പ്രഫ. ഷാജി ജോസഫ്
വിഖ്യാതനായ പെഡ്രോ അല്മഡോവര് സംവിധാനം ചെയ്ത ആദ്യ ഇംഗ്ലീഷ് ചിത്രമാണ് ദി റൂം നക്സ്റ്റ് ഡോര്‍. പ്രേക്ഷകശ്രദ്ധ നേടിയ മേളയിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. നോവലിസ്റ്റായ ഇന്‍ഗ്രിഡിന്റെയും യുദ്ധ റിപ്പോര്‍ട്ടറായ മാര്‍ത്തയുടെയും കഥ പറയുന്ന സിനിമ. ഇന്‍ഗ്രിഡും മാര്‍ത്തയും വര്‍ഷങ്ങളോളം ഒരു മാസികയില്‍ പ്രവര്‍ത്തിച്ചിരുന്ന അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും കണ്ടുമുട്ടുന്നത് വിചിത്രമായ ഒരു സാഹചര്യത്തിലാണ്. രണ്ട് സ്ത്രീകള്‍ക്കിടയിലുള്ള സൗഹൃദം, അസ്വാരസ്യങ്ങള്‍, മനുഷ്യാവസ്ഥ എന്നീ വിഷയങ്ങള്‍ പ്രതിപാദിക്കുന്നു സിനിമ. 81-ാമത് വെനീസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരം നേടിയ ചിത്രം ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചു.
കമ്പോഡിയന്‍ ഡോക്യുമെന്റേറിയന്‍ റിതി പാന്ഹ സംവിധാനം നിര്‍വ്വഹിച്ച മീറ്റിങ് വിത്ത് പോള്‍ പോര്‍ട്ട് ഫെസ്റ്റിവലിലെ മറ്റൊരു മികച്ച ചിത്രമായിരുന്നു. സ്വേച്ഛാധിപതിയായ പോള്‍ പോര്‍ട്ടിനെ ഇന്റര്‍വ്യൂ ചെയ്യാന്‍, കമ്പോഡിയയിലെ ഖെമര്‍ റൂഷ് ഭരണകൂടത്തിന്റെ ക്ഷണം സ്വീകരിച്ച് സാഹസികമായി, അപകടകരമായ കമ്പോഡിയയിലേക്ക് യാത്ര തിരിക്കുന്ന മൂന്ന് ഫ്രഞ്ച് പത്രപ്രവര്‍ത്തകരുടെ അനുഭവങ്ങളാണ് ഈ സിനിമയില്‍. പത്രപ്രവര്‍ത്തകയായ എലിസബത്ത് ബെക്കറുടെ ‘വെന്‍ ദി വാര് വാസ് ഓവര്‍’ എന്ന പുസ്തകത്തിലെ വിവരണങ്ങളെ ആധാരമാക്കി നിര്‍മിച്ച ചിത്രം 2024 ലെ കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
വെന്‍ സാന്താ വാസ് എ കമ്യൂണിസ്റ്റ് എന്ന ചിത്രം ചെയ്തിരിക്കുന്നത് ബോസ്നിയന്‍ സംവിധായകനായ എമിര്‍ കെപ്റ്റനോവിക് ആണ്. ക്രിസ്തുമസിന് മുന്നോടിയായി കുട്ടികളെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള നാടകവുമായി ഒരു സംഘം നാടിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റം വരെ യാത്ര ചെയ്യുകയാണ്. സാവധാനം ചിത്രം മുതിര്‍ന്നവരുടെ പ്രശ്നങ്ങളിലേക്ക് കടക്കുന്നു.
ഐ ആം നെവങ്ക, സംവിധായിക ഇസിയര്‍ ബോളയിന്. സ്പാനിഷ് മീ റ്റൂ പ്രസ്ഥാനത്തിന്റെ കഥ പറയുന്ന ഈ സിനിമ തൊഴിലിടത്തിലെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. നെവങ്ക ഫെര്‍ണാണ്ടസ് എന്ന യുവതി 2001ല്‍ സ്പെയിനിലെ പ്രബലനായ മേയര്‍ ഇസ്മയിലിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നു. ലൈംഗിക പീഡനത്തിന് കോടതിയില്‍ കേസ് വിജയിച്ച ആദ്യ വനിതയായി നെവങ്ക.
മെര്യം ജൂബെര് സംവിധാനം ചെയ്ത വേര് ഡു ഐ ബിലോങ് റ്റു എന്ന ടുണീഷ്യന്‍ ചിത്രം മത്സരചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു. ടുണീഷ്യയിലെ ഒരു ഗ്രാമത്തില്‍ ഭര്‍ത്താവും മൂന്നു മക്കളുമായി താമസിക്കുന്ന ഐഷ. ഐഎസില്‍ ചേര്‍ന്ന് പോരാടാന്‍ മൂത്ത രണ്ടു മക്കള്‍ പുറപ്പെടുന്നു. ഗ്രാമം മുഴുവന്‍ ആ കുടുംബത്തിന് എതിരാകുന്നു. മക്കളോടുള്ള സ്നേഹവും സമൂഹത്തിനെ അഭിമുഖീകരിക്കേണ്ടി വരുമ്പോഴുള്ള ബുദ്ധിമുട്ടുകളും ഐഷയെ തകര്‍ക്കുന്നു. യുദ്ധത്തിന്റെയും തീവ്രവാദവത്കരണത്തിന്റെയും കഥ പറയുന്ന സിനിമ. ജയന് ചെറിയാന്റെ റിദം ഓഫ് ദമ്മാം വേറിട്ടൊരു സിനിമാകാഴ്ച പ്രദാനം ചെയ്യുന്നു. കൊളോണിയല്‍ കാലഘട്ടത്തില്‍ ആഫ്രിക്കയില്‍ നിന്നും ഗോവന്‍ തീരങ്ങളിലെത്തിയ സിദ്ധി സമൂഹത്തിന്റെ ചരിത്രമാണ് സിനിമക്കാധാരം. ഉത്തര കര്‍ണ്ണാടകത്തിലെ യെല്ലപ്പൂര്‍ വനമേഖലയില്‍ സ്ഥിരമാക്കിയ അവര്‍ക്കൊപ്പം ദീര്‍ഘകാലം താമസിച്ചാണ് ജയന് സിനിമ ഒരുക്കിയത്. കൊളോണിയല്‍ ഭൂതകാലത്തെയും അടിമ വ്യാപാര ചരിത്രത്തെയും ഓര്‍മ്മയിലെത്തിക്കുന്ന സിനിമ ഗോത്ര സ്മൃതികളുടെ തനിമ നഷ്ടപ്പെടാതെ അവതരിക്കപ്പെടുന്നു. സിനിമയില്‍ അഭിനയിച്ച പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടക്കം ഇരുപതോളം പേര് പ്രദര്‍ശനശേഷം കാണികളുമായി അനുഭവങ്ങള്‍ പങ്കിട്ടു. ഈ സിനിമ ഇഫ്ക് 2024 ല്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ബല്‍ക്കിസ് ബെയ്റക്ക് സംവിധാനം നിര്‍വഹിച്ച ടര്‍ക്കിഷ് ചിത്രം ഗുലൈസര്. വിലക്കുകളും പ്രതീക്ഷകളും നിറഞ്ഞ ടര്‍ക്കിഷ് കുടുംബ പശ്ചാത്തലത്തിലാണ് നായിക ഗുലൈസര്. പുതിയ ജീവിതം ആഗ്രഹിക്കുന്ന അവള് വരനെ സന്ദര്‍ശിക്കുവാന്‍ കൊസാവയിലേക്കുള്ള യാത്രയില്‍ ലൈംഗികമായി ആക്രമിക്കപ്പെടുന്നു. സമൂഹത്തിന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ അവള്‍ക്ക് അത് തെളിയിക്കാന്‍ പറ്റുന്നില്ല. മുന്നോട്ടുള്ള യാത്രയില്‍ തനിച്ചാണെങ്കിലും അവള് ഉറച്ച തീരുമാനമെടുക്കുന്നു.
വിത്ത് ലവ് ഫ്രം ഭൂട്ടാന്. സംവിധാനം ചാര്‍മി ചെദ്ദ. അമേരിക്കന്‍ ഭൂട്ടാനീസ് ഫുഡ് വിദ്യാര്‍ത്ഥിയായ ജിമ്മി 20 വര്‍ഷത്തിനുശേഷം ഭൂട്ടാനിലേക്ക് മടങ്ങുകയാണ്. നാട്ടിലെത്തിയ അയാള്‍ ഓര്‍മ്മകളിലെ ഭൂട്ടാന്റെ ഭൂപ്രകൃതിയില്‍ ആശ്വാസം കണ്ടെത്തുന്നു. സാമിയ (സംവിധായകര്‍: യാസിം സമദ്രേലി, ദേക മൊഹമ്മദ്) സൊമാലിയയില്‍ നിന്നുള്ള 17 വയസ്സുകാരി പെണ്‍കുട്ടി സാമിയയുടെ കഥ. തന്റേടവും, ഉറച്ച നിലപാടുകളുമുള്ള പെണ്‍കുട്ടികള്‍ക്ക് ഒരിക്കലും സ്വാതന്ത്ര്യം നല്‍കാത്ത സോമാലിയിലെ അന്തരീക്ഷത്തില്‍ വളര്‍ന്നുവന്ന സ്വാമിയ ഓട്ടത്തിലൂടെയാണ് പരിസരങ്ങളോട് പ്രതികരിക്കുന്നത്. 2018ലെ ഒളിമ്പിക്സില്‍ രാജ്യത്തെ പ്രതിനീധീകരിക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്നു അവള്. പക്ഷേ ജീവിതം അവളെ കൊണ്ടെത്തിക്കുന്നത് വേറൊരു വിഷമ സന്ധിയിലാണ്. സംഭവകഥയില്‍ നിന്നെടുത്ത സിനിമ.
കനേഡിയന്‍ യുവ സംവിധായിക സോഫ് ദെര്സാപെ ചെയ്ത ചിത്രമാണ് ഷെപ്പേര്‍ഡ്സ്. മോണ്‍ട്രിയലിലെ തിരക്കേറിയ നഗര ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്ന പരസ്യ എക്സിക്യൂട്ടീവ് മത്യാസ്. അയാളുടെ ലക്ഷ്യം അകലെ ഏതെങ്കിലും ഗ്രാമങ്ങളില്‍ പോയി ആട്ടിടയനായി ശിഷ്ട ജീവിതം നയിക്കുക എന്നാണ്. മത്യാസിന് കൂട്ടായി തന്റെ ഗവണ്മെന്റ് ജോലി ഉപേക്ഷിച്ചിറങ്ങിയ എലീസുമുണ്ട്. ആഗ്രഹ സഫലീകരണത്തിലേക്ക് അടുക്കുമ്പോള്‍ പ്രതിബന്ധങ്ങളേറെയുണ്ട്. ലോകോത്തര നിലവാരമുള്ള ഒരു ഫെസ്റ്റിവല്‍ എന്നതിനേക്കാള്‍ ആഘോഷങ്ങളുടെ ഉത്സവം എന്ന പേരാണ് ഈ മേളക്ക് കൂടുതല്‍ യോജിക്കുക. എണ്ണത്തില്‍ ചെറുതാണെങ്കിലും ആഗോള തലത്തില്‍ പ്രശംസിക്കപ്പെട്ട സിനിമകളുടെ പാക്കേജ് ഇഫ്ക ആസ്വാദകര്‍ക്ക് കാഴ്ചയുടെ നവ്യാനുഭവം നല്കി.