വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് സാദിഖലി തങ്ങള്‍ കഴിഞ്ഞ ദിവസം വത്തിക്കാനിലെത്തിയത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ അനുഗ്രഹ പ്രഭാഷണം നടത്തുന്ന സമ്മേളനം ശിവഗിരി മഠമാണ് സംഘടിപ്പിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി ആയിട്ടാണ് സാദിഖലി തങ്ങള്‍ ക്ഷണിക്കപ്പെട്ടത്.
ഇന്നത്തെ കാലത്ത് ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഏറെ പ്രസക്തമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിരുന്നു. എല്ലാ മനുഷ്യരും ഒരു കുടുംബത്തിലെ അംഗങ്ങള്‍ എന്ന സന്ദേശമാണ് ഗുരു ലോകത്തിന് നല്‍കിയത്. ശ്രീനാരായണ ഗുരു തന്റെ ജീവിതം സമൂഹത്തിന്റെ വീണ്ടെടുപ്പിനായി സമര്‍പ്പിച്ച വ്യക്തിയാണ്. ആരോടും വേര്‍തിരിവോ വിവേചനമോ ഉണ്ടാകരുതെന്ന സന്ദേശം അദ്ദേഹം നല്കി. രാഷ്ട്രങ്ങള്‍ക്കിടയിലും വ്യക്തികള്‍ക്ക് ഇടയിലും അസഹിഷ്ണുതയും വിദ്വേഷവും വര്‍ദ്ധിച്ചുവരുന്ന ഈ കാലത്ത് ഗുരുവിന്റെ സന്ദേശം ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.