കോഴിക്കോട്: മുനമ്പം ഭൂമി തർക്കത്തിൽ വഴിത്തിരിവ് . കേസിൽ നിലപാട് മാറ്റിയിരിക്കുകയാണ്, ഭൂമി വഖഫ് ചെയ്ത സിദ്ദിഖ് സേഠിന്റെ ചെറുമക്കൾ. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നാണ് സിദ്ദിഖ് സേഠിന്റെ ചെറുമക്കളുടെ അഭിഭാഷകൻ വഖഫ് ട്രൈബ്യൂണലിനെ അറിയിച്ചത്. മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരിച്ചെടുക്കണമെന്നും വഖഫ് ബോർഡിൽ ഹർജി നൽകിയ സുബൈദയുടെ മക്കളാണ് നിലപാട് മാറ്റിയത്. ഭൂമി വഖഫല്ലെന്ന് ഫാറൂഖ് കോളജിന് വേണ്ടി ഹാജരായ അഭിഭാഷകരും ട്രൈബ്യൂണലിന് മുൻപാകെ വാദിച്ചു.
ഹര്‍ജിക്കാരായ ഫാറൂഖ് കോളജിന്റെയും എതിര്‍കക്ഷികളുടെയും വാദംകേട്ട ട്രൈബ്യൂണല്‍, കൂടുതല്‍ വാദംകേള്‍ക്കാന്‍ കേസ് ബുധനാഴ്ചത്തേക്ക് മാറ്റി. മുനമ്പം ഭൂമി വഖഫാണോ അതോ ഫാറൂഖ് കോളജിന് സ്ഥലമുടമകള്‍ ഉപഹാരം എന്നനിലയില്‍ നല്കിയതാണോ എന്നകാര്യത്തില്‍ വ്യക്തത വരുത്തുന്നതിനായാണ് ട്രൈബ്യൂണല്‍ വാദംകേള്‍ക്കുന്നത്.
ഈ നിലപാട് മാറ്റം ഫാറൂഖ് കോളജിനും മുനമ്പം നിവാസികൾക്കും സഹായകമാകും എന്നാണ് നിരീക്ഷിക്കപ്പെടുന്നത് . ഇതുവരെയുള്ള നടപടികളിൽ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന നിലപാട് സ്വീകരിച്ചവർ അതിൽ നിന്ന് മാറിയതിനെ ട്രൈബ്യൂണൽ എങ്ങനെ കാണും എന്നത് സുപ്രധാനമാണ്.
ഭൂമി ഫാറൂഖ് കോളജിന് രജിസ്റ്റർ ചെയ്തുനൽകിയപ്പോൾ ഭൂമിയുടെ ക്രയവിക്രയം പൂർണമായും നൽകിയതായി പരാമർശമുണ്ട്. മാത്രമല്ല, ശേഷിച്ച ഭൂമി ഉടമസ്ഥർക്ക് തിരികെ ലഭ്യമാക്കാനും വ്യവസ്ഥയുണ്ടായിരുന്നു. അതിനാൽ ഈ പരാമർശങ്ങൾ ഭൂമി വഖഫ് അല്ലെന്നതിന് തെളിവാണെന്നായിരുന്നു സുബൈദയുടെ മക്കളുടെ അഭിഭാഷകന്റെ വാദം. സിദ്ദിഖ് സേഠിന്റെ രണ്ടുമക്കൾ മുനമ്പത്തെ ഭൂമി വഖഫാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.
വഖഫ് ആധാരത്തിൽ രണ്ടുതവണ വഖഫ് എന്ന് പരാമർശിച്ചതും ദൈവനാമത്തിൽ ആത്മശാന്തിക്കായി സമർപ്പിക്കുന്നതായി പറഞ്ഞതും ഉന്നയിച്ച് ഭൂമി വഖഫ് തന്നെയാണെന്നായിരുന്നു വഖഫ് ബോർഡ് കഴിഞ്ഞദിവസം വാദിച്ചത്. എന്നാൽ, ക്രയവിക്രയ സ്വാതന്ത്ര്യവും തിരിച്ചെടുക്കാനുള്ള നിബന്ധനയും ഉള്ളതിനാൽ ഭൂമിയെ വഖഫായി പരിഗണിക്കാനാവില്ലെന്ന് ഫാറൂഖ് കോളജിനായി ഹാജരായ അഭിഭാഷകർ വാദിച്ചു. ഫാറൂഖ് കോളജ് മത-ജീവകാരുണ്യസ്ഥാപനമല്ലാത്തതിനാൽ ഭൂമി നൽകിയതിനെ വഖഫായി പരിഗണിക്കാനാവില്ലെന്നായിരുന്നു മുനമ്പം നിവാസികളുടെ വാദം.