ന്യൂഡൽഹി : നാല് പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. സെബിയുടെ നിബന്ധന പാലിക്കുന്നതിന്റെ ഭാഗമാണ് ഓഹരികള്‍ വിറ്റഴിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ വാദം.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂക്കോ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിനായി അടുത്ത മാസം ധനമന്ത്രാലയം കാബിനറ്റ് അനുമതി തേടുമെന്നാണ് സൂചന.
ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്സിന് നല്കിയ റിപ്പോര്‍ട്ടിലാണ് സര്‍ക്കര്‍ വൃത്തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 93 ശതമാനം ഓഹരി പങ്കാളിത്തമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 96.4 ശതമാനവും യൂക്കോ ബാങ്കില്‍ 95.4 ശതമാനവും പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കില്‍ 98.3 ശതമാനവും പങ്കാളിത്തമുണ്ട്. ഓപ്പണ്‍ മാര്‍ക്കറ്റിലൂടെ ഓഫര്‍ ഫോര്‍ സെയില്‍ വഴിയായിരിക്കും ഓഹരി വിറ്റഴിക്കുക എന്നാണ് സൂചന.
വിപണിയുടെ മാറ്റങ്ങള്‍ക്കനുസരിച്ചാണ് ഓഹരി വില്‍പ്പന നടത്തുക. അതേ സമയം എത്ര ശതമാനം ഓഹരി വിറ്റഴിക്കണമെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. ലിസ്റ്റഡ് കമ്പനികളില്‍ 25 ശതമാനം പങ്കാളിത്തം പൊതു നിക്ഷേപകര്ക്കുണ്ടായിരിക്കണമെന്നാണ് സെബിയുടെ നിബന്ധന.
എന്നാല്‍ 2026 ഓഗസ്റ്റ് വരെ ഈ നിബന്ധന പാലിക്കുന്നതില്‍ നിന്ന് പൊതുമേഖല സ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുണ്ട് എന്നിരിക്കെയാണ് കേന്ദ്രത്തിന്റെ നടപടി.