ടികയിലുണ്ടാവുകയില്ല.
2003 ജനുവരി ഒന്നിലെ വോട്ടര്‍പട്ടികയില്‍ മാതാപിതാക്കന്മാരുടെ പേരുണ്ടെങ്കില്‍, പാസ്പോര്‍ട്ട്, ജനന സര്‍ട്ടിഫിക്കറ്റ്, എസ് സി – എസ്ടി സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ ഐഡി, പെന്ഷന് പേമെന്റ് ഓര്‍ഡര്‍, സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്, ദേശീയ പൗരത്വ സര്‍ട്ടിഫിക്കറ്റ്, തദ്ദേശ ഭരണസ്ഥാപനങ്ങളുടെ കുടുംബ രജിസ്റ്റര്‍, ഭൂമി പതിച്ചുനല്‍കിയ സര്‍ട്ടിഫിക്കറ്റ് എന്നിങ്ങനെ 11 ഇനം രേഖകളില്‍ ഏതെങ്കിലുമൊന്ന് ഹാജരാക്കിയാല്‍ മതിയാകും എന്ന് കമ്മിഷന് പറയുന്നു.
2023-ലെ നിതി ആയോഗിന്റെ കണക്കുപ്രകാരം ബിഹാറിലെ 88 ശതമാനം ജനങ്ങളും ഗ്രാമപ്രദേശങ്ങളില്‍ വസിക്കുന്നവരാണ്. സാക്ഷരത 61.8 ശതമാനമാണ്. 2001-2005 കാലയളവില്‍ സംസ്ഥാനത്ത് ജനിച്ചവരില്‍ 2.8 ശതമാനം പേര്‍ക്കാണ് ജനന സര്‍ട്ടിഫിക്കറ്റ് ഉള്ളത്. സര്‍ക്കാര്‍ ജോലിയുള്ളവര്‍ 20.47 ലക്ഷം (വോട്ടര്‍മാരില്‍ രണ്ടു ശതമാനം) വരുമെന്ന് 2022-ലെ ജാതി സെന്‍സസില്‍ പറയുന്നു. പാസ്പോര്‍ട്ടുള്ളത് 2.4% പേര്‍ക്കാണ്. കുടുംബ രജിസ്റ്റര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവ ബിഹാറില്‍ ബാധകമല്ല. 2.6 കോടി ആളുകള്‍ ദാരിദ്ര്യം മൂലം സ്കൂള്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരാണ്; അതിനാല്‍ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയുന്നവരും കുറവാണ്. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡി എന്നിവ ഇലക് ഷന് കമ്മിഷന് പൗരത്വരേഖയായി അംഗീകരിക്കുന്നില്ല!
കമ്മിഷന് നിര്‍ദേശിക്കുന്ന രേഖകള്‍ ജൂലൈ 25ന് അകം ഹാജരാക്കാന്‍ കഴിയാത്ത ലക്ഷക്കണക്കിന് ആളുകള്‍ക്ക് വോട്ടവകാശം നഷ്ടപ്പെടും. സെപ്റ്റംബറിനു മുന്‍പ് ഒരു മാസം അപ്പീലിന് സമയം ലഭിക്കുമെങ്കിലും, ഇല്ലാത്ത രേഖകള്‍ ഹാജരാക്കാനാവില്ലല്ലോ. പൗരത്വമില്ലെന്നു തെളിയിക്കപ്പെടുന്നതിനെക്കാള്, വോട്ടു ചെയ്യേണ്ടതില്ല എന്നു തീരുമാനിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം എന്ന് പലരും ചിന്തിക്കാനിടയുണ്ട്. ഗ്രാമപ്രദേശങ്ങളിലെ കംപ്യൂട്ടര്‍ സാക്ഷരത, വൈദ്യുതി ലഭ്യത എന്നിവയെക്കുറിച്ച് ധാരണയുള്ളവര്‍, ഇസിഐ വെബ്സൈറ്റിലും ഇസിഐനെറ്റിലും നിന്ന് എന്യൂമറേഷന് ഫോം ഡൗണ്‍ലോഡ് ചെയ്യുന്നതിനെക്കുറിച്ച് സാധാരണക്കാരോടു പറയുകയില്ല.
മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ സഖ്യത്തില്‍ നിന്ന് ഇറങ്ങിപ്പോയ ബിഹാറിലെ ജെഡിയു മുഖ്യമന്ത്രി നിതീഷ് കുമാര്‍, 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു പോലും മോദിക്കെതിരെ ദേശീയതലത്തില്‍ പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ സഖ്യം കെട്ടിപ്പടുക്കാന്‍ മുന്നില്‍ നിന്നയാളാണ്. ഒടുവില്‍, മോദിയുടെ മൂന്നാമൂഴത്തിന് പിന്തുണയുമായി കേന്ദ്രത്തില്‍ ബിജെപി ഭരണം താങ്ങിനിര്‍ത്തുന്ന പ്രധാന സഖ്യകക്ഷി നേതാക്കളിലൊരാളായി മാറിയ നിതീഷ് കുമാറും ബിജെപിയും ബിഹാറില്‍ കടുത്ത വെല്ലുവിളി നേരിടുമ്പോള്‍, ഇവിഎം യൂണിറ്റുകളെക്കാള്‍ എന്‍ഡിഎയ്ക്ക് തന്ത്രപ്രധാനമാകുന്നത് വോട്ടര്‍പട്ടികയെ എന്‍ആര്‍സിയുമായി ലിങ്ക് ചെയ്യുന്നതാകും.
മഹാരാഷ് ട്രയിലെ വോട്ടര്‍പട്ടികയില്‍ 2024-ലെ തിരഞ്ഞെടുപ്പിന് മുന്‍പായി അഞ്ചുമാസത്തിനിടെ ചില മണ്ഡലങ്ങളിലായി 41 ലക്ഷം വോട്ടര്‍മാരുടെ വര്ധനയുണ്ടായതിനെക്കുറിച്ചും, പോളിങ് ദിനത്തില്‍ അഞ്ചുമണിക്കുശേഷം 12,000 ബൂത്തുകളിലായി 76 ലക്ഷം വോട്ടുകള്‍ പെരുകിയതിനെക്കുറിച്ചും രാഹുല്‍ ഗാന്ധി അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ 2024-ലെ ഡിജിറ്റല്‍, മെഷീന് റീഡബിള്‍ വോട്ടര്‍പട്ടികയോ പോളിങ് ബൂത്തിലെ സിസിടിവി ഫുട്ടേജോ ലഭ്യമല്ലെന്നു വാദിച്ച ഇലക് ഷന് കമ്മിഷന് 2003-ലെ ബിഹാറിലെ വോട്ടര്‍പട്ടിക ഇത്ര സുന്ദരമായി വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്യാന്‍ കഴിയുന്നത് മഹാദ്ഭുതമല്ലേ!