തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന് കേന്ദ്രം ഇളവ് നല്കി. സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങളിലാണ് അനുകൂല നിലപാട്. 66 പഞ്ചായത്തുകളെ സിആര്‍ഇസെഡ് 2 പട്ടികയിലേക്ക് മാറ്റി. ജനസംഖ്യ കൂടിയ മറ്റ് പഞ്ചായത്തുകളില്‍ സിആര്‍ഇസെഡ് 3 എക്ക് കീഴില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദൂരപരിധി 200 ല്‍ നിന്ന് 50 മീറ്ററായി കുറയ്ക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. തീരദേശ പരിപാലന പ്ലാന്‍ നടപ്പിലാക്കിയ ശേഷം തീരദേശത്ത് താമസിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്, കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ എന്നീ സംഘടനകള്‍ നിയമത്തില്‍ ഭേദഗതി വേണമെന്ന് നിരന്തരമായി ഉന്നയിക്കുകയും ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കരട് തീരദേശ പരിപാലന പ്ലാന്‍ വിവിധ ജില്ലകളിലെ പബ്ലിക് ഹിയറിങ്ങിന് ശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി സംസ്ഥാനം സമര്‍പ്പിച്ചത്. കേരളത്തിന്റെ പ്ലാന്‍ കഴിഞ്ഞ ദിവസം വെബ്സൈറ്റുകളില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. അടുത്ത നടപടികള്‍ എന്തായിരിക്കണം? തീരദേശവാസികള്‍ ഇളവിനായി എന്തെല്ലാം ചെയ്യണം?
2019 ലെ കേന്ദ്ര തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ കേരളം തയ്യാറാക്കിയ തീരദേശ പരിപാലന പ്ലാനിലെ നിര്‍ദ്ദേശങ്ങളാണ് ഭാഗികമായി അംഗീകരിച്ചത്. സി.ആര്.ഇസഡ് 2 ല്‍ നിയന്ത്രണങ്ങള്‍ താരതമ്യേന കുറവാണ്. അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, ചിറയിന്‍കീഴ്, കരുംകുളം, കോട്ടുകാല്‍, വെങ്ങാനൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ അറ്റോമിക് മിനറല്‍ ശേഖരം ഉള്ളതിനാല്‍ സി.ആര്.ഇസഡ് 3 ലെ വ്യവസ്ഥകള്‍ ബാധകമായിരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചായത്തുകള്‍ക്ക് ഇനി ധൈര്യമായി അപേക്ഷ കൊടുക്കാം.
തങ്ങളുടെ ഭൂമി പ്ലാനില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ആര്‍ക്കും പരിശോദിക്കാം. പ്ലാനിന്റെ ഡ്രാഫ്റ്റ് പുറത്തിറങ്ങിയപ്പോള്‍ പലരും പരാതികള്‍ കൊടുത്തിരുന്നു. പക്ഷേ ആ പരാതികള്‍ പലതും പരിഹരിക്കപ്പെട്ടില്ല എന്നു പലര്‍ക്കും ഇപ്പോഴും പരാതിയുണ്ട്. എന്തായാലും പരാതിയുള്ളവര്‍ക്കും സംശയനിവാരണത്തിനായും ഗൂഗിള്‍ സെര്‍ച്ചില്‍ പ്രവേശിച്ച് സിആര്‍സെഡിന്റെ സൈറ്റില്‍ കയറണം (കെസിസെഡ്എംഎ മാപ്പ്). 2019 സിആര്‍സെഡ് എടുക്കുക. ഷോമാപ്പ്സില് കയറിക്കഴിഞ്ഞാല്‍ ഓരോ ജില്ലയുടേയും മാപ്പുകിട്ടും. അതില്‍ തന്നെ ഓരോ പ്രദേശത്തിന്റേയും ഉണ്ടാകും. റോസ് നിറത്തിലാണ് സര്‍വേ നമ്പര്‍ കാണുന്നതെങ്കില്‍ അത് 2വില്‍ ഉള്‍പ്പെട്ടതാണ്. ഇതിന്റെ ഗുണം കിട്ടിയിട്ടുണ്ടെങ്കില്‍ ഉടനെ അത് റഗുലൈസ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണം.
സി.ആര്.ഇസഡ് 2 ല്‍ പെടുന്ന മേഖലയില്‍ മുനിസിപ്പല്‍ ചട്ടങ്ങള്‍ പ്രകാരം നിലനില്‍ക്കുന്ന എഫ്എആര്‍/ എഫ്എസ് റ്റി ലഭ്യമാകും. 2011 ലെ ജനസംഖ്യ സാന്ദ്രത കണക്കിലെടുത്ത് ഒരു ചതുരശ്ര കിലോമീറ്ററില്‍ 2161 പേരോ അതില്‍ കൂടുതലോ ഉള്ള വികസിത പ്രദേശങ്ങളെ മറ്റ് വികസന മാനദണ്ഡങ്ങള്‍ കൂടെ പരിഗണിച്ച് സി.ആര് ഇസഡ് 2 എ എന്ന വിഭാഗത്തിലും അതില്‍ കുറഞ്ഞ ജനസംഖ്യയുള്ള പ്രദേശങ്ങളെ സി.ആര്‍ഇസഡ് 3 ബി വിഭാഗത്തിലും ഉള്‍പ്പെടുത്തി.
സി.ആര്.ഇസഡ് 2 എ പ്രകാരം കടലിന്റെ വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്റര്‍ വരെ വികസനരഹിത മേഖലയായി കുറച്ചു. മുന്‍പ് ഇത് 200 മീറ്റര്‍ വരെ ആയിരുന്നു. എന്നാല്‍ സി.ആര് ഇസഡ് 3 ബി യില്‍ കടലിന്റെ വേലിയേറ്റ രേഖയില്‍ നിന്ന് 200 മീറ്റര്‍ വരെ വികസനരഹിത മേഖലയായി തുടരും. സി.ആര്.ഇസെഡ് 3 വിഭാഗത്തില്‍ ഉള്‍നാടന്‍ ജലാശയങ്ങളുടെ വേലിയേറ്റ രേഖയില്‍ നിന്നുള്ള ദൂരപരിധി 100 മീറ്ററില്‍ നിന്ന് 50 മീറ്റര്‍ വരെയായി കുറയും. മറ്റ് ചെറിയ ജലാശയങ്ങളുടെ കാര്യത്തില്‍ 50 മീറ്റര്‍ വരെയോ ജലാശയത്തിന്റെ വീതിക്കനുസരിച്ചോ വികസനരഹിത മേഖലയാക്കി കണക്കാക്കും. തുറമുഖത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ വികസനരഹിത മേഖല ബാധകമല്ല.
1991 ന് മുമ്പ് നിര്‍മ്മിച്ചിട്ടുള്ള ബണ്ടുകള്‍/ സൂയിസ് ഗേറ്റുകള്‍ നിലവിലുണ്ടെങ്കില്‍ വേലിയേറ്റ രേഖ പ്രസ്തുത ബണ്ടുകള്‍/സൂയിസ് ഗേറ്റുകളില്‍ നിജപ്പെടുത്തിയാണ് തീരദേശ പരിപാലന പ്ലാനിന് അംഗീകാരം നല്‍കിയിരിക്കുന്നത്. 2019 സി.ആര് ഇസഡ് വിജ്ഞാപന പ്രകാരം 1000 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കണ്ടല്‍ക്കാടുകള്‍ക്ക് ചുറ്റും മാത്രമാണ് 50 മീറ്റര്‍ ബഫര്‍ ഡീമാര്‍ക്കേറ്റ് ചെയ്യുന്നത്. 2019 ലെ തീരദേശ പരിപാലന പ്ലാനില്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കണ്ടല്‍ക്കാടുകള്‍ക്ക് ചുറ്റുമുള്ള ബഫര്‍ ഏരിയ നീക്കം ചെയ്തിട്ടാണ് തീരദേശ പരിപാലന പ്ലാനിന് അംഗീകാരം നല്‍കിയിരിക്കുന്നത്.
പഞ്ചായത്ത് അധികൃതര്‍ ആദ്യം അനുമതി നല്‍കുകയും തുടര്‍ന്ന് പണിപൂര്‍ത്തിയായ ശേഷം തീരദേശ പരിപാലന നിയമം ചൂണ്ടിക്കാട്ടി വീട്ടുനമ്പര്‍ ഉള്‍പ്പെടെ അനുവദിക്കുന്നില്ലെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. മത്സ്യബന്ധനം ഉപജീവനമാര്‍ഗമാക്കിയ ജനത പുതിയ നിയമം കാരണം വീട് നിര്‍മിക്കാതെ മേഖലയില്‍ നിന്നും പലായനം ചെയ്യേണ്ട അവസ്ഥയായിരുന്നു.
പരിസ്ഥിതി നിയമത്തിന്റെ ഭാഗമായാണ് രാജ്യത്ത് തീരം സംരക്ഷിക്കാനും തീരത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും വിജ്ഞാപനത്തിന്റെ രൂപത്തില്‍ നിയന്ത്രണങ്ങള്‍ വന്നത്. കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം 1991-ല്‍ ആദ്യത്തെ തീരപരിപാലനനിയമവിജ്ഞാപനം പുറത്തിറക്കി. തീരം സംരക്ഷിക്കുക, തീരവാസികളുടെ സുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരപ്രദേശത്തുനിന്ന് നിശ്ചിത അകലം വരെ നിര്‍മാണങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. വിജ്ഞാപനത്തിന്റെ തുടക്കത്തില്‍ തന്നെ എടുത്തുപറയുന്ന കാര്യമാണ് മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെയും തീരത്തെ തദ്ദേശവാസികളുടെയും ജീവിതസുരക്ഷ. ആഗോള താപനവും കാലാവസ്ഥാവ്യതിയാനവും സമുദ്രജലനിരപ്പ് ഉയരുന്നതും ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളുടെയും വികസനവുമായി ബന്ധപ്പെട്ട നിര്‍മിതികളുടെ പരിസ്ഥിതി ആഘാതങ്ങളുടെയും പശ്ചാത്തലത്തില്‍ തീരത്തിന്റെ ആവാസവ്യവസ്ഥയും തീരവാസികളുടെ ജീവനും ജീവനോപാധികളും സ്വത്തും സംരക്ഷിക്കുകയായിരുന്നു പ്രധാന ഉദ്ദേശ്യം. 1991-ലെ ആദ്യ വിജ്ഞാപനത്തിനു പിന്നാലെ 2011-ലും 2019-ലും 2011ലും നിയമഭേദഗതി വിജ്ഞാപനങ്ങള്‍ പുറത്തിറക്കി.
2011-ലെ വിജ്ഞാപനക്രാരം മുനിസിപ്പല്‍, കോര്പറേഷന് പ്രദേശങ്ങളെ പൊതുവെ സി.ആര്.സെഡ് രണ്ടിലും പഞ്ചായത്ത് പ്രദേശങ്ങളെ സി.ആര്.സെഡ് മൂന്നിലുമാണ് ഉള്‍പ്പെടുത്തിയിരുന്നത്. അതുകൂടാതെ, ദ്വീപ് പ്രദേശങ്ങള്‍ക്കായി സി.ആര്.സെഡ് അഞ്ച് എന്ന ഗണത്തിനും പ്രത്യേക പരിഗണന നല്കി. സി.ആര്.സെഡ് ഒന്ന് പരിസ്ഥിതിലോലപ്രദേശങ്ങളാണ്. സി.ആര്.സെഡ് രണ്ട് വികസിത പ്രദേശങ്ങളും, സി.ആര്.സെഡ് മൂന്ന് വികസിതമല്ലാത്തതും അതേസമയം ജനവാസമുള്ള പഞ്ചായത്ത് പ്രദേശങ്ങളുമാണ്. സി.ആര്.സെഡ് നാല് വേലിയിറക്കരേഖയില്‍ നിന്നു 12 നോട്ടിക്കല്‍ മൈല്‍ കടലിലേക്കുള്ള സ്ഥലം ഉള്‍പ്പെടെയുള്ളതാണ്. സി.ആര്.സെഡ് അഞ്ച് പരിധിയില്‍ വരുന്നതാണ് കേരളത്തിലെ കായല്ദ്വീപുകള് ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍.
നേരത്തെയുള്ള വിജ്ഞാപനങ്ങളിലെ അപാകവും പോരായ്മകളും സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടത്തിയും പൊതുജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചും, ശൈലേഷ് നായിക് കമ്മിറ്റി ശുപാര്‍ശകള്‍ കൂടി ഉള്‍പ്പെടുത്തിയുമാണ് 2019-ലെ സി.ആര്.സെഡ് വിജ്ഞാപനം പുറത്തിറക്കിയത്. 2019-ലെ വിജ്ഞാപനം 2011-ലെ വിജ്ഞാപനത്തെ അപേക്ഷിച്ച് തദ്ദേശവാസികളുടെ ഭവനനിര്‍മാണത്തിന് അനുകൂലമായ സാധ്യത നല്‍കിയിരുന്നു. 2011-ലെ വിജ്ഞാപനത്തില്‍ നിലവിലുള്ള പ്ലിന്ത് ഏരിയയില്‍ മാത്രമാണ് പുനര്‍നിര്‍മാണം അനുവദിക്കുന്നതെങ്കില്‍, 2019ലെ വിജ്ഞാപനത്തില്‍ തദ്ദേശവാസികള്‍ക്ക് വീടുനിര്‍മാണത്തിനും പുനര്‍നിര്‍മാണത്തിനും അനുവാദം നല്‍കിയിരുന്നു. ആവശ്യമായ ദുരന്തനിവാരണ, സാനിറ്റേഷന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടാകണമെന്നു മാത്രം. 2021 ജൂലൈയില്‍ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തെതുടര്‍ന്ന് ഇറക്കിയ സംയോജിത മത്സ്യബന്ധന വികസന പദ്ധതിയില്‍ (ഇന്റഗ്രേറ്റഡ് ഫിഷറീസ് ഡെവലപ്മെന്റ് പ്ലാന്‍ തയ്യാറാക്കുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ എടുത്തുപറയുന്നുണ്ട്. എന്നാല്‍, 2021 ആദ്യപകുതിയില്‍ തദ്ദേശഭരണകൂടങ്ങളുടെ ചര്‍ച്ചയ്ക്കായി പുറത്തിറക്കിയ കരട് പ്ലാനില്‍ ടൂറിസം സംബന്ധിച്ച കാര്യങ്ങള്‍ക്കാണു പ്രാമുഖ്യം നല്‍കിയത്. 2019-ലെ വിജ്ഞാപനത്തിലെ ടൂറിസം സാധ്യതകള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്താനായി പ്രത്യേക ഏജന്‍സിയെത്തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു. അതേസമയം, തദ്ദേശവാസികളുടെ ഭവനനിര്‍മാണ സാധ്യതകള്‍ പുതിയ വിജ്ഞാപനപ്രകാരം എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിന് വിശേഷ പരിഗണനയുണ്ടായിരുന്നില്ല. ഉള്‍നാടന്‍ ദ്വീപുകള്‍ക്കായി ഇളവുചെയ്ത 20 മീറ്റര്‍ പരിധി മാപ്പില്‍ ഉണ്ടെങ്കിലും അതിനായുള്ള ഐലന്‍ഡ് മാനേജ്മെന്റ് പ്ലാനും ഉണ്ടായിരുന്നില്ല.