അഡ്ലെയ്ഡ്: ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തിലെ തോല്‍വിക്ക് ഇന്ത്യയോട് പകരം വീട്ടി ഓസ്ട്രേലിയ. അഡ്ലെയ്ഡിലെ പിങ്ക് ടെസ്റ്റില്‍ 10 വിക്കറ്റുകള്‍ക്കാണ് അതിഥേയര്‍ വിജയം പിടിച്ചത്. ഇന്നിങ്സ് തോല്‍വിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട സന്ദര്‍ശകര്‍ ഉയര്‍ത്തിയ 19 റണ്‍സിന്റെ വിജയ ലക്ഷ്യത്തിലേക്ക് വിക്കറ്റ് നഷ്ടമില്ലായാണ് ഓസീസ് എത്തിയത്.
ഓപ്പണർമാരായ നേഥൻ മക്സ്വീനിയും (12 പന്തിൽ 10), ഉസ്മാൻ ഖവാജയും (8 പന്തിൽ 9) പുറത്താകാതെ നിന്നു. വിജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ 1-1ന് ഇന്ത്യയ്ക്കൊപ്പമെത്താന്‍ ഓസീസിന് കഴിഞ്ഞു. ഇതൊടൊപ്പം പിങ്ക് ബോള്‍ ടെസ്റ്റിലെ തങ്ങളുടെ അപ്രമാദിത്വവും ഓസ്ട്രേലിയ നിലനിര്‍ത്തി. ഇതുവരെ കളിച്ച 13 പിങ്ക് ബോള്‍ ടെസ്റ്റില്‍ 12 എണ്ണവും ഓസീസ് വിജയിച്ചിരുന്നു. അഡ്ലെയ്ഡില് കളിച്ച എട്ട് മത്സരങ്ങളിലും ടീം തോല്‍വി അറിഞ്ഞിട്ടേയില്ല.