ഡെല്‍റ്റസ് തെക്കെആലുങ്കല്‍, റോമില്‍ നിന്ന്
ഉയിര്‍പ്പു തിരുനാളിന്റെ പിറ്റേന്ന് മാലാഖയുടെ തിരുനാള്‍ എന്ന പേരില്‍ വത്തിക്കാനിലും ഇറ്റലി മുഴുവനും പൊതുഅവധിയായിരുന്നു. അതിനാല്‍ രാവിലെ കുറച്ചുനേരം കൂടുതല്‍ ഉറങ്ങാം എന്ന കണക്കുകൂട്ടിത്തന്നെയാണ് ഞാന്‍ കിടന്നത്. നാട്ടില്‍ നിന്ന് പാപ്പാ മരിച്ചു എന്ന വാര്‍ത്തയുടെ സത്യാവസ്ഥ തിരക്കിയുള്ള വിളിയാണ് എന്നെ വാര്‍ത്ത നോക്കാന്‍ പ്രേരിപ്പിച്ചത്. വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല. ഈസ്റ്ററിന്റെ അന്ന് ഉച്ചയ്ക്ക് ഊര്‍ബി എത് ഓര്‍ബി ആശീര്‍വാദം നല്കി ലോകത്തെയും റോമാ നഗരത്തെയും അനുഗ്രഹിച്ച് വിശ്വാസികളുടെ ഇടയിലൂടെ പാപ്പാമൊബൈലില്‍ സഞ്ചരിച്ചു നീങ്ങിയ പാപ്പായുടെ അസുഖം ഭേദമായി വരുന്നല്ലോ എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ്, ഇതുവരെ തന്ന എല്ലാ ആശ്ചര്യങ്ങളെയും അതിശയിക്കുംവിധം ഫ്രാന്‍സിസ് പാപ്പാ പിതൃഭവനത്തിലേക്ക് മടങ്ങിയത്.
ഊര്‍ബി എത് ഓര്‍ബി ആശീര്‍വാദത്തില്‍ പങ്കെടുക്കുന്നവര്‍ക്കും അത് മാധ്യമങ്ങളിലൂടെ ദര്‍ശിക്കുന്നവര്‍ക്കും പൂര്ണദണ്ഡവിമോചനമാണുള്ളത്. അങ്ങനെ തന്റെ അവസാന ആശീര്‍വാദത്തിലൂടെ ലോകത്തിനു മുഴുവന്‍ ദൈവകരുണയുടെ പൂര്ണദണ്ഡവിമോചനം നല്കി, താന്‍ ഏറെ സ്നേഹിച്ച തന്റെ അജഗണത്തിന്റെ മധ്യത്തിലൂടെ ചികില്‍സയാല്‍ കനം വച്ച കൈകള്‍ വീശി എല്ലാവര്ക്കും ഉത്ഥാനാശംസകള് നേര്‍ന്ന് സ്നേഹസമ്പന്നനായ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ മടങ്ങി. എന്തൊരു ഭാഗ്യമുള്ള മരണം!
റോമിന്റെ മെത്രാനെന്നാണ് അറിയപ്പെടുന്നതെങ്കിലും ആഗോളകത്തോലിക്ക സഭയുടെ പിതാവായിരുന്ന ഫ്രാന്‍സിസ് പാപ്പായുടെ ഉള്ളില്‍ ആരും അന്യരായിരുന്നില്ല എന്നതിന്റെ മറ്റൊരു തെളിവായിരുന്നു ഊര്‍ബി എത് ഓര്‍ബി (നഗരത്തിനും ലോകത്തിനും) എന്ന മുഴുവന്‍ ലോകത്തിനായും നല്കുന്ന പാപ്പാമാരുടെ ആശീര്‍വാദം തന്റെ വിടവാങ്ങലിന്റെ അടയാളമാക്കിയത്. സൃഷ്ടലോകത്തെ മുഴുവന്‍ പുണര്‍ന്നുകൊണ്ടുള്ള വിടവാങ്ങല്‍!
ശ്വാസകോശ സംബന്ധമായ ഗുരുതര രോഗം ബാധിച്ച് 38 ദിവസം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ് തിരിച്ചെത്തിയ പാപ്പാ തന്റെ അവസാന ആശീര്‍വാദത്തിനു മുന്‍പു സഹായിയെക്കൊണ്ട് വായിപ്പിച്ച ആ സന്ദേശം മനസ്സിരുത്തി ശ്രവിച്ചാല്‍ പാപ്പായുടെ നൊമ്പരങ്ങളുടെ ആഗോള സ്വഭാവം നമുക്ക് അടുത്തറിയാന്‍ കഴിയും.
പ്രത്യാശ നഷ്ടപ്പെടാവുന്ന ഒരു നൂറായിരം പ്രശ്നങ്ങളില്‍ ഭൂലോകം നട്ടം തിരിയുമ്പോള്‍ കര്‍ത്താവിന്റെ ഉത്ഥാനമാണ് നമ്മുടെ പ്രത്യാശയുടെ അടിത്തറയെന്നും അത് തന്ത്രപൂര്‍വ്വമുള്ള ഒരു ഒഴിഞ്ഞുമാറലല്ല, മറിച്ച് ഒരു വെല്ലുവിളിയാണെന്നും അടിവരയിട്ടുകൊണ്ടാണ് ആ സന്ദേശം ആരംഭിച്ചത്. ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും മരിക്കാനും കൊല്ലാനും എന്തൊരു ദാഹമാണ് കാണുന്നതെന്ന് അദ്ഭുതപ്പെടുന്ന ഫ്രാന്‍സിസ് പാപ്പാ, മരിക്കാനായല്ല ജീവിക്കാനായാണ് നമ്മള് സൃഷ്ടിക്കപ്പെട്ടതെന്ന് അതില്‍ ഊന്നിപ്പറഞ്ഞു. പാലസ്തീന, ഇസ്രയേല്‍, യുക്രെയ്ന്, റഷ്യ, യെമന്‍, ആഫ്രിക്ക, മ്യാന്മര് തുടങ്ങി ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള സംഘര്‍ഷങ്ങള്‍വരെ ചൂണ്ടിക്കാണിച്ചുകൊണ്ട് താന്‍ പല പ്രാവശ്യം ആവര്‍ത്തിച്ചിട്ടുള്ള ‘കഷണം കഷണമായുള്ള ലോകമഹായുദ്ധ’ പരിസരം വിഷയമാക്കി, നിരായുധീകരണമില്ലാതെ സമാധാനം ഉണ്ടാവില്ല എന്ന സത്യം വിളിച്ചുപറഞ്ഞു. അങ്ങനെ ആയുധ നിര്‍മ്മാണവും അതിന്റെ വ്യാപാരവും കൊണ്ടുണ്ടാക്കുന്ന ലാഭം സ്വയം കുഴിതോണ്ടലാണെന്ന കാര്യം പരിശുദ്ധ പിതാവ് വീണ്ടും ഓര്‍മ്മിപ്പിക്കുകയായിരുന്നു.
എല്ലാ തിന്മകളുടെയും ഉറവിടം പണത്തോടുള്ള മനുഷ്യന്റെ ആര്‍ത്തിയാണെന്നു ചൂണ്ടിക്കാട്ടി പാപ്പാ, പണം ഉപകരിക്കണം, എന്നാല്‍ അതാവരുത് നമ്മെ ഭരിക്കേണ്ടത് എന്ന് എത്രയോ വട്ടം നമുക്കു താക്കീതു നല്‍കിയിട്ടുണ്ട്. എല്ലാം വില്‍ക്കുകയും വാങ്ങുകയും ചെയ്യാന്‍ സമ്പാദ്യം നല്കുന്ന പ്രലോഭനത്തിനു വഴങ്ങുമ്പോള്‍ പണമെന്ന ‘വിഗ്രഹത്തെ’ ആരാധിക്കുന്നവരായി നാം മാറുകയാണെന്ന് പാപ്പാ പറഞ്ഞിട്ടുള്ളതും മറക്കാന്‍ പാടില്ല.
യുദ്ധം ഒരു മൂഢത്വമാണെന്നും അത് മനുഷ്യന്റെ തോല്‍വിയാണെന്നും എത്രയോ വട്ടം അദ്ദേഹം ആവര്‍ത്തിച്ചിട്ടുണ്ട്! ഓരോ യുദ്ധവും അതു തുടങ്ങിയ അവസ്ഥയില്‍ നിന്നു പരിതാപകരമായ പിന്നാക്കാവസ്ഥയിലേക്കാണ് ലോകത്തെ കൊണ്ടുചെന്നെത്തിക്കുക എന്നതും അത് നമ്മുടെ രാഷ്ട്രീയത്തിന്റെയും മാനുഷികതയുടെയും പരാജയമാണെന്നും ഉറക്കെ വിളിച്ചുപറഞ്ഞ ശബ്ദം ഫ്രാന്‍സിസ് പാപ്പായുടേതു മാത്രമായിരുന്നു.
ദൈവത്തിന്റെ ബലഹീനതയായ കരുണയിലായിരുന്നു ആ ജീവിതത്തിന്റെ നിക്ഷേപം. രാജാക്കന്മാരുടെ പരിചയായി ഉയര്‍ത്തിക്കാട്ടിയിരുന്ന ഒന്നാണ് സ്ഥാനികമുദ്ര (കോട്ട് ഓഫ് ആംസ്). ധരിക്കുന്നവന്റെ പാരമ്പര്യം വെളിപ്പെടുത്താന്‍ ഉപയോഗിക്കുന്ന ചിഹ്നമാണത്. ചരിത്രം അത് പാപ്പാമാര്ക്കും സമ്മാനിച്ചു. ഫ്രാന്‍സിസ് പാപ്പായുടെ ചിഹ്നം ശ്രദ്ധിച്ചാല്‍ ഒരു കാര്യം നമുക്കു പിടികിട്ടും. അതില്‍ എഴുതിയിട്ടുള്ള വാക്യം ‘MISERANDO ATQUE ELIGENDO’ എന്നാണ്. HAVING MERCY AND HAVING CHOSEN. കരുണയോടെ തിരഞ്ഞെടുക്കപ്പെട്ടത് എന്നതാണതിന്റെ അര്‍ത്ഥം. വിശുദ്ധ മത്തായിയുടെ തിരുനാളിനുള്ള വായനകളെ വിചിന്തനമാക്കുന്ന വിശുദ്ധ ബീഡിന്റെ പ്രസംഗത്തില്‍ നിന്നുള്ള വരികളാണവ. ആ വാക്യമാണ് ഫ്രാന്‍സിസ് പാപ്പായുടെ ചിഹ്നത്തില്‍. പാപ്പായായി തിരഞ്ഞെടുത്തപ്പോള്‍ കണ്ടുപിടിച്ചെഴുതിയതല്ല. പതിനേഴു വയസ്സുള്ളപ്പോള്‍ നടത്തിയ ഒരു കുമ്പസാരം ജീവിതം മാറ്റിമറിച്ച നാളുമുതല്‍ കൂടെ കൊണ്ടുനടന്ന വാക്യമാണത്. മെത്രാനായപ്പോള്‍ തന്റെ ചിഹ്നത്തില്‍ ആലേഖനം ചെയ്ത ആ വാക്യം അതേപോലെ തന്നെ പാപ്പായുടെ ചിഹ്നത്തിലും നിലനിര്‍ത്തുകയായിരുന്നു. സ്ഥാനമാനങ്ങളില്‍ നിറം മാറാത്ത സ്വഭാവ പുണ്യം. MISERANDO ATQUE ELIGENDO, അവന്റെ കരുണയിലാണ് താന്‍ സേവനത്തിനായി തിരഞ്ഞെടുക്കപ്പെട്ടതെന്ന വിശ്വാസം.
ദൈവത്തിന്റെ കരുണയില്‍ നിക്ഷേപം നടത്തിയ പാപ്പയ്ക്ക് കരുണയുടെ ഒരു ജൂബിലി വര്‍ഷം പ്രഖ്യാപിക്കാന്‍ കൂടുതല്‍ ചിന്തിക്കേണ്ടി വന്നില്ല. ‘എല്ലാം എല്ലാം എല്ലാം’ ക്ഷമിക്കുന്നതാണ് ദൈവത്തിന്റെ കരുണയും സ്നേഹവുമെന്ന് സകലരെയുമറിയിക്കാന് കരുണയുടെ മിഷനറിമാരായി സകല പാപങ്ങളും പൊറുക്കാന്‍ അധികാരം നല്കി കുമ്പസാരക്കാരെ തയ്യാറാക്കിയാണ് കരുണയുടെ ജൂബിലിവര്‍ഷം കൊണ്ടാടിയത്. റോമിലെ പേപ്പല്‍ ബസിലിക്കകളില്‍ മാത്രമല്ല ലോകം മുഴുവനും കരുണയുടെ കവാടങ്ങള്‍ മലര്‍ക്കെ തുറന്നിട്ട ജൂബിലി വര്‍ഷത്തിനു തുടക്കം കുറിച്ചത്, വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ പ്രൗഢഗംഭീരമായ വിശുദ്ധകവാടം തുറന്നല്ല, മറിച്ച് അതിരുകള്‍ കടന്ന് സെന്‍ട്രല്‍ ആഫ്രിക്കയിലെ ബാങ്ഗുയിലെ കത്തീഡ്രല്‍ വാതില്‍ തുറന്നുകൊണ്ടായിരുന്നു എന്നത് പാരമ്പര്യത്തില്‍ നിന്നുള്ള വ്യതിചലനമാകാം. എന്നാല്‍ അത് ഒരു പ്രതീകാത്മക നടപടി തന്നെയായിരുന്നു.
കരുണയുടെ താക്കോല്‍ കൊണ്ടുവേണം ഫ്രാന്‍സിസ് പാപ്പായുടെ ജീവിതത്തെയും പ്രവൃത്തികളെയും പ്രബോധനങ്ങളെയും മനസ്സിലാക്കാന്‍. ഇവിടെ നിന്നാണ് എല്ലാ അനീതികള്‍ക്കെതിരെയുമുള്ള അദ്ദേഹത്തിന്റെ സകല പ്രഖ്യാപനങ്ങളും.
മനുഷ്യന് മനുഷ്യനുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ പണവും അധികാരവും നല്കുന്ന ശക്തി സമത്വസാഹോദര്യ സംവിധാനം സ്ഥാപിക്കാനുള്ള സേവനമായി കാണാതെ സമാധാനം പുലരില്ല എന്ന തെളിച്ചമാണ് ആയുധം കൊണ്ട് ‘സമാധാനപരിപാലനം’ നടത്തുന്ന തന്ത്രങ്ങളെ നാണിപ്പിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ നായകത്വം. അതുകൊണ്ടുതന്നെയാണ് ഉച്ചനീചത്വം സൃഷ്ടിക്കുകയും നീതിയെ പാര്‍ശ്വവത്കരിക്കുകയും പട്ടിണിക്കിടുകയും ചെയ്യുന്ന ഇന്നത്തെ സാമ്പത്തിക സംവിധാനങ്ങളെയും പലവട്ടം പാപ്പാ അപലപിച്ചത്.
സാമ്പത്തിക ലാഭവും ശുക്രലാഭവും മാത്രം ലക്ഷ്യം വച്ച് ഭൂമിയെയും പരിസ്ഥിതിയെയും മാത്രമല്ല, മനുഷ്യസഹോദരരെപ്പോലും ചൂഷണം ചെയ്തുണ്ടാക്കുന്ന കൊള്ളകള്‍ നാശത്തിലേക്കുള്ള വഴിവെട്ടലാണെന്ന് ‘ലൗദാത്തോ സി’യില്‍ പറഞ്ഞുവയ്ക്കുമ്പോള്‍ ഒരേ പിതാവിന്റെ മക്കളെന്ന നിലയില്‍ നിറമോ മതമോ ഭാഷയോ ഭൂഖണ്ഡമോ തീര്‍ക്കുന്ന മതിലുകളെ തകര്‍ത്ത് സര്‍വ്വരും സഹോദരരാണെന്ന സത്യത്തിന്റെ പാഠമാണ് ‘ഫ്രത്തേല്ലി തൂത്തി’യില്‍.
കുടുംബബന്ധങ്ങളുടെ അടിത്തറ തകരുമ്പോള്‍ ‘നിസ്സംഗതയുടെ ആഗോളീകരണം’ സ്വന്തം തറവാട്ടിലാരംഭിക്കും എന്ന സത്യം മനസ്സിലാക്കിയാണ് ഫ്രാന്‍സിസ് പാപ്പാ, ‘വലിച്ചെറിയല്‍ സംസ്കാരത്തെ’ അപലപിച്ചത്. പ്രായമായവരെയും രോഗികളെയും കുഞ്ഞുങ്ങളെയും സാമ്പത്തിക ബാധ്യതയായി കണക്കാക്കുന്നതില്‍ വൈക്ലബ്യമില്ലാത്ത സമ്പദ് വ്യവസ്ഥയില്‍ ഗര്‍ഭഛിദ്രവും ബാലവേലയും ദയാവധവും ദിനചര്യയാവും. ഇതുപോലും ഒരു ശുശ്രൂഷയാക്കി, അതില്‍നിന്നു ലാഭം കൊയ്യാന്‍ വികലമായ സാമ്പത്തികശാസ്ത്രങ്ങളുടെ സര്വ്വകലാശാലകളുയരും. ഹൃദയം നഷ്ടപ്പെട്ട മനുഷ്യനെ വീണ്ടും ഹൃദയത്തിലേക്ക് തിരിച്ചെത്തിക്കുന്നതാണ് പാപ്പാ എഴുതിയ ‘ദിലെക്സിസ് നോസ്.’ മനുഷ്യത്വത്തെ ഹനിക്കുന്ന സ്വാര്‍ത്ഥതയുടെയും സാങ്കേതികവിദ്യകളുടെയും അതിപ്രസരത്തില്‍ നിന്ന് സമാധാനത്തിലേക്കും ഐക്യത്തിലേക്കും അനുരഞ്ജനത്തിലേക്കുമുള്ള വഴിയായി ഹൃദയത്തെ കണ്ടെത്താനാണ് ദിലെക്സിസ് നോസില്‍ പാപ്പായുടെ ക്ഷണം.
മതിലുകള്‍ തകര്‍ത്തെറിഞ്ഞ് നമ്മുടെ വ്യത്യസ്തതകള്ക്കുമേലെ വിശാലമായ ഒരു വീക്ഷണചക്രവാളം പുണരാന്‍ പാലം പണിയേണ്ടതിന്റെ അടിയന്തരസ്ഥിതി അടിവരയിടുന്നതായിരുന്നു ഫ്രാന്‍സിസ് പാപ്പായുടെ കാതോലികത. അതുവരെ വിലപ്പെട്ടതായി കണ്ടതെല്ലാം ഒന്നുമല്ലെന്നു തിരച്ചറിഞ്ഞ് വിറങ്ങലിച്ച്, കോവിഡ് അടച്ചുപൂട്ടിയിട്ട നാളുകളില്‍ തനിച്ചൊരു രാത്രി വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ നിന്ന് പാപ്പാ ലോകത്തെ ആശീര്വദിക്കുമ്പോള് ഒരു സത്യം വിളിച്ചു പറഞ്ഞു: ”ആരും തനിച്ച് രക്ഷപെടുന്നില്ല; WE ARE ALL IN THE SAME BOAT.” ഉള്ളവനും ഇല്ലാത്തവനും, കറുത്തവനും വെളുത്തവനും, വിശ്വാസിയും അവിശ്വാസിയും ഒരേ വഞ്ചിയില്‍.
ദൈവരാജ്യം എന്നത് മനുഷ്യന്റെ അസ്തിത്വപരമായ പരിധികള്‍ക്കപ്പുറത്തേക്കു പകരുന്ന പ്രത്യാശയാണെന്നാണ് ഫ്രാന്‍സിസ് പാപ്പായുടെ മതം. ദൈവത്തിന്റെ കരുണയില്‍ നിക്ഷേപം നടത്തിയ തന്റെ ആത്മകഥയ്ക്ക് ‘പ്രത്യാശ’ എന്ന പേരല്ലാതെ മറ്റെന്താണ് പാപ്പായ്ക്ക് നല്കാന് കഴിയുക! പ്രത്യാശയെ ഇനിയും മനസ്സിലാക്കാത്തവര്‍ക്കും, നഷ്ടപ്പെട്ടവര്‍ക്കും, അത് പകര്ന്നുനല്കാന് മതിലുകള്‍ തീര്‍ക്കുന്ന ‘പരിധി’കള്‍ക്ക് പുറത്തേക്ക് യാത്ര ചെയ്യാന്‍ സഭയെയും ലോകത്തെയും ആഹ്വാനം ചെയ്യാന്‍ ആധുനിക ലോകത്തില്‍ ദൈവമവതരിപ്പിച്ച ഒരു പ്രവാചകശബ്ദമായിരുന്നു ഫ്രാന്‍സിസ് പാപ്പാ.
അദ്ദേഹം രാഷ്ട്രീയം കളിക്കുകയാണെന്ന് ചിലരെങ്കിലും പരോക്ഷമായി ആരോപിച്ചിട്ടുണ്ട്. ശരിയാണ്, അതില്‍ ഒരു രാഷ്ട്രീയം ഒളിഞ്ഞിരിക്കുന്നുണ്ട്. ആയുധങ്ങള്‍ കൊണ്ട് അവസാന വാക്കു പറയാന്‍ ഉദ്ദേശിക്കുന്ന എല്ലാത്തരം രാഷ്ട്രീയങ്ങള്‍ക്കുമപ്പുറം, മതിലുകള്‍ തീര്‍ത്ത് സുരക്ഷിത്വം ഉറപ്പാക്കുന്ന മൗഢ്യത്തിനുമപ്പുറം, ഭൂമിയെപ്പോലും ചൂഷണം ചെയ്യുന്ന മനുഷ്യന്റെ ആര്ത്തിക്കുമപ്പുറം, ഇന്നത്തെ ഭൗമിക രാഷ്ട്രീയ (GEOPOLITICS) പ്രവണതകള്ക്കുമപ്പുറം, ഇവയ്ക്കെല്ലാം മൂലകാരണമാകുന്ന, മനുഷ്യനെ വിലയില്ലാത്ത ചരക്കാക്കുന്ന, എല്ലാ സാമ്പത്തിക രാഷ്ട്രീയ തന്ത്രങ്ങള്‍ക്കുമപ്പുറം, മനുഷ്യജീവന്റെ അമൂല്യത തിരിച്ചറിഞ്ഞ ഒരു രാഷ്ട്രീയം തീര്‍ച്ചയായുമുണ്ട്. ‘നീതിയും സമാധാനവും പരിശുദ്ധാത്മവിലുള്ള സന്തോഷവു’മെന്ന് വിശുദ്ധ പൗലോസപ്പോസ്തലന്‍ സൂചിപ്പിച്ച ദൈവരാജ്യത്തിന്റെ രാഷ്ട്രീയം. നീ നിന്റെ സഹോദരന്റെ കാവല്ക്കാരനാകുന്ന കരുതലിന്റെ രാഷ്ട്രീയം. ആ കരുതലിന്റെ കുടക്കീഴില് നിന്ന് പാപ്പാ ആരെയും മാറ്റി നിറുത്തിയില്ല. ‘TUTTI, TUTTI, TUTTI’ (എല്ലാവരും, എല്ലാവരും, എല്ലാവരും). ഈ കരുതല്‍, അതാണ് ഫ്രാന്‍സിസ് പാപ്പായുടെ പുണ്യവും പാപവും.
ഫ്രാന്‍സിസ് പാപ്പാ സഭയുടെ വിശ്വാസ സത്യങ്ങളെ തകര്‍ത്തെന്നും മാര്‍ക്സിസ്റ്റാണെന്നും ഒക്കെ ആരോപിച്ചവരുമുണ്ട്. ദൈവവുമായി സകലരെയും അനുരഞ്ജിപ്പിക്കാന്‍ കൂദാശയാകേണ്ട സഭ നിയമങ്ങളും ചട്ടങ്ങളുംകൊണ്ട് ദൈവത്തിലേക്കുള്ള വഴി അടക്കാതിരിക്കാന്‍, സന്മനസോടെ ദൈവത്തെ അന്വേഷിക്കുന്ന ഏതൊരാളെയും ”വിധിക്കാന്‍ ഞാന്‍ ആരാണ്” എന്ന ഫ്രാന്‍സിസ് പാപ്പായുടെ ചോദ്യത്തില്‍ മഗ്ദലന മറിയത്തിനും ചുങ്കക്കാരനും സക്കേവൂസിനും കരുണയുടെ വിരുന്നുവിളമ്പിയ ക്രിസ്തുവിന്റെ വികാരിയുടെ മനോഭാവം തെറ്റിദ്ധരിച്ചവര്‍ക്ക് യേശുവിനെ തന്നെ അറിയില്ല എന്നതല്ലേ വാസ്തവം? ദൈവത്തിന്റെ കരുണയുടെ മുന്നിലെ യോഗ്യത മനുഷ്യരുടെ കണ്ണിലെ ‘അയോഗ്യത’കളാണെന്ന വിശ്വാസരഹസ്യം ലളിതമായ ഭാഷയില്‍ വിവരിച്ച് മാനവന്റെ ഉത്ഥാനത്തിന്റെ വിത്തായി വിതച്ച് പ്രത്യാശ കൊയ്തതിലാണോ ഫ്രാന്‍സിസ് പാപ്പായുടെ പാഷണ്ഡത?
ദൈവം മനുഷ്യനു രക്ഷ നല്‍കിയത് മനുഷ്യരുടെ ഇടയില്‍ മനുഷ്യനായിക്കൊണ്ടാണെങ്കില്, മനുഷ്യന് കൂടുതല്‍ കൂടുതല്‍ മനുഷ്യനാകുക എന്നതാണ് രക്ഷാകര പദ്ധതി. അങ്ങനെയേ അവന് രക്ഷകനായ ക്രിസ്തുവിനെപ്പോലെയാകൂ – ആകാശത്തിലെ പറവകളെയും വയലിലെ ലില്ലിയെയും കരുതലിന്റെ കരങ്ങളില്‍ കരുണയോടെ പരിപാലിക്കുന്നവനെപോലെ – പാപിനിയെയും പാര്ശ്വവത്കരിക്കപ്പെട്ടവനെയും ചേര്‍ത്തുനിര്‍ത്തിയ രക്ഷകനെപ്പോലെ – പരസ്പരം കരുതാനും, സഹോദരനു കാവല്ക്കാരനാവാനും കഴിയുമ്പോഴേ ‘കാത്തുപരിപാലിക്കുക’ എന്ന ആദ്യകല്പന സാര്‍വ്വസാഹോദര്യത്തിന്റെ ശ്രുതിയാവൂ. ആ ശ്രുതിയില്‍ നമുക്കും പാടാന്‍ കഴിയണം, ഫ്രാന്‍സിസ് പാപ്പാ ഏറ്റെടുത്ത ഫ്രാന്‍സിസ് അസ്സീസിയുടെ ഗാനം, LAUDATO SI: സൂര്യനും ചന്ദ്രനും പക്ഷിമൃഗാദികളും സഹോദരീസഹോദരരായി സ്രഷ്ടാവിന് പാടുന്ന സ്തുതിഗീതം. കരുണയില്‍ നിക്ഷേപിച്ച് കരുണ സമ്പാദ്യമാക്കി, കരുണ വിതരണം ചെയ്ത ഫ്രാന്‍സിസ് പാപ്പായ്ക്ക് ശുഭയാത്ര.