വാഷിംഗ്ടണ്‍: ഡൊണാൾഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 2020ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും 2024 നവംബറിൽ ഗംഭീര തിരിച്ചുവരവാണ് ട്രംപ് നടത്തിയത്. കൈക്കൂലി കേസിൽ കുറ്റക്കാരനാണെന്ന് ന്യൂയോർക്ക് കോടതി വിധിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് ശിക്ഷ ഒഴിവായത്.
സ്ഥാനാരോഹണ ചടങ്ങിൽ, ട്രംപും നിയുക്ത വൈസ് പ്രസിഡന്റ് ജെഡി വാന്‍സും ബൈബിളില്‍ കൈവെച്ച് സത്യപ്രതിജ്ഞ ചെയ്യും. 2017-ല്‍ തന്റെ ആദ്യ സ്ഥാനാരോഹണ വേളയില്‍, 1861-ല്‍ എബ്രഹാം ലിങ്കണ് ഉപയോഗിച്ച അതേ ബൈബിളിലാണ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്. അന്തരിച്ച അമ്മ മേരി ആനി മക്ലിയോഡ് ട്രംപ് സമ്മാനിച്ച രണ്ടാമത്തെ ബൈബിളും അദ്ദേഹം ഉപയോഗിച്ചു.
സത്യപ്രതിജ്ഞ ചെയ്യുന്നതിൻ്റെ തലേന്ന് വാഷിംഗ്ടണ്‍ ഡിസിയില്‍ നടത്തിയ വിജയാഘോഷ റാലിയിൽ ചുമതലയേറ്റ് ആദ്യ ദിവസം തന്നെ നിരവധി എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവെക്കുമെന്ന് ട്രംപ് പറഞ്ഞു. 200-ലധികം എക്സിക്യൂട്ടീവ് നടപടികള്‍ ട്രംപ് തിങ്കളാഴ്ച പുറപ്പെടുവിച്ചേക്കും. ഏകദേശം 20,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വാഷിംഗ്ടണ്‍ ഡിസിയിലെ ക്യാപിറ്റല്‍ വണ്‍ അരീനയിലാണ് റാലി നടന്നത്. പ്രസിഡൻ്റ് വേളയിൽ അദ്ദേഹത്തിൻ്റെ വലംകൈയായി വ്യവസായി ഇലോൺ മസ്കുണ്ടാകും.