യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായി ഇസ്താംബൂളിൽ വെച്ച് കൂടിക്കാഴ്ച നടത്താൻ തയ്യാറാണെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിര്‍ സെലൻസ്കി.
ഒരു എക്സ് പോസ്റ്റിലൂടെയാണ് സെലൻസ്കി ഇക്കാര്യം അറിയിച്ചത്. “കൂട്ടക്കുരുതു നീട്ടിക്കൊണ്ടുപോകുന്നതിൽ അർത്ഥമില്ല. വ്യാഴാഴ്ച തുർക്കിയിൽ പുടിനായി ഞാൻ കാത്തിരിക്കും. വ്യക്തിപരമായി.”- എന്നായിരുന്നു സെലെൻസ്കിയുടെ പോസ്റ്റ്.എക്സിലെ തന്റെ പോസ്റ്റിൽ, ചർച്ചകൾക്ക് മുമ്പ് റഷ്യ വെടിനിർത്തലിന് സമ്മതിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സെലെൻസ്കി പറഞ്ഞിട്ടുണ്ട്.
തുർക്കിയിൽ വെച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾ നടത്താമെന്ന് പുടിൻ അറിയിച്ചിരുന്നു. ഇതിന് യുക്രെയ്ൻ എത്രയും വേഗം തയ്യാറാകണമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സെലൻസ്കി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്. വെടിനിർത്തൽ നിലവിൽ വന്നതിനുശേഷം മാത്രമേ യുക്രെയ്ൻ റഷ്യയുമായി ചർച്ചകൾക്ക് തയ്യാറാകു എന്നാണ് സെലൻസ്കി മുൻപ് പറഞ്ഞിരുന്നത്.
ശനിയാഴ്ച രാത്രി വൈകി നടത്തിയ പ്രസംഗത്തിൽ, 2022ൽ റഷ്യയുടെ യുക്രെയ്നിലെ പൂർണ്ണ തോതിലുള്ള അധിനിവേശത്തോടെ ആരംഭിച്ച യുദ്ധത്തെക്കുറിച്ചുള്ള “ഗുരുതരമായ ചർച്ചകളിൽ” പങ്കെടുക്കാൻ പുടിൻ യുക്രെയ്നെ ക്ഷണിച്ചിരുന്നു.ചർച്ചകൾ റഷ്യയും യുക്രെയ്നും “ഒരു പുതിയ ഉടമ്പടി” അംഗീകരിക്കുന്നതിലേക്ക് നയിച്ചേക്കാവുന്ന സാധ്യത “തള്ളിക്കളയാൻ കഴിയില്ല” എന്ന് പുടിൻ പറഞ്ഞു.