ലഖ്നൗ: മഹാ കുംഭമേളയില്‍ മൗനി അമാവാസി ചടങ്ങുകൾക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 14 പേര് മരിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 50-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അപകടം.
കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും പുലർച്ചെയോടെ വലിയ ജനത്തിരക്ക് ഉണ്ടായിരുന്നു. മൗനി അമാവാസി ദിവസത്തിലെ അമൃത സ്നാന ചടങ്ങിൽ പങ്കെടുക്കാൻ ഭക്തർ ഒഴുകിയെത്തിയിരുന്നു. തിരക്ക് കൂടിയതോടെ പൊലീസ് ബാരിക്കേഡ് തകർന്നു. ഇതോടെ തിക്കും തിരക്കും നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ പലരും നിലത്ത് വീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സ്നാനം നിർത്തിവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഫോണിലൂടെ സംസാരിച്ച് സാഹചര്യം വിലയിരുത്തി. അതേസമയം പരിക്കേറ്റവരുടെ കൃത്യമായ എണ്ണം ഔദ്യോഗികമായി ഇപ്പോള്‍ പറയാൻ സാധിക്കില്ലെന്ന് മേളയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ ആകാംക്ഷ റാണ പറഞ്ഞു.
സംഭവത്തെ തുടർന്ന് കൂടുതൽ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. ത്രിവേണി സംഗമത്തിന് ചുറ്റും ഏകദേശം 17കിലോ മീറ്ററോളം ഭക്തർ തടിച്ചുകൂടിയിരുന്നു.