ബെയ്റൂട്ട്: ഇസ്രയേൽ വ്യോമാക്രമണത്തിൽ ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 270 കടന്നു. 1000 ലേറെ പേർക്ക് പരിക്കേറ്റു . ആക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ രണ്ട് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയോടെയാണ് ആക്രമണമുണ്ടായത്. ആശുപത്രികൾ, സകൂളുകൾ, മനുഷ്യർ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തുന്നത്.
തെക്കൻ ലെബനനിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ പാലായനം തുടരുകയാണ്. അതേസമയം ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണം എല്ലാ അർത്ഥത്തിലും വംശഹത്യയാണെന്ന് ലെബനൻ താത്ക്കാലിക പ്രധാനമന്ത്രി നജീബ് മികാതി പ്രതികരിച്ചു.
ഇതിന് പിന്നാലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ജനങ്ങൾ മാറിയിരുന്നു. എന്നാൽ ഇത്തരം പ്രദേശങ്ങളിൽ ആക്രമണം നടത്തുകയാണ് ഇസ്രയേൽ. ലെബനനിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിലവിൽ ആശുപത്രികളിൽ ശസ്ത്രക്രിയ പോലുള്ളവ ഒഴിച്ച് മറ്റ് ചികിത്സകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. ലെബനനിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ചൈന പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.