രതീഷ് ഭജനമഠം
തമിഴ് സംഗീതനാടകം മലയാളക്കരയിലും അരങ്ങു വാണിരുന്ന കാലത്ത്, കര്‍ണാടകസംഗീത ആലാപനമികവും ഹാര്‍മോണിയം എന്ന കിന്നരപ്പെട്ടി വാദനത്തിലെ പ്രാഗത്ഭ്യവുംകൊണ്ട് തമിഴ്നാട്ടിലും സംഗീതനാടകപ്രേമികളുടെ ഹൃദയം കവര്‍ന്ന ഗായകനും ‘സ്പെഷല്‍ ഹാര്‍മോണിസ്റ്റുമായ’ കെ.കെ. ഭാഗവതര്‍, വി.എസ് ആന്‍ഡ്രൂസ് തമിഴില്‍ നിന്നു മലയാളത്തിലേക്കു മൊഴിമാറ്റിയ ജ്ഞാനസുന്ദരി നാടകത്തിലൂടെ ‘രാജാപാര്‍ട്ട് പ്ലേന്ദ്രന്’ കുഞ്ഞുകുഞ്ഞു ഭാഗവതരായി വിശുദ്ധ സെബസ്ത്യാനോസിന്റെ കീര്‍ത്തനം ആലപിച്ച് അര്‍ത്തുങ്കല്‍ പെരുന്നാള്‍ നാടകത്തില്‍ രംഗപ്രവേശം ചെയ്തത് മലയാള നാടകചരിത്രത്തിലെ വലിയൊരു വഴിത്തിരിവാണ്. കേരളത്തിന് അകത്തും പുറത്തുമായി ഇരുന്നൂറോളം നാടകങ്ങളിലായി ഏഴായിരത്തോളം വേദികളില്‍ പ്രത്യക്ഷപ്പെട്ട സെബാസ്റ്റിയന് കുഞ്ഞുകുഞ്ഞ് ഭാഗവതര്‍ കേരളനാടകരംഗത്തെ കുലപതിയായിരുന്നു.
സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരെ മലയാളത്തിലെ രണ്ടാമത്തെ ശബ്ദസിനിമയായ ജ്ഞാനാംബികയില്‍ നായകനായി കാസ്റ്റ് ചെയ്തത് അദ്ദേഹത്തിന്റെ ഏറ്റവും ഇളയ അനുജനായ ആലപ്പി വിന്‍സന്റാണ്. മലയാളം സിനിമയിലെ ആദ്യത്തെ സ്റ്റണ്ട് താരമായി ജ്ഞാനാംബികയില്‍ പ്രത്യക്ഷപ്പെട്ട കുഞ്ഞുകുഞ്ഞ് ഭാഗവതര്‍ ആ ചലച്ചിത്രത്തിലെ 14 ഗാനങ്ങളില്‍ രണ്ട് ഗാനങ്ങള്‍ തനിച്ചും മൂന്നു യുഗ്മഗാനങ്ങളും ആലപിച്ച് വെള്ളിത്തിരയിലെ ജനപ്രിയ നടനായി. കുഞ്ഞുകുഞ്ഞ് ഭാഗവതര്‍ അഭിനയിച്ച ഉദയ സ്റ്റുഡിയോയുടെ ജീവിതനൗക തിയറ്ററില്‍ തുടര്‍ച്ചയായി 284 ദിവസം പ്രദര്‍ശിപ്പിച്ച മലയാളത്തിലെ ആദ്യ സൂപ്പര്‍ഹിറ്റാണ്. അഭയദേവ് രചിച്ച് വി. ദക്ഷിണാമൂര്‍ത്തി സംഗീതസംവിധാനം നിര്‍വഹിച്ച ആ സിനിമയിലെ ആദ്യ ഗാനം ‘ആനത്തലയോളം വെണ്ണ തരാമെടാ’ കുഞ്ഞുകുഞ്ഞ് ഭാഗവതരും മകള്‍ പുഷ്പയും ചേര്‍ന്നാണ് ആലപിച്ചത്.
1937-ല്‍ എച്ച്എംവി ഗ്രാമഫോണ്‍ കമ്പനി ദക്ഷിണേന്ത്യയിലെ വിഖ്യാത ഗായകരുടെ ഗ്രാമഫോണ്‍ റെക്കോര്‍ഡ് ഇറക്കാന്‍ തീരുമാനിച്ചപ്പോള്‍ മലയാളത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഏക ഗായകന് കുഞ്ഞുകുഞ്ഞു ഭാഗവതരാണ്. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്ര തിരുനാള്‍ ബാലരാമവര്‍മ്മയെ സ്തുതിക്കുന്ന വഞ്ചീശമംഗളമാണ് കുഞ്ഞുകുഞ്ഞ് ഭാഗവതര്‍ ആലപിച്ചത് – ഒരു മലയാളിയുടെ പ്രഥമ ഗ്രാമഫോണ്‍ റെക്കോര്‍ഡ്. രണ്ടാം ലോകമഹായുദ്ധകാലത്ത് മദിരാശി റേഡിയോ നിലയത്തില്‍ നിന്ന് കുഞ്ഞുകുഞ്ഞ് ഭാഗവതര്‍ മലയാളത്തില്‍ കരുണ, ശാകുന്തളം, അനാര്‍ക്കലി തുടങ്ങിയ റേഡിയോ നാടകങ്ങള്‍ അവതരിപ്പിച്ച് ചരിത്രം സൃഷ്ടിച്ചു.
പൊന്‍കുന്നം വര്‍ക്കിയുടെ നവലോകം, തിക്കുറിശ്ശിയുടെ ശരിയോ തെറ്റോ എന്നീ ചിത്രങ്ങളിലും കുഞ്ഞുകുഞ്ഞ് ഭാഗവതര്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. മിന്നല്‍ പടയാളി, വിധി തന്നെ വിളക്ക് എന്നീ ചിത്രങ്ങളില്‍ സത്യനോടൊപ്പം അദ്ദേഹം അഭിനയിച്ചു. എംജിആറിന്റെ തമിഴ് ഹിറ്റ് ജനോവ മലയാളത്തില്‍ നിര്‍മിച്ചപ്പോള്‍ അതില്‍ എംജിആറിന് ശബ്ദം നല്‍കിയത് കുഞ്ഞുകുഞ്ഞ് ഭാഗവതരാണ്. മലയാള നാടകത്തിന്റെയും ചലച്ചിത്രത്തിന്റെയും ഉദയകാലത്തെ ഏറ്റവും തലയെടുപ്പുള്ള നടന്മാരില് ഒരാളും ഏറ്റവും ജനപ്രിയ ഗായകനുമായിരുന്ന സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞ് ഭാഗവതര്‍ക്ക് നാല്പതാം ചരമവാര്‍ഷികത്തില്‍ സ്മരണാഞ്ജലി.
കേരള നാടകവേദിയിലെ അതുല്യപ്രതിഭയും കുലപതിയും ആചാര്യനുമായ സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ ആലപ്പുഴ പട്ടണത്തിലെ തീരഗ്രാമമായ തുമ്പോളിക്കടുത്തുള്ള കാഞ്ഞിരംചിറയിലെ പൊള്ളയില് കുടുംബത്തിലെ വിന്‍സെന്റ്- മര്‍ഗരീത്ത ദമ്പതികളുടെ മകനായി 1901 ഫെബ്രുവരി ഒന്നിന് ജനിച്ചു. സെബാസ്റ്റ്യന്‍ എന്ന പേര് നല്കിയ അദ്ദേഹത്തെ കുടുംബക്കാരും നാട്ടുകാരും കുഞ്ഞുകുഞ്ഞ് എന്നാണ് വിളിച്ചിരുന്നത്. പില്ക്കാലത്ത് അദ്ദേഹം നാടകവേദിയിലൂടെ സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ എന്ന് പ്രസിദ്ധനായി.
ആലപ്പുഴ ലിയോ തേര്ട്ടീന്ത് ഹൈസ്കൂളിലെ പഠനകാലത്തുതന്നെ അദ്ദേഹം കലാപ്രവര്ത്തനരംഗങ്ങളില് വലിയ താല്പര്യം കാട്ടിയിരുന്നു. അവിടത്തെ ചിത്രകലാധ്യാപകനായിരുന്ന അരുണാചലംപിള്ളയാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ പകര്ന്നുനല്കിയത്. പാഠപുസ്തകങ്ങളും മറ്റും വിറ്റാണ് സംഗീതപഠനത്തിനുള്ള ധനം അദ്ദേഹം കണ്ടെത്തിയത്. സംഗീതത്തിലും കലകളിലും തല്പരനായ കുഞ്ഞുകുഞ്ഞ് പഠനത്തില്‍ പിന്നോട്ടായതിനെത്തുടര്ന്ന് മാതാപിതാക്കള്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂളില്‍ ചേര്‍ത്തു.
എറണാകുളത്തെ പഠനകാലത്തും കുഞ്ഞുകുഞ്ഞ് കലാപ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തി. അക്കാലത്ത് തമിഴ്നാടകസംഘങ്ങളാണ് മലയാളക്കരയില്‍
പ്രബലമായിരുന്നത്. മൊയ്തീന് സാഹിബ്ബിന്റെ തമിഴ്നാടകസംഘത്തില് ഹാര്‍മോണിസ്റ്റായി ചേര്‍ന്ന കുഞ്ഞുകുഞ്ഞ് ആ സംഘത്തിനൊപ്പം തൃശ്ശിനാപ്പള്ളി, കോയമ്പത്തൂര്‍, സേലം, തഞ്ചാവൂര്‍, മധുര എന്നിവിടങ്ങളിലെ നാടകവേദികളില്‍ ശ്രദ്ധേയനായി. മൂന്നു മാസത്തോളം തമിഴകത്ത് നാടകപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട അദ്ദേഹത്തിന് ആ സംഘവുമായി ധാര്‍മികമായി പൊരുത്തപ്പെട്ടുപോകുവാന്‍ സാധിക്കാത്തതിനാല്‍ ഭവനത്തില്‍ തിരിച്ചെത്തി. അക്കാലത്ത് അദ്ദേഹം കെ.കെ. ഭാഗവതര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.
സെബാസ്റ്റ്യന്റെ പിതൃസഹോദരന് പൊളളയില്‍ പൗലിഞ്ഞു രൂപീകരിച്ച നാടകസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ നാടകവേദിയുമായി കൂടുതല്‍ അടുപ്പിച്ചു. 1920-ല്‍ ചെല്ലാനം പ്രൈമറി സ്കൂളിന്റെ ഉദ്ഘാടനത്തിന് ഈ നാടകസമിതി അവതരിപ്പിച്ച നാടകത്തിലെ ഉപനായകന്‍ എത്തിച്ചേരാഞ്ഞതുകൊണ്ട് സെബാസ്റ്റ്യന്‍ ആ വേഷം അഭിനയിക്കേണ്ടിവന്നു. വന്‍വിജയമായി തീര്‍ന്ന ഈ അഭിനയത്തോടെയാണ് അദ്ദേഹം ഒരു നടന് എന്ന
നിലയില്‍ നാടകവേദിയില്‍ രംഗപ്രവേശം ചെയ്തത്.
അര്‍ത്തുങ്കല്‍ കുരിശിങ്കല്‍ കുടുംബത്തിലെ മേരിയെ 1923 ഏപ്രില്‍ 13ന് അദ്ദേഹം വിവാഹം ചെയ്തു. ഭാര്യാ സഹോദരന് പീറ്ററും കെ.എസ്. ആന്റണി കോയില്പ്പറമ്പിലും ചേര്‍ന്ന് ആരംഭിച്ച നാടകസമിതി, കലാകേരളത്തിലെ സരസഗായക കവിയായ വി.എസ്. ആന്‍ഡ്രൂസിന്റെ ജ്ഞാനസുന്ദരി അവതരിപ്പിച്ചു. ഈ നാടകത്തിലെ നായകകഥാപാത്രമായ പ്ലേന്ദ്രന്റെ വേഷം അതിഗംഭീരമായി സെബാസ്റ്റ്യനാണ് അവത രിപ്പിച്ചത്. 1924ല്‍ അര്‍ത്തുങ്കല്‍ തീര്‍ത്ഥാടനകേന്ദ്രത്തിലെ പ്രധാന തിരുനാള്‍ദിനമായ ജനുവരി 20-ന് ആന്‍ഡ്രൂസ് മാസ്റ്റര്‍ എഴുതിയ വിശുദ്ധ സെബാസ്ത്യാനോസിനെ സ്തുതിച്ചുകൊണ്ടുള്ള കീര്‍ത്തനം ആലപിച്ചുകൊണ്ടാണ് അദ്ദേഹം ദൈവാലയ അങ്കണത്തില്‍ അരങ്ങേറിയ നാടകത്തില്‍ രംഗപ്രവേശം ചെയ്തത്. അസാമാന്യമായ അഭിനയമികവോടെ ആ വേഷം അവതരിപ്പിച്ച അദ്ദേഹത്തെ കലാപ്രേമികള്‍ ‘പ്ലേന്ദ്രന് കുഞ്ഞുകുഞ്ഞ്’ എന്ന് വിളിച്ചിരുന്നു. ജ്ഞാനസുന്ദരിക്കു പുറമെ ആന്‍ഡ്രൂസ് മാസ്റ്ററിന്റെ വിശ്വാസവിജയം, അക്ബര്‍, പറുദീസാ നഷ്ടം തുടങ്ങിയ നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചു. ഓച്ചിറ പരബ്രഹ്മോദയ സംഗീതനടനസഭയുടെ നാടകമായ കരുണയിലെ ബുദ്ധഭിക്ഷുവായ ഉപഗുപ്തന്റെ വേഷം ചെയ്തത് അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു.
1930-ല്‍ ആലപ്പുഴയില്‍ കൈരളി കലാകുസുമം എന്ന പേരില്‍ അദ്ദേഹം ഒരു നാടകസമിതി ആരംഭിച്ചു. ഈ നാടകസമിതിയുടെയും കേരളക്കരയിലെ മറ്റ് പ്രധാന നാടകവേദികളുടെയും നാടകങ്ങളില്‍ ഈ അഭിനയചക്രവര്‍ത്തി തന്റെ അസാമാന്യ അഭിനയമികവ് കാഴ്ചവച്ചു. ഇന്നത്തെപ്പോലെ സാങ്കേതികവിദ്യകള്‍ പോയിട്ട് വൈദ്യുതിപോലുമില്ലാതിരുന്ന ആ കാലഘട്ടത്തില്‍ ഭാഗവതര്‍ തന്റെ മികവുറ്റ അഭിനയമികവുകൊണ്ടും ശബ്ദഗാംഭീര്യം കൊണ്ടും കേരള നാടകവേദിയെ കീഴടക്കി.
ശാകുന്തളത്തിലെ ദുഷ്യന്തന്, അനാര്‍ക്കലിയിലെ സലിംരാജകുമാരന്, അമൃതപുളിനത്തിലെ അജയസിംഹന്‍, പറുദീസാനഷ്ടത്തിലെ ആദം, സത്യവാന് സാവിത്രിയിലെ സത്യവാന്, നല്ലതങ്കത്തിലെ നല്ലണ്ണരാജാവ്, ഹരിചന്ദ്രരാജാവ്, മഗ്ദലന മറിയത്തിലെ ഹേറോദേസ്, ടിപ്പുസുല്‍ത്താന്‍, സാമ്രാട്ട് അശോകന് തുടങ്ങിയവയൊക്കെ ഭാഗവതര്‍ അവതരിപ്പിച്ച പ്രധാന വേഷങ്ങളാണ്. തനിക്കു ലഭിച്ച ചരിത്ര കഥാപാത്രങ്ങള്‍ക്ക് തന്റെ അഭിനയമികവുകൊണ്ട് അദ്ദേഹം ജീവനും ഓജസ്സും നല്കി. കേരളത്തിന് അകത്തും പുറത്തുമായി ഇരുന്നൂറോളം നാടകങ്ങളിലായി ഏഴായിരത്തോളം വേദികളില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹം കേരളനാടകരംഗത്തെ കുലപതിയായിരുന്നു. മലയാള നാടകരംഗത്ത് എന്നപോലെ മലയാള സിനിമയുടെ ആദ്യഘട്ടത്തിസും അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മലയാള സിനിമയുടെ സ്നാപകന് എന്നറിയപ്പെടുന്ന ആലപ്പി വിന്‍സെന്റ് അദ്ദേഹത്തിന്റെ ഇളയ സഹോദരനാണ്. ആദ്യ മലയാള ഭാഷാ ചലച്ചിത്രമായ ബാലന്റെ ജനയിതാവ് ആലപ്പി വിന്‍സെന്റാണ്. മദ്രാസിലെ ശ്യാമള പിക്ച്ചേഴ്സ് ബാലന് നിര്‍മിച്ചത് ആലപ്പി വിന്‍സെന്റിന്റെ ശക്തമായ പ്രേരണവഴിയാണ്. ഈ ചിത്രത്തിനുവേണ്ടിയുള്ള അഭിനേതാക്കളെ മദ്രാസിലേക്ക് എത്തിച്ചുകൊടുത്തത് ഭാഗവതരാണ്. ഈ ചിത്രത്തിലെ ഗാനങ്ങള്‍ വഴി മലയാള ഭാഷാസിനിമയില് ആദ്യമായി റെക്കോഡ് ചെയ്ത പാട്ടുകള്‍ ഭാഗവതരുടേതാണ്. മലയാളത്തിലെ രണ്ടാമത്തെ സിനിമയായ ജ്ഞാനാംബികയിലെ നായകന് ഭാഗവതരും ഉപനായകന്‍ ആലപ്പി വിന്‍സെന്റുമായിരുന്നു.
ഈ ചിത്രത്തിന്റെ ചിത്രീകരണവേളയില്‍ രണ്ടാം ലോകമഹായുദ്ധം കാരണം ഫിലിം റോളിന് ക്ഷാമമുണ്ടായതിനെ തുടര്‍ന്ന് ഭാഗവതര്‍ക്കും ആലപ്പി വിന്‍സെന്റിനും അണിയറപ്രവര്‍ത്തകര്‍ക്കും മാസങ്ങളോളം മദ്രാസില്‍ താമസിക്കേണ്ടിവന്നു. ആ അവസരത്തില്‍ ഭാഗവതര്‍ക്ക് മദ്രാസ് റേഡിയോയിലൂടെ പല മലയാള നാടകങ്ങളും അവതരിപ്പിക്കുവാന്‍ സാധിച്ചു.
തുടര്‍ന്ന് ജീവിതനൗക, നവലോകം, അച്ചന്, ശരിയോ തെറ്റോ, മിന്നല്‍ പടയാളി, വിധിതന്നെ വിളക്ക്, നല്ലതങ്ക എന്നീ ചലച്ചിത്രങ്ങളില്‍ അദ്ദേഹം തന്റെ അഭിനയമികവ് കാഴ്ചവച്ചു. ജനോവ എന്ന ചിത്രം മലയാളത്തില്‍ എടുത്തപ്പോള്‍ എം.ജി.ആറിന് ശബ്ദം നല്‍കിയത് ഭാഗവതരാണ്. നിരവധി കലാകാരന്മാരെയാണ് അദ്ദേഹം നാടക-സിനിമാവേദിയില്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്.
1962 ജനുവരി 31ന് തന്റെ പ്രിയപത്നി മേരിക്കുട്ടി അന്തരിച്ചതിനെ തുടര്‍ന്ന് ഭാഗവതര്‍ നാടകവേദിയില്നിന്നു വിടവാങ്ങി. അരനൂറ്റാണ്ടോളം കാലംനാടകരംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം തുടര്‍ന്ന് പല നാടകസംഘങ്ങള്‍ക്കും തന്റെ വിലയേറിയ ശിക്ഷണവും ഉപദേശവും നല്കി. കലാ-സാംസ്കാരിക പ്രവര്‍ത്തനരംഗത്തെ ഭാഗവതരുടെ കനപ്പെട്ട സംഭാവനകളെയും സേവനങ്ങളെയും ആദരിച്ച് അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്. കൊച്ചിയില്‍ അനാര്‍ക്കലി നാടകം കാണാന്‍ വന്ന കൊച്ചിരാജകുടുംബാംഗം ലക്ഷ്മിക്കുട്ടി നേത്യാരമ്മ അദ്ദേഹത്തിന് സ്വര്‍ണമയമായ ഒരു രാജകീയ ഉടവാള് നല്കി ബഹുമാനിച്ചു. കോട്ടയം നവരംഗ് കലാസമിതി, കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്സ്, മലയാളം ഫിലിം മ്യൂസിക്ക് ഗോള്‍ഡന്‍ ജൂബിലി തുടങ്ങിയവയുടെ ബഹുമതികള്‍ അദ്ദേഹത്തിന് സമ്മാനിച്ചു. സി.എം.ഐ. കള്‍ച്ചറല്‍ അക്കാദമി 1981-ല്‍ ഫാ. ചാവറ അവാര്‍ഡ് നല്കി ആദരിച്ചു. ഇതിനെല്ലാം പുറമെ ഭാഗവതര്‍ക്ക് ലഭിച്ച പരമോന്നത അംഗീകാരമായിരുന്നു 1982-ല്‍ ജോണ്‍പോള്‍ രണ്ടാമന് പാപ്പായില്‍നിന്ന് ലഭിച്ച ഷെവലിയര്‍ പദവി.
അനുഗൃഹീതനായ എഴുത്തുകാരന് എന്ന നിലയ്ക്ക് അദ്ദേഹം ആത്മകഥാപരമായ ഒരു നടന്റെ ആത്മകഥ, കലാവേദിയില്‍ എന്നീ ഗ്രന്ഥങ്ങളും നാടകരംഗത്തെക്കുറിച്ചുള്ള ആധികാരിക രചനയായ നാടകസ്മരണകള്‍ എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്. കേരളനാടകവേദിയുടെ ചരിത്രത്തെക്കുറിച്ചുള്ള ആദ്യ സമഗ്രകൃതിയായ ഭാഗവതരുടെ നാടകസ്മരണയില് നാടകവേദിയുടെ ചരിത്രം, സ്മരണകള്‍, ജീവചരിത്രകുറിപ്പുകള്‍, നാടകസമിതിയും സംഘാടകരും എന്നീ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള നാടകരംഗത്തെ അടുത്തറിയാന്‍ ഈ ഗ്രന്ഥം ഏറെ സഹായകമാണ്. മലയാളത്തിലെ മുന്‍നിര പ്രസദ്ധീകരണങ്ങളില്‍ അദ്ദേഹം ഈടുറ്റതും ആധികാരികവുമായ നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതി.
കേരള നാടകവേദിയുടെ കുലപതിയും പ്രധാന ആചാര്യനുമായ ഷെവലിയര്‍ സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ ജീവിതമാകുന്ന നാടകത്തിന് 1985 ജനുവരി 19ന് തിരശീല വീണു.
ഭാഗവതരുടെ ഭൗതികശരീരം തുമ്പോളി പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു. തന്റെ ജീവിതം നാടകപ്രവര്ത്തനങ്ങള്ക്കുവേണ്ടി ഉഴിഞ്ഞുവച്ച ഭാഗവതരുടെ സ്മരണകള്‍ കലാകേരളത്തില്‍ എക്കാലവും നിലനില്ക്കുകതന്നെ ചെയ്യും. സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ 40-ാം ചരമവാര്‍ഷികം അനുസ്മരിക്കുന്ന ഈ അവസരത്തില്‍ ആ വലിയ കലാപ്രതിഭയുടെ സ്മരണകള്‍ക്ക് പ്രണാമം.