ഡോ. പീറ്റര്‍ കൊച്ചുവീട്ടില്‍,
ഡയറക്ടര്‍, ഹെരിറ്റേജ് കമ്മീഷന്, വരാപ്പുഴ അതിരൂപത
ഓരോ പള്ളിക്കൊപ്പവും ഓരോ കരയിലും പള്ളിക്കൂടം പണിയണം എന്ന് ആര്‍ച്ച്ബിഷപ് ബര്ണര്ഡീന് ബച്ചിനെല്ലി വരാപ്പുഴ വികാരിയത്ത് അഡ്മിനിസ്ട്രേറ്ററായിരിക്കെ 1857 മാര്‍ച്ച് മാസത്തില്‍ ഇറക്കിയ സര്‍ക്കുലര്‍ വരാപ്പുഴ അതിരൂപതാ ആര്‍ക്കൈവ്സില്‍ സൂക്ഷിച്ചിട്ടുണ്ട്. ”വശനത്താലെ നാം കല്പിച്ചിരിക്കുന്ന മാതിരികയില്‍ പള്ളിക്കൂടങ്ങള്‍” നിര്‍മിക്കുവാന്‍ 1856-ല്‍ അദ്ദേഹം വാക്കാല്‍ നിര്‍ദേശിച്ചതും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ‘പള്ളിക്കൊരു പള്ളിക്കൂടം’ കല്പന 1864-ല്‍ ഇറക്കിയത് വികാരിയത്തിലെ സുറിയാനിക്കാര്‍ക്കു വേണ്ടിയുള്ള വികാരി ജനറലായിരുന്ന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനാണെന്ന് ഇത്രയും കാലം പ്രചരിപ്പിച്ചുവന്നവര് ഇപ്പോള്‍ അവരുടെ അവകാശവാദത്തില്‍ പുതിയൊരു ട്വിസ്റ്റ് വരുത്തിയിട്ടുണ്ട്: ബച്ചിനെല്ലി മെത്രാപ്പോലീത്ത 1857-ല്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ വേദോപദേശ പഠനങ്ങള്‍ക്കായുള്ള സണ്‍ഡേ സ്കൂളുകള്‍ക്കു വേണ്ടിയായിരുന്നു; പൊതുവിദ്യാലയങ്ങള്‍ ആരംഭിക്കണമെന്ന കല്പന 1864-ല്‍ ചാവറയച്ചനാണ് എഴുതിയുണ്ടാക്കി ബച്ചിനെല്ലി പിതാവിന്റെ കൈയൊപ്പോടുകൂടെ സുറിയാനിപ്പള്ളികളിലേക്ക് അയച്ചത്!
ചാവറയച്ചന്റെ കല്പനയുടെ ഫലമായി രണ്ടുവര്‍ഷംകൊണ്ട് 104 സുറിയാനി പള്ളികളില്‍ 191 സ്കൂളുകള്‍ തുറന്നുവെന്നും വികാരിയത്തിലെ ലത്തീന്‍ പള്ളികളില്‍ ബച്ചിനെല്ലി പിതാവിന്റെ കല്പനയിലൂടെ ഒരു പൊതുവിദ്യാഭ്യാസ സ്ഥാപനം പോലും ഉണ്ടായില്ലെന്നും അവര്‍ സമര്‍ത്ഥിക്കുന്നത് ചരിത്രനിഷേധമാണ്.
1845 മുതല്‍ 1868 വരെ ബച്ചിനെല്ലി മെത്രാപ്പോലീത്തായുടെ ഭരണകാലത്ത് 392 സ്കൂളുകള്‍ നിര്‍മിക്കുകയുണ്ടായി. ഓരോ സ്കൂളിനും സര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന പ്രതിമാസ ഗ്രാന്റ്, അധ്യാപക യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, കുട്ടികളുടെ ഹാജര്‍, സ്കൂള്‍ ഫീസ് തുടങ്ങിയ സ്ഥിതിവിവര കണക്കുകള്‍ സംബന്ധിച്ചും മറ്റും 1856 മുതല്‍ ബച്ചിനെല്ലി മെത്രാപ്പോലീത്ത, മദ്രാസ് പൊതുവിദ്യാഭ്യാസ ഡയറക്ടറുമായും ബ്രിട്ടീഷ് റസിഡന്റുമായും നടത്തിയ കത്തിടപാടുകളുടെ ചരിത്രരേഖകള്‍ വരാപ്പുഴ അതിരൂപതയുടെ ആര്‍ക്കൈവ്സില്‍ നിന്ന് കണ്ടെത്തി അവതരിപ്പിക്കുകയാണ് അതിരൂപതാ ഹെരിറ്റേജ് കമ്മിഷന് ഡയറക്ടറും ചരിത്രപണ്ഡിതനുമായ റവ. ഡോ. പീറ്റര്‍ കൊച്ചുവീട്ടില്‍.
മഹാമിഷനറി
മലബാര്‍ വികാരിയത്ത് ഭരിച്ചിരുന്ന മെത്രാന്മാര്ക്കിടയില് ഇന്നും ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് ആര്‍ച്ച്ബിഷപ് ബര്ണര്ഡീന് ബച്ചിനെല്ലി (1807 – 1868). തന്റെ ഇരുപത്താറാം വയസിലാണ് അദ്ദേഹം കേരളത്തില്‍ വരാപ്പുഴയില്‍ എത്തുന്നത്. നീണ്ട 35 വര്‍ഷങ്ങള്‍ ഇറ്റലിക്കാരനായ ഈ കര്‍മലീത്താ മിഷനറി കേരളസഭയെ സേവിച്ചു. മഹാമിഷനറി എന്ന അപരനാമത്താല്‍ അറിയപ്പെടുന്ന ഡോ. ബര്ണര്ഡീന് ബച്ചിനെല്ലിയുടെ ജീവചരിത്രവും അദ്ദേഹത്തിന്റെ സ്വഭാവവും വ്യക്തിത്വവും കേരള ക്രൈസ്തവരെ പുളകംകൊള്ളിക്കേണ്ടതാണ് (ഡോ. ജെയിംസ് മാത്യു പാമ്പാറ സിഎംഐ, പള്ളിക്കൊരു പള്ളിക്കൂടം കല്പന ആരുടേത്?, കര്‍മ്മലകുസുമം, 2022 ഓഗസ്റ്റ്; ദീപിക ദിനപത്രം, 2024 ജനുവരി 3 ബുധന്‍, പേജ് 6). അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞിരുന്ന കേരളസഭയെ ശുദ്ധീകരിക്കുവാന്‍ ഈ കര്‍മലീത്താ മിഷനറി അഹോരാത്രം പ്രയത്നിച്ചു. ഒരു പുരുഷായുസ്സുകൊണ്ടു ചെയ്തുതീര്‍ക്കാനാവാത്ത കാര്യങ്ങളാണ് ഈ മിഷനറി കേരളസഭയ്ക്കു നല്‍കിയത്. വൈദീകപരിശീലനപദ്ധതി ശാസ്ത്രീയമായി പരിഷ്കരിച്ചു; സ്ത്രീപുരുഷ സന്ന്യാസജീവിതം പ്രോത്സാഹിപ്പിച്ചു; കത്തോലിക്കാ വിദ്യാദാനപ്രക്രിയയ്ക്ക് പ്രാരംഭംകുറിച്ചു എന്നിങ്ങനെ നീണ്ടുപോകുന്നു അദ്ദേഹത്തിന്റെ സംഭാവനകള്‍ (ജോണ്‍ പള്ളത്ത് ഒസിഡി, ബര്‍ണഡീന്‍ മെത്രാപ്പോലീത്ത: വരാപ്പുഴ വികാരിയത്ത് – ഒരു ചരിത്രാവലോകനം, ഐഎസ് പ്രസ്, 1989, പേജുകള്‍ 1 മുതല്‍ 160 വരെ).
ബച്ചിനെല്ലി മെത്രാപ്പോലീത്തായുടെ പിന്‍ഗാമിയും വരാപ്പുഴ അതിരൂപതാധ്യക്ഷനുമായ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മെത്രാപ്പോലീത്ത ബച്ചിനെല്ലി മെത്രാപ്പോലീത്തയുടെ വിദ്യാദാന പ്രക്രിയയെ താഴെപ്പറയും വിധം സമഗ്രമായി വിവരിക്കുന്നു: നമുക്കെല്ലാം വിദ്യ പകരാനായി ‘പള്ളികള്‍തോറും മാത്രമല്ല ഓരോ കരയിലും പള്ളിക്കൂടം’ സ്ഥാപിക്കാന്‍ കല്പനയിട്ട് അക്ഷരലോകത്തേക്ക് നമ്മെ കൈപിടിച്ചുയര്‍ത്തിയ ഭാരതത്തിന്റെ മഹാമിഷനറിയാണ് അഭിവന്ദ്യ ബച്ചിനെല്ലി മെത്രാപ്പോലീത്ത. വരാപ്പുഴ ഇടവകവികാരിയായിരിക്കെ തന്റെ ഇടവകാതിര്‍ത്തിയിലുള്ള കൂനമ്മാവില്‍ ഒരു ആശാന് നടത്തിയിരുന്ന വിദ്യാഭ്യാസശാല 1836-ല്‍, തന്റെ ഇരുപത്തൊമ്പതാം വയസ്സില്‍ കാണാനിടയാവുകയും, ആശാന് ശമ്പളം നല്കാന് അദ്ദേഹം ഏര്‍പ്പാടാക്കുകയും ചെയ്തു (സെന്റ് ഫിലോമിനാസ് ഇടവക, കൂനമ്മാവ്, 150-ാം വാര്‍ഷിക ആഘോഷ സ്മരണിക, 1987, പേജ് 11). 1845ല്‍ പ്രോ-വികാരി അപ്പസ്തോലിക്കയായി അദ്ദേഹം കൊല്ലം പട്ടണത്തിലെത്തി; 1847 മുതല്‍ അനേകം സ്കൂളുകള്‍ സ്ഥാപിച്ചതായി കാണുന്നു. (Bernardin von St.Theresia, Annalen der Verbreitung des Glaubens, No. CV, Munchen, Februar, 1852). 1853ല്‍ അദ്ദേഹം വരാപ്പുഴ വികാരിയത്തിന്റെ അഡ്മിനിസ്ട്രേറ്ററായി ചുമുതലയേറ്റു. തുടര്‍ന്ന് 1856-ല്‍ പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കാന്‍ പള്ളികളോടും കരകളോടും വാക്കാല്‍ കല്പന നല്കി. 1857 മാര്‍ച്ച് മാസത്തില്‍ 25 നിയമങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും അതില്‍ നാലാമത്തെ കല്പനയായി പള്ളിക്കൊരു പള്ളിക്കൂടം കല്പന നല്കുകയുമുണ്ടായി (ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത, സര്‍ക്കുലര്‍ 21, 24 ആഗസ്റ്റ് 2024, പേജ് 161; വരാപ്പുഴ അതിരൂപത ആര്‍ക്കൈവ്സ്, പി. ബി. നമ്പര്‍ 16, മീനം, 1857).
വ്യാഖ്യാനങ്ങളില്‍ വ്യതിയാനം
ഒറ്റനോട്ടത്തില്‍ത്തന്നെ പള്ളിക്കൊരു പള്ളിക്കൂടം എന്ന പ്രസ്ഥാനത്തിന്റെയും കല്പനയുടെയും ഉപജ്ഞാതാവ് ബച്ചിനെല്ലി ആയിരിക്കവേ, യൂറോപ്യന്‍ മിഷനറിമാരോടുള്ള വിരോധമോ ലത്തീന്‍ വിദ്വേഷത്തിന്റെ ഭാഗമോ എന്നറിയില്ല, പള്ളിക്കൊരു പള്ളിക്കൂടം പ്രസ്ഥാനത്തിന്റെ ഉത്ഭവം വിശുദ്ധ ചാവറയച്ചനില്‍ ആരോപിക്കുവാനുള്ള വ്യഗ്രത ചില ചരിത്രകാരന്മാര് പ്രകടിപ്പിച്ചുപോരുന്നു. മതപാഠശാല (സണ്‍ഡേ സ്കൂള്‍) നിര്മിക്കുവാനാണ് ബച്ചിനെല്ലി മെത്രാപ്പോലീത്ത കല്പനയിട്ടതെന്നും, പൊതുവിദ്യാഭ്യാസത്തിനായുള്ള വിദ്യാലയങ്ങള്‍ സ്ഥാപിക്കുവാന്‍ ആവശ്യപ്പെട്ടുള്ള ഒരു കല്പനയല്ല അത് എന്നുള്ളൊരു വ്യാഖ്യാനം കാണുന്നു.
1857-ലെ ബച്ചിനെല്ലി മെത്രാപ്പോലീത്തയുടെ കല്പനയില് പൈതങ്ങളുടെ വേദോപദേശ പഠനത്തിനായുള്ള സണ്‍ഡേ സ്കൂളുകളുടെ ആരംഭം ഇക്കൂട്ടര്‍ ദര്‍ശിക്കുന്നു. ബച്ചിനെല്ലിയോ, അന്നത്തെ വരാപ്പുഴയിലെ ഇറ്റലിക്കാരായ കര്‍മലീത്താ മിഷനറിമാരോ പൊതുവിദ്യാഭ്യാസത്തെപ്പറ്റി യാതൊന്നും പറഞ്ഞതായോ എഴുതിയതായോ ചരിത്രരേഖകളില്ല എന്ന വാദവും കാണുന്നു (കര്‍മ്മലകുസുമം, ആഗസ്റ്റ് 2022). എന്നാല്‍, 1857-ല്‍ അല്ല 1864-ല്‍ ആണ് ചാവറയച്ചനാല് ഈ കല്പന എഴുതിയുണ്ടാക്കിയതെന്നും, ആ കല്പനയാണ് ബച്ചിനെല്ലി പിതാവിന്റെ കൈയൊപ്പോടുകൂടി സുറിയാനിപ്പള്ളികളിലേക്ക് അയക്കുവാന്‍ പുറത്തിറങ്ങിയ യഥാര്‍ഥത്തിലുള്ള പള്ളിക്കൊരു പള്ളിക്കൂടം കല്പന എന്നും ഇവര്‍ വാദിക്കുന്നു. 1865-ലാണ് ഈ കല്പന പലയിടങ്ങളിലും എത്തിയതെന്നും, 1865-ല്‍ ഈ സര്‍ക്കുലര്‍ ലഭിച്ച ഉടനെ മാന്നാനത്ത് പുതിയ സ്കൂള്‍ നിര്‍മാണം ആരംഭിച്ചുവെന്നും, മാന്നാനം നാളാഗമം, ചാവറയച്ചന്റെ ജീവചരിത്ര പഠിതാക്കളായ വലേറിയന്‍ പ്ലാന്തോട്ടം, മുണ്ടാടന്‍ തോമസ്, കെ.സി. ചാക്കോ എന്നിങ്ങനെയുള്ള ചരിത്രകാരന്മാരെ ഉദ്ധരിച്ചുകൊണ്ട് സ്ഥാപിക്കാനും മേല്പറഞ്ഞ കര്‍മ്മലകുസുമം ലേഖകന്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെ ഈ വിഷയത്തില്‍ റീത്തുപരമായ ഒരു ചേരിതിരിവ് സൃഷ്ടിച്ചിരിക്കുന്നത് കാണുവാന്‍ രസമായിരിക്കുന്നു. അതായത്, പള്ളിക്കൊരു പള്ളിക്കൂടം എന്ന വിദ്യാദാന പ്രസ്ഥാനത്തോടു ചേര്‍ന്ന് രണ്ടു കല്പനകള് കാണുന്നു എന്ന് ഇവര്‍ പറയുന്നു. ഒന്ന്, ബച്ചിനെല്ലിയുടെ 1857-ലെ സണ്‍ഡേ സ്കൂള്‍ സ്ഥാപിക്കുവാനുള്ള കല്പന; രണ്ടാമത്തേത് 1864-ല്‍ ചാവറയച്ചന് എഴുതി ബച്ചിനെല്ലിയുടെ ഒപ്പും ചാര്‍ത്തി 1865-ല്‍ സുറിയാനി പള്ളികളിലേക്ക് പൊതുവിദ്യാഭ്യാസം നടത്തുവാന്‍ അയച്ച കല്പന.
കണക്കുകളില്‍ കലര്‍പ്പ്
വരാപ്പുഴ വികാരിയത്തില്‍ 1864-ല്‍ ഒരേയൊരു കത്തോലിക്കാ സ്കൂളാണുണ്ടായിരുന്നതെന്നും, 1866 ആയപ്പോള്‍, അതായത് 1865-ല്‍ ചാവറയച്ചന് കല്പന ഇറക്കിയതിനു തൊട്ടു ശേഷമുള്ള വര്‍ഷത്തില്‍ അത് 42 സ്കൂളുകളായും, വീണ്ടും ഒരു വര്‍ഷം കഴിയുമ്പോള്‍ അത് 191 ആയും ഉയര്‍ന്നുവെന്നും കര്മ്മലകുസുമത്തിലെ മേല്പറഞ്ഞ ലേഖനത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. 104 സുറിയാനി പള്ളികളില്‍ 191 സ്കൂളുകള്‍! ഇനിയും 50 സുറിയാനി ഇടവകകളില്‍ സ്കൂളുകള്‍ സ്ഥാപിച്ചിട്ടില്ലതന്നെ! മേല്പറഞ്ഞ ലേഖനം തുടരുന്നു: സമകാലീനസമയങ്ങളിലുള്ള ലത്തീന്‍ പള്ളികളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകളില്‍ പള്ളിക്കൂടങ്ങള്‍ ഒന്നും തന്നെയില്ല! ഇക്കാരണങ്ങളാല്‍, മേല്പറഞ്ഞ പള്ളിക്കൊരു പള്ളിക്കൂടം കല്പന ചാവറയച്ചന്റേതാണ്; ചാവറയച്ചന് സുറിയാനിക്കാരുടെ മാത്രം വികാരി ജനറല്‍ ആയിരുന്നു. ബച്ചിനെല്ലിയുടെ വേദപാഠം പഠിപ്പിക്കുവാനുള്ള കല്പനയാല് അക്കാലത്തെ ക്രൈസ്തവരുടെ ജീവിതത്തില്‍ യാതൊരു ആധ്യാത്മിക വിപ്ലവവും ജനിപ്പിച്ചില്ല എന്നും, എന്നാല്‍ പള്ളിക്കൊരു പള്ളിക്കൂടം എന്ന പേരില്‍ അറിയപ്പെടുന്ന, വിശുദ്ധ ചാവറയച്ചന് കേരള സുറിയാനി കത്തോലിക്കരുടെ വികാരി ജനറല്‍ ആയിരുന്ന കാലഘട്ടത്തില്‍, 1864-ല്‍ തയ്യാറാക്കുകയും, 1865-ല്‍ ബച്ചിനെല്ലി മെത്രാപ്പോലീത്തായുടെ കൈയൊപ്പോടുകൂടി എല്ലാ സുറിയാനി പള്ളികളിലും എത്തിച്ച പൊതുവിദ്യാഭ്യാസത്തിനായുള്ള പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കുവാനുള്ള കല്പനപ്രകാരം 1865, 1866, 1867 കൊല്ലങ്ങള്‍ ആയപ്പോഴേക്കും 104 സുറിയാനി പള്ളികളില്‍ പൊതുവിദ്യാഭ്യാസത്തിനായുള്ള പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചതു മൂലം, ചാവറയച്ചന്റെ പള്ളിക്കൊരു പള്ളിക്കൂടം കല്പന കാരണത്താലാണ് കേരള സമൂഹത്തില്‍ നവോത്ഥാനവും വിദ്യാഭ്യാസ വിപ്ലവവും നടന്നതെന്നും മേല്പറഞ്ഞ കര്മ്മലകുസുമ ലേഖനത്തില്‍ കാണുന്നു.
എന്നാല്‍ കാര്യങ്ങള്‍ അപ്രകാരമല്ലെന്ന് ചരിത്ര സാക്ഷ്യങ്ങളുണ്ട്. ബച്ചിനെല്ലി മെത്രാപ്പോലീത്തായുടെ പൊതുവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന പല ചരിത്രരേഖകളും വരാപ്പുഴ അതിരൂപത ആര്‍ക്കൈവ്സില്‍ ലഭ്യമാണ്. 1836-ല്‍ കൂനമ്മാവിലും, 1852-ല്‍ കൊല്ലത്തും മറ്റും ബച്ചിനെല്ലി മെത്രാപ്പോലീത്ത നടത്തിയ സ്കൂള്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മുകളില്‍ പ്രസ്താവിച്ചിട്ടുണ്ട്. ബച്ചിനെല്ലിയുടെ കാലത്തുള്ള മലബാര്‍ വികാരിയത്ത് മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്നതിനാല്‍, 1856 മുതല്‍ തന്നെ, അതായത്, വരാപ്പുഴ വികാരിയത്തിന്റെ അഡ്മിനിസ്ട്രേറ്റര്‍ (ഹെരാക്ലിയായുടെ സ്ഥാനിക മെത്രാന്) ആയിരുന്നപ്പോള്‍ തന്നെ, മദ്രാസ് പൊതുവിദ്യാഭ്യാസ ഡയറക്ടറുമായും ബ്രിട്ടീഷ് റസിഡന്റുമായും തന്റെ ജനങ്ങളുടെ വിദ്യാഭ്യാസ പ്രശ്നങ്ങളും സ്കൂള്‍ സ്ഥാപനവും അധ്യാപകരുടെ പരിശീലനവുമെല്ലാം ബച്ചിനെല്ലി മെത്രിപ്പോലീത്ത ചര്‍ച്ച ചെയ്യുന്ന പൊതുവിദ്യാഭ്യാസ ചരിത്രരേഖകള്‍ – സംക്ഷേപവേദാര്‍ത്ഥം പഠിപ്പിക്കുന്ന സണ്‍ഡേ സ്കൂള്‍ സ്ഥാപനത്തെക്കുറിച്ചല്ല – ചിലത് താഴെ പരാമര്‍ശിക്കാം. സാന്ദര്‍ഭികമായി പറയട്ടെ, ബച്ചിനെല്ലി മെത്രാപ്പോലീത്ത ഇംഗ്ലീഷ് ഭാഷയുടെ പ്രസക്തി എത്രമാത്രം മനസ്സിലാക്കിയിരുന്നുവെന്ന് 1856-ല്‍ അദ്ദേഹം റോമിലെ തിരുസംഘത്തിന് അയച്ച ഒരപേക്ഷയിലൂടെ തെളിയുന്നു: Copia epistolae Rmi. D. Bernardini ad S. Congr. d. 30 Sept. 1856. De P. Irinaeo, missionario perito in lingua anglica, qui poterit habere curam scholae in Cochin vel etiam in Alleppey. അതിപ്രകാരമാണ്: യൂറോപ്യന്‍ വൈദികനായ ഫാ. ഇറനേവൂസിന് ഇംഗ്ലീഷ് ഭാഷയില്‍ അവഗാഹം ഉണ്ടെന്നറിഞ്ഞപ്പോള്‍, കൊച്ചിയിലും ആലപ്പുഴയിലുമുള്ള സ്കൂളുകളില്‍ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുവാന്‍ അദ്ദേഹത്തിന്റെ സേവനം ആവശ്യപ്പെട്ടുകൊണ്ടാണ് ബച്ചിനെല്ലി മെത്രാപ്പൊലീത്ത തിരുസംഘത്തിന് ഈ അപേക്ഷ നല്‍കിയത്. അതിന്റെ കോപ്പിയാണ് മുകളില്‍ ഉദ്ധരിച്ചിട്ടുള്ളത് (വരാപ്പുഴ അതിരൂപത ആര്‍ക്കൈവ്സ്, ബോക്സ് നമ്പര്‍ 8). രണ്ടു കാര്യങ്ങളാണ് ഈ രേഖയില്‍ നിന്നു തെളിയുന്നത്. ഒന്ന്, ബച്ചിനെല്ലി മെത്രാപ്പോലീത്ത ഇംഗ്ലീഷ് ഭാഷാപഠനം പ്രോത്സാഹിപ്പിച്ചിരുന്നു. രണ്ട്, 1856-ല്‍ത്തന്നെ കൊച്ചിയിലും ആലപ്പുഴയിലും മറ്റും മലബാര്‍ വികാരിയത്തിന്റെ കീഴില്‍ സ്കൂളുകള്‍ സ്ഥാപിക്കപ്പെട്ടിരുന്നു.
1856ലാണല്ലോ ”വശനത്താലെ നാം കല്പിച്ചിരിക്കുന്ന മാതിരികയില്‍ പള്ളിക്കൂടങ്ങള്‍” നിര്‍മിക്കുവാന്‍ അദ്ദേഹം ആവശ്യപ്പെടുന്നത്. 1857-ല്‍ ഒരു സര്‍ക്കുലറിലൂടെ ഓരോരോ ഇടവകയില്‍പ്പെട്ട സ്ഥലങ്ങളില്‍ ഒക്കെയിലും പള്ളിക്കൂടങ്ങള്‍ പണിയിക്കുവാന്‍ മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു (വരാപ്പുഴ അതിരൂപത ആര്‍ക്കൈവ്സ് പി.ബി. നമ്പര്‍ 16). പള്ളികളിലും കരകളിലും പള്ളിക്കൂടങ്ങള്‍ നിര്‍മ്മിക്കണമെന്ന പദപ്രയോഗമെങ്കിലും മലയാളഭാഷയില്‍ ഇദംപ്രഥമമായി കേള്‍ക്കുന്നത് ഈ ചരിത്രരേഖയിലൂടെയായിരിക്കുമെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. 1856-ല്‍ മദ്രാസിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, അക്കാലത്തെ ബ്രിട്ടീഷ് റസിഡന്റ് മുഖാന്തരം മെത്രാപ്പോലീത്തായ്ക്ക് അയച്ച ഒരു കത്ത് വരാപ്പുഴ അതിരൂപത ആര്‍ക്കൈവ്സ് ബോക്സ് നമ്പര്‍ 1ല്‍ സൂക്ഷിച്ചിട്ടുണ്ട്. മലബാര്‍ വികാരിയത്തിന്റെ ഭരണസീമയില്‍പ്പെട്ട സ്ഥലങ്ങളില്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടോ, ഉണ്ടെങ്കില്‍ ഏവ എന്നതാണ് എഴുത്തിന്റെ ഉള്ളടക്കം. 1865-ലെ ചാവറയച്ചന്റെ സര്‍ക്കുലറിനു മുമ്പുതന്നെ പൊതുവിദ്യാഭ്യാസം നല്കുന്ന സ്ഥാപനങ്ങള്‍ ഈ വികാരിയത്തില്‍ തുടങ്ങിയിട്ടുണ്ടാകുമെന്ന് ഈ കത്തിലൂടെ കരുതാവുന്നതാണ്. കൂടാതെ, 1857-ല്‍ പള്ളിക്കൊരു പള്ളിക്കൂടം കല്പനയിറക്കാന് മദ്രാസ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 1856-ലെ ഈ അന്വേഷണാത്മകമായ എഴുത്തുകുത്ത് തീര്‍ച്ചയായും മെത്രാപ്പോലീത്തയെ പ്രേരിപ്പിച്ചിട്ടുമുണ്ടാകും.
1858-ല്‍ തന്റെ വികാരിയത്തില്‍, കൊച്ചിയില്‍ രണ്ട് യൂറോപ്യന്‍ സ്കൂളുകള്‍ക്കു പുറമേ എട്ട് എലമെന്ററി സ്കൂളുകളും, 18 വേദോപദേശ സ്കൂളുകളും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി രണ്ട് സ്കൂളുകള്‍ വനാന്തരങ്ങളിലുമുണ്ട് എന്ന റിപ്പോര്‍ട്ട് നാം വായിക്കുമ്പോള്‍ (വരാപ്പുഴ അതിരൂപത ആര്‍ക്കൈവ്സ്, ബോക്സ് നമ്പര്‍ 17), 1864ല്‍പ്പോലും ഒരേയൊരു കത്തോലിക്കാ സ്കൂളാണ് വരാപ്പുഴയുടെ കീഴില്‍ ഉണ്ടായിരുന്നതായിട്ട് കര്മ്മലകുസുമത്തിലെ ലേഖനത്തില്‍ കാണുന്നത്.
പുനഃപരിശോധിക്കേണ്ട നിഗമനങ്ങള്‍
മലയാളികളെ പ്രഥമവും പ്രധാനവുമായി വിശ്വാസത്തില്‍ സ്ഥിരപ്പെടുത്തുവാന്‍ ഇവിടെ ആഗതരായ കര്‍മലീത്ത മിഷനറിമാര്‍, അവര്‍ സംസാരിക്കുമ്പോഴും എഴുതുമ്പോഴുമൊക്കെ വിശ്വാസത്തിനും ആത്മരക്ഷയ്ക്കും പ്രാധാന്യം നല്‍കുന്നുവെന്നതുകൊണ്ട്, അവരുടെ ജനങ്ങളുടെ ലൗകിക പുരോഗതിയില്‍ താല്പര്യപ്പെട്ടു കാണുന്നില്ല എന്നുള്ള ഇക്കാലത്തെ ചരിത്രനിഗമനം പുനഃപരിശോധിക്കേണ്ടതുണ്ട്.
1860-ല്‍ തന്റെ ഭരണസീമയില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ പ്രൊട്ടസ്റ്റന്റ് സ്കൂളുകളില്‍ അയക്കരുതെന്നുതന്നെ ബച്ചിനെല്ലി ശാഠ്യം പിടിക്കുന്നതു കാണാം. അന്ന് കൊച്ചിയിലെ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ഇടവകജനങ്ങള്‍ ഈ കല്പനക്കെതിരെ എഴുതുന്ന ഒരു കത്ത് വരാപ്പുഴ അതിരൂപത ആര്‍ക്കൈവ്സ് പി ബി നമ്പര്‍ 1ല്‍ ലഭ്യമാണ്. ബച്ചിനെല്ലിയുടെ പ്രസ്തുത ശാഠ്യമോ, ഈ ഇടവകയുടെ എതിര്‍പ്പോ അല്ല ഇവിടെ വിഷയം, നേരെമറിച്ച് ആ കത്തിന്റെ ഉള്ളടക്കമാണ്. കത്തോലിക്കാ സ്കൂളുകളിലെ വിദ്യാഭ്യാസനിലവാരം താഴ്ന്നതാണ്; അതുകൊണ്ടാണ് തങ്ങളുടെ മക്കളെ പ്രൊട്ടസ്റ്റന്റ് സ്കൂളുകളില്‍ അയക്കുന്നത്. പ്രൊട്ടസ്റ്റന്റ് സ്കൂളുകളിലെ പാഠ്യപദ്ധതിയും കത്തോലിക്കാ സ്കൂളുകളിലെ പാഠ്യപദ്ധതിയും തമ്മില്‍ തുലനംചെയ്യുവാന്‍ സാധ്യമല്ലാത്തവിധം പ്രൊട്ടസ്റ്റന്റ് സ്കൂളുകളിലെ നിലവാരവും അധ്യാപനവും ഉയര്‍ന്നതാണെന്നും അവര്‍ എഴുതുന്നു. വരാപ്പുഴ വികാരിയത്തില്‍ ചാവറയച്ചന്റെ ലേഖനത്തിനു മുമ്പുതന്നെ പൊതുവിദ്യാഭ്യാസം നല്കുന്ന സ്കൂളുകള്‍ സ്ഥാപിക്കപ്പെട്ടിരുന്നു എന്നു തെളിയിക്കുവാന്‍ ഈ പരാതി നമ്മെ സഹായിക്കും.
1865 എന്ന വര്‍ഷത്തിനു മുമ്പുതന്നെ, 1863-ല്‍, വികാരിയത്തിലെ റോമന്‍കത്തോലിക്കാ മിഷന് സ്കൂളുകള്‍ക്ക് പ്രതിമാസം (per mensum) 42 രൂപ ഗ്രാന്റ് നല്കുന്ന Proceedings of the Director of Public Instruction, Madras, 13 January 1863ലെ വിദ്യാഭ്യാസ വകുപ്പിന്റെ ഒരു രേഖ (വരാപ്പുഴ അതിരൂപത ആര്‍ക്കൈവ്സ് ബോക്സ് നമ്പര്‍ 1) നാം വായിക്കുമ്പോള്‍, കര്മ്മലകുസുമത്തിലെ മുകളില്‍പ്പറഞ്ഞ ലേഖനത്തിലെ ഒരു വാചകം – ”പൊതുവിദ്യാഭ്യാസത്തിനായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും ബച്ചിനെല്ലി പിതാവ് സ്ഥാപിച്ചതായി…രേഖപ്പെടുത്തിയിട്ടില്ല” – എത്രമാത്രം ചരിത്രാപരാധമാണെന്ന് സ്പഷ്ടം! അകത്തോലിക്കരായ അന്നത്തെ ബ്രിട്ടീഷ് ഭരണകൂടം കത്തോലിക്കാ സ്കൂളുകളില്‍ സംക്ഷേപവേദാര്‍ത്ഥം പഠിപ്പിക്കുവാന്‍ പ്രതിമാസം ഗ്രാന്റ് നല്‍കില്ലെന്നുള്ള വസ്തുത ഈ അവസരത്തില്‍ കൂട്ടിവായിക്കണം.
ചരിത്രതെളിവുകള്‍ ധാരാളം
1863 ഏപ്രില്‍ മാസത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എഴുത്തുമൂലം സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ പങ്കെടുക്കുവാനുള്ള അധ്യാപകരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ആവശ്യപ്പെടുന്ന കത്തും ഈ കൂട്ടത്തില്‍ കാണുന്നു (വരാപ്പുഴ അതിരൂപത ആര്‍ക്കൈവ്സ് ബോക്സ് നമ്പര്‍ 1). 1865നു മുമ്പുതന്നെ മലബാര്‍ വികാരിയത്തില്‍ സ്കൂളുകളും അധ്യാപകരും എല്ലാം ഉണ്ടായിരുന്നുവെന്നാണല്ലോ ഇതൊക്കെ തെളിയിക്കുന്നത്? 1864-ലെ മറ്റൊരു രേഖയില്‍ പൈതങ്ങള്‍ക്ക് പഠിക്കാനുള്ള ആദ്യപാഠങ്ങളെക്കുറിച്ച് ബച്ചിനെല്ലി എഴുതുന്നുണ്ട്. മക്കളെ കന്നുകാലികളെ തീറ്റുവാന്‍ വിട്ടാല്‍ പോരാ, മാതാപിതാക്കള്‍ മക്കളെ എഴുത്തഭ്യാസം മുതലായ നല്ല പഠിത്വങ്ങളെ പഠിപ്പിക്കണമെന്നുള്ളതാണ് ഈ കല്പന (വരാപ്പുഴ അതിരൂപത ആര്‍ക്കൈവ്സ് ബോക്സ് നമ്പര്‍ 16). ചാവറയച്ചന് പള്ളിക്കൊരു പള്ളിക്കൂടം കല്പന ഇറക്കിയെന്നു പറയുന്ന 1865-ാം ആണ്ടാകുമ്പോള് ബച്ചിനെല്ലി മെത്രാപ്പോലീത്തായുടെ പൊതുവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ബഹുദൂരം മുന്നേറിക്കഴിഞ്ഞു എന്നതിനുള്ള തെളിവാണ് താഴെപ്പറയുന്ന, വരാപ്പുഴ അതിരൂപത ആര്‍ക്കൈവ്സ് ബോക്സ് 1ല്‍ കാണുന്ന മറ്റൊരു എഴുത്ത്. ഈ എഴുത്തിലൂടെ ബച്ചിനെല്ലി മെത്രാപ്പോലീത്തായോട് വികാരിയത്തിലുള്ള വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കുന്നതാണ് ഈ ചരിത്രരേഖ. ഏതു പ്രവര്‍ത്തികളിലാണ് (വില്ലേജ്) സ്കൂളുകള്‍ സ്ഥാപിച്ചിട്ടുള്ളത്, സ്കൂളിന്റെ മേല്‍വിലാസം എന്താണ്, ആണ്‍കുട്ടികളുടെ ഹാജര്‍ എത്ര, ഫീസ് ഈടാക്കുന്നുണ്ടോ, മാസാവസാനം ശേഖരിക്കുന്ന ഫീസ് എത്ര, ഏതെല്ലാം ഭാഷകളും വിഷയങ്ങളും പഠിപ്പിക്കുന്നു എന്നിങ്ങനെ പോകുന്നു അന്വേഷണം. ഇതോടനുബന്ധിച്ചുള്ള ചില കത്തുകളില്‍ സ്കൂളുകളെക്കുറിച്ചുള്ള പരാതികളും എതിര്‍പ്പുകളും പ്രകടിപ്പിക്കുന്ന രേഖകളുമുണ്ട്. കൊച്ചിയിലും തിരുവിതാംകൂറിലുമുള്ള സ്കൂളുകളുടെ അറ്റകുറ്റപ്പണികള്‍ക്കും, സാധുജനങ്ങളെ സഹായിക്കുന്നതിനായിട്ടുള്ള ധനശേഖരണത്തെക്കുറിച്ചും പരാമര്‍ശിക്കുന്ന രേഖകളാല്‍ സമ്പുഷ്ടമാണ് ഈ വിഭാഗത്തിലുള്ള മറ്റ് കത്തുകള്‍.
1868 സെപ്റ്റംബര്‍ 5നാണല്ലോ ബച്ചിനെല്ലി മെത്രാപ്പോലീത്തായുടെ മഹാചരമം. അതിനു മുമ്പ് അദ്ദേഹം സമര്‍പ്പിച്ചിട്ടുള്ള തന്റെ വികാരിയത്തിലെ വിദ്യാഭ്യാസപരവും മതപരവുമായ സ്റ്റാറ്റിസ്റ്റിക്സ് പരിശോധിക്കുമ്പോള്‍, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളും മതപരമായ സ്ഥാപനങ്ങളും തന്റെ ഭരണസീമയില്‍പ്പെട്ട സ്ഥലങ്ങളില്‍ എത്രമാത്രം ശക്തിപ്പെട്ടിരുന്നുവെന്നത് നമ്മെ അത്ഭുതപരതന്ത്രരാക്കുന്നു! പള്ളികള്‍ 370 എണ്ണം, സ്കൂളുകള്‍ 392 എണ്ണം, എട്ട് കോണ്‍വെന്റുകള്‍, നാല് സെമിനാരികള്‍, മൊത്തം 774 സ്ഥാപനങ്ങള്‍. തന്റെ മുന്‍ഗാമി ലുദ്വിക്കോ മര്‍ത്തീനിയുടെ ഭരണകാലം 1844 മുതല്‍ 1853 വരെയാണ്. നോക്കുക, ബച്ചിനെല്ലി മെത്രാപ്പോലീത്തായുടെ പൊതുവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും മറ്റും മുന്‍ഗാമികളുടേതിനെക്കാള്‍ എത്രമാത്രം പുരോഗതി പ്രാപിച്ചിരിക്കുന്നു!
ലെയനാര്‍ദോ മെല്ലാനോയുടെ സാക്ഷ്യം
ബച്ചിനെല്ലി മെത്രാപ്പോലീത്തായുടെ പിന്‍ഗാമിയായ ആര്‍ച്ച്ബിഷപ് ലെയനാര്‍ദോ മെല്ലാനോ (1851 മുതല്‍ ബച്ചിനെല്ലിയോടൊപ്പം വരാപ്പുഴയിലും മറ്റും ഒരുമിച്ചു താമസിക്കുകയും വരാപ്പുഴ ഇടവക വികാരി, വരാപ്പുഴ സെമിനാരി റെക്ടര്‍ എന്നീ പദവികള്‍ അലങ്കരിക്കുകയും, ബച്ചിനെല്ലിതന്നെ തന്റെ പിന്‍ഗാമിയായി നാമനിര്‍ദേശം ചെയ്തതുമായ വ്യക്തി) ബച്ചിനെല്ലിയുടെ സംഭാവനകളും അതിന്റെ സ്വഭാവവും എന്തായിരുന്നുവെന്ന് ബച്ചിനെല്ലിയുടെ നിര്യാണത്തിന് നാലു വര്‍ഷങ്ങള്‍ക്കുശേഷം, അതായത് 1872-ല്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലൂടെ സ്ഥാപിക്കുന്നുണ്ട്. അത്, ബച്ചിനെല്ലിയുടെ തനതു സംഭാവനകളായ സണ്‍ഡേ സ്കൂള്‍ സ്ഥാപനചരിത്രവും പൊതുവിദ്യാഭ്യാസ-സ്കൂള്‍ സ്ഥാപനചരിത്രവും ആണ് (Leonardo Mellano, Pastorales literae…Leonardi Mellano, വരാപ്പുഴ അച്ചുകൂടം, 1893, pp 76, 77). അത് താഴെ വിവരിക്കുന്നു: ശാസ്ത്രങ്ങള്‍ രണ്ടുതരമുണ്ട്; മോക്ഷത്തിനടുത്ത ശാസ്ത്രവും, ലൗകികശാസ്ത്രവും. മെല്ലാനോ തുടര്‍ന്ന് എഴുതുന്നു: ബാലകര്‍ ആദ്യം മോക്ഷത്തിനടുത്ത ഉന്നതശാസ്ത്രം അഭ്യസിക്കണം. എന്നാല്‍ ലൗകികശാസ്ത്രങ്ങള് അഭ്യസിക്കുന്നതില്‍ ഉദാസീനത പാടില്ല. അത് പ്രസാദവും സന്തോഷവും നല്കുന്നു. മക്കള്‍ ധര്മ്മച്യുതിയില്പ്പെടാതെയും, അവിശ്വാസികളായി മാറാതെയും, പഠിക്കുവാന്‍ ആവശ്യമുള്ള വിഷയങ്ങള്‍, അക്ഷരാഭ്യാസം, വാചാലകം മുതലായ വിഷയങ്ങള്‍ പഠിച്ച് ഐശ്വര്യം പ്രാപിക്കണമെന്ന് അനുവദിക്കുക മാത്രമല്ല താല്പര്യപ്പെടുകയും ചെയ്യുന്നു. ജ്ഞാനവും നന്മയും ഒരുമിച്ചുപോകുന്നു. തുടര്‍ന്നുള്ള ഭാഗങ്ങള്‍ നമ്മുടെ ശ്രദ്ധയെ ബച്ചിനെല്ലി മെത്രാപ്പോലീത്തായുടെ പൊതുവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലേക്കും, അദ്ദേഹം പുറപ്പെടുവിച്ച പള്ളിക്കൊരു പള്ളിക്കൂടം കല്പനയിലേക്കും തിരിക്കുവാന്‍ പര്യാപ്തമാണ്. മെല്ലാനോ തുടരുന്നു: മേല്‍പ്പറഞ്ഞ ന്യായങ്ങളാലാണ് നമ്മുടെ വന്ദിക്കപ്പെട്ട കാരണവന്‍ (സര്‍ക്കുലറുകളില്‍ പലപ്പോഴും തന്റെ മുന്‍ഗാമിയെ കാരണവന്‍ എന്നാണ് മെല്ലാനോ വിശേഷിപ്പിക്കുന്നത്) ഇടവകകളില്‍ മാത്രമല്ല എല്ലാ കരകളിലും സ്കൂളുകള്‍ സ്ഥാപിക്കണമെന്നും, ഉത്സാഹത്തോടെ വേദാര്‍ത്ഥങ്ങള്‍ പഠിപ്പിക്കണമെന്നും ബഹുതാല്പര്യത്തോടുകൂടെ ശിക്ഷകളുടെ കീഴിലും കല്പനയിട്ടത്. 1871 ജനുവരി 3നാണ് വിശുദ്ധ ചാവറ കുര്യാക്കോസ് നിര്യാതനായത്. വിശുദ്ധ ചാവറയച്ചനാണ് മേല്‍പ്പറഞ്ഞ കല്പന വരാപ്പുഴ വികാരിയത്തില്‍ പുറപ്പെടുവിച്ചതെങ്കില്‍ ആര്‍ച്ചുബിഷപ് മെല്ലാനോ 1872-ല്‍ അങ്ങനെതന്നെ പ്രസ്താവിക്കുമായിരുന്നു.
ആത്മീയശാസ്ത്രവും ലൗകികശാസ്ത്രവും സമഞ്ജസമായി സമ്മേളിപ്പിച്ച ദീര്‍ഘദര്‍ശി
വിശുദ്ധ തോമസ് അക്വിനാസിനാല് സ്ഥാപിക്കപ്പെട്ട സ്കൊളാസ്റ്റിക് തത്വശാസ്ത്രവും ദൈവശാസ്ത്രവും യൂറോപ്പിലെ കലാശാലകളില്‍ പഠിച്ച് ആ വിഷയങ്ങളില്‍ അഗ്രഗണ്യരായി മാറിക്കൊണ്ട് കേരളസഭയിലെ വൈദീക-സന്ന്യാസ രൂപീകരണവും അല്മായ ശാക്തീകരണവും നടത്തുവാന്‍ ഇവിടേക്ക് പുറപ്പെട്ടവരാണ് കേരളത്തില്‍ പ്രവര്‍ത്തിച്ച എല്ലാ മിഷനറിമാരും. അവര്‍ എല്ലാറ്റിലുമുപരിയായി മോക്ഷമാര്‍ഗ്ഗത്തെക്കുറിച്ച് എഴുതുകയും പഠിപ്പിക്കുകയും ചെയ്തു എന്നത് സത്യമാണ്. പള്ളിക്കൊപ്പം പള്ളിക്കൂടം നിര്‍മിക്കുവാന്‍ ആവശ്യപ്പെടുന്ന കല്പനയിലും സംക്ഷേപവേദാര്‍ത്ഥം പഠിപ്പിക്കണമെന്ന് എഴുതിയത് ഉറപ്പായിട്ടും അക്കാലത്തെ തിരുസഭയുടെ ചിന്താരീതി പ്രകാരമാണ്. ആ ചിന്താഗതി രൂപപ്പെടുത്തിക്കൊണ്ടിരുന്നത് സ്കൊളാസ്റ്റിസിസവും മിസ്റ്റിസിസവും ഒക്കെയാണെന്ന് തത്വശാസ്ത്ര-ദൈവശാസ്ത്ര പഠിതാക്കള്‍ക്ക് പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. സംക്ഷേപവേദാര്‍ത്ഥം സ്കൂളുകളില്‍ ഞായറാഴ്ച തോറും പഠിപ്പിക്കണം എന്ന പ്രമാണം പള്ളിക്കൊരു പള്ളിക്കൂടം കല്പനയില് കടന്നുവരുന്നത് ഈ മോക്ഷചിന്തയും, എല്ലാവരും ആത്മരക്ഷ പ്രാപിക്കണം എന്നുള്ള സുവിശേഷ ആഹ്വാനപ്രകാരവുമാണ്. എന്നതുകൊണ്ട് ലൗകീകശാസ്ത്ര ജ്ഞാനവും പൊതുവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ഇവര്‍ അവഗണിച്ചുകളഞ്ഞു എന്നുള്ള ചരിത്രനിഗമനം (ഡോ. ജെയിംസ് മാത്യു പാമ്പാറ സിഎംഐ, പള്ളിക്കൊരു പള്ളിക്കൂടം കല്‍പ്പന ആരുടേത്?, കര്‍മ്മലകുസുമം, 2022 ആഗസ്റ്റ്; ദീപിക ദിനപത്രം, 2024 ജനുവരി 3 ബുധന്‍, പേജ് 6) വാസ്തവവിരുദ്ധവും ചരിത്രരേഖകളോടുള്ള മനഃപൂര്‍വമായ പുറംതിരിഞ്ഞുനില്ക്കലുമാണ്.
ബച്ചിനെല്ലി മെത്രാപ്പോലീത്ത ആത്മീയശാസ്ത്രവും (Ratio Superior), ലൗകികശാസ്ത്രവും (Ratio Inferior) സമഞ്ജസമായി സമ്മേളിപ്പിക്കുന്നു എന്നതിനുള്ള തെളിവാണ് അദ്ദേഹത്തിന്റെ പള്ളിക്കൊപ്പം പള്ളിക്കൂടം കല്പന. പള്ളിക്കൊപ്പം പള്ളിക്കൂടം കല്പനയില് രണ്ടുകാര്യങ്ങള്‍ കാണുന്നുണ്ട്, ഒന്ന്, എല്ലാ ഇടവകകളിലും കരകളിലും ദേശങ്ങളിലുമെല്ലാം സ്കൂളുകള്‍ നിര്‍മിക്കണമെന്ന ആഹ്വാനം. ഈ ആഹ്വാനപ്രകാരമുള്ള പൊതുവിദ്യാഭ്യാസ-സ്കൂള്‍ പ്രവര്‍ത്തനങ്ങളുടെ ഫലമായി 1845 മുതല്‍ 1868 വരെ ബച്ചിനെല്ലി മെത്രാപ്പോലീത്തായുടെ ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട 392 സ്കൂളുകളുടെ നിര്‍മ്മാണ ചരിത്രവും, അദ്ധ്യാപക യോഗ്യതാപരിശീലന പരീക്ഷയില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍വേണ്ടി അവരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്തതും, ഓരോ സ്കൂളിനും 42 രൂപ പ്രതിമാസ ഗ്രാന്റ് ലഭിക്കുന്ന വിവരവും, കുട്ടികളുടെ ഹാജര്‍, സ്കൂളുകളിലെ ഫീസ് മുതലായവയെക്കുറിച്ചുള്ള വിവരാന്വേഷണവും, ഏതേതു വില്ലേജുകളില്‍ സ്കൂളുകള്‍ സ്ഥാപിച്ചിട്ടുണ്ട് എന്ന വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണവും റിപ്പോര്‍ട്ടും, സ്കൂളുകളുടെ നിലവാരത്തെക്കുറിച്ചുള്ള പരാതികള്‍, തിരുവിതാംകൂറിലും കൊച്ചിയിലുമുള്ള സ്കൂളുകളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള ധനശേഖരണം പ്രതിപാദിക്കുന്ന രേഖകള്‍ ഉള്‍പ്പെടെയുള്ള പൊതുവിദ്യാഭ്യാസ ചരിത്രരേഖകളും ഈ ലേഖനത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്, ഇടവകകളിലും കരകളിലും സ്കൂളുകള്‍ സ്ഥാപിക്കണമെന്നുള്ള കല്പനയുടെ തുടര്പ്രവര്ത്തനങ്ങളാണെന്നു വ്യക്തമാണ്. സ്കൂളുകള്‍ സ്ഥാപിച്ചതിനു ശേഷം ആഴ്ചയില്‍ ചുരുങ്ങിയത് അഞ്ചു ദിവസമെങ്കിലും വിദ്യാര്‍ത്ഥികളും അധ്യാപകരും ആ സ്കൂളുകളില്‍ വിദ്യാഭ്യാസവും അധ്യാപനവും നടത്തിയിരുന്നു എന്ന് ഈ രേഖകള്‍ സംശയലേശമെന്യേ തെളിയിക്കുന്നു. ഇതാണ് പള്ളിക്കൊരു പള്ളിക്കൂടം കല്പ്പനയുടെ ആദ്യത്തെ പ്രായോഗിക വശം. പള്ളിക്കൊരു പള്ളിക്കൂടം കല്പനയില് പൊതുവിദ്യാഭ്യാസ പ്രക്രിയയെക്കുറിച്ച് കാണുന്നില്ലെന്നും, മതവിദ്യാഭ്യാസത്തെക്കുറിച്ച് (സംക്ഷേപവേദാര്‍ത്ഥം പഠിപ്പിക്കണം) കാണുന്നുവെന്നും പറഞ്ഞുകൊണ്ട് ബച്ചിനെല്ലി മെത്രാപ്പോലീത്ത ഇറക്കിയ കല്‍പ്പന സണ്‍ഡേ സ്കൂള്‍ സ്ഥാപിക്കാനാണെന്നു പറയുന്നത് എത്ര മൗഢ്യമാണ്! 1887 മുതല്‍ 1919 വരെയുള്ള ചരിത്രരേഖകള്‍ സൂക്ഷിച്ചിട്ടുള്ള വരാപ്പുഴ അതിരൂപത ആര്‍ക്കൈവ്സ് ബോക്സ് നമ്പര്‍ 2ല്‍ കാണുന്ന ഇറ്റാലിയന്‍ ഭാഷയിലുള്ള മറ്റൊരു ചരിത്രരേഖ ഈ വിഷയത്തില്‍ ഉദ്ധരിക്കാം: Le Schole primarie da Msgr Bernardino furono instituti in tutte le parochie non sono una ma molte dove si insegnava il piccolo e grande… മോണ്‍സിഞ്ഞോര്‍ ബര്ണര്ഡിനാല് ഒന്നല്ല, ധാരാളം പ്രൈമറി സ്കൂളുകള്‍ എല്ലാ ഇടവകകളിലും സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നും, അവിടെ കുഞ്ഞുങ്ങളും മുതിര്‍ന്നവരും പഠിക്കുന്നുണ്ടെന്നുമാണ് ഈ രേഖയുടെ സാരം. ഈ ഇടവകകളിലൊക്കെയും പ്രൈമറി സ്കൂളുകള്‍ സ്ഥാപിച്ചത് ബച്ചിനെല്ലി മെത്രാപ്പോലീത്തായാണെന്ന് ഈ കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഈ വിഷയത്തില്‍ ദുരൂഹത നീക്കുവാന്‍ പര്യാപ്തമായ ചരിത്രരേഖ തന്നെയാണ്.
പള്ളിക്കൊരു പള്ളിക്കൂടം കല്പനയുടെ രണ്ടാമത്തെ വശം വളരെ വ്യക്തമാണ്. അതായത്, ഇപ്രകാരം നിര്‍മ്മിക്കപ്പെട്ട സ്കൂളുകളില്‍ ഓരോ ഇടവകയിലും കുട്ടികള്‍ ഒരു മൈല്‍ ദൂരത്തില്ക്കൂടുതല് നടക്കുവാന്‍ ഇടവരാത്ത വിധം ഒന്നോ അതിലധികമോ സണ്‍ഡേ സ്കൂളുകള്‍ പണിയണമെന്നും, അവയില്‍ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഉച്ചയ്ക്കുശേഷം രണ്ടു മണിക്കൂര്‍ വീതം വേദപാഠ പഠനവും പരീക്ഷയും നടത്തണമെന്നുമുള്ള ആഹ്വാനമാണ് ഈ രണ്ടാമത്തെ വശം (വരാപ്പുഴ അതിരൂപത ആര്‍ക്കൈവ്സ് പി. ബി. നമ്പര്‍ 16; ഡോ. ജെയിംസ് മാത്യു പാമ്പാറ സിഎംഐ, പള്ളിക്കൊരു പള്ളിക്കൂടം കല്‍പ്പന ആരുടേത്?, കര്‍മ്മലകുസുമം, 2022 ആഗസ്റ്റ്; ദീപിക ദിനപത്രം, 2024 ജനുവരി 3 ബുധന്‍, പേജ് 6).
”തിങ്കള്‍ മുതല്‍ വെള്ളിവരെ പൊതുവിദ്യാഭ്യാസം നല്കുന്ന പൊതുവിദ്യാലയങ്ങള്‍” (ibid, കര്‍മ്മലകുസുമം, ആഗസ്റ്റ് 2022) ബച്ചിനെല്ലി പിതാവ് തന്റെ വികാരിയത്തില്‍ നിര്മ്മിച്ചിരുന്നില്ലെങ്കില് എന്തുകൊണ്ടാണ് ”പള്ളികളില്‍ ചുറ്റി സഞ്ചരിച്ച് വിദ്യാലയങ്ങളുടെ നടത്തിപ്പ്, കുട്ടികളുടെ വേദപഠനം, ജനങ്ങളുടെ നല്ല വ്യാപാരം ഇവയ്ക്കായി കാര്യങ്ങള്‍ അന്വേഷിക്കുന്നതിനായി” കുര്യാക്കോസ് ഏലീശാച്ചന്‍, കാപ്പില്‍ മത്തായി മറിയം അച്ചന്, കനാട്ടു യാക്കോബു മറിയം അച്ചന്, കട്ടക്കയത്ത് ചാണ്ടിയച്ചന്, തട്ടാശ്ശേരില്‍ സക്കറിയാച്ചന്‍ മുതലായി കര്‍മലീത്ത മൂന്നാം സഭയില്‍ നിന്നു ചിലരെയെല്ലാം പത്തും പന്ത്രണ്ടും വീതം പള്ളികളുടെ മേലാളുകളായി ദപ്പൂത്താദുമാര് എന്ന സ്ഥാനത്തില്‍ 1856 മുതല്‍ ബച്ചിനെല്ലി പിതാവ് നിയമിച്ച് അവരോധിച്ച് സ്കൂളുകളുടെ നടത്തിപ്പ് അറിയുവാന്‍ അയച്ചത്? (ഫാ. ബെര്‍ണാര്‍ദ് തോമ ക.നി.മൂ.സ. മാര്‍ത്തോമാ ക്രിസ്ത്യാനികള്‍, സിഎംഐ & പെല്ലിശ്ശേരി, കോട്ടയം, 1992, പേജ് 716). സ്കൂളുകള്‍ ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് സ്കൂളുകളുടെ നടത്തിപ്പ് അന്വേഷിക്കുന്നതിന് ബച്ചിനെല്ലി മെത്രാപ്പോലീത്ത പ്രതിനിധികളെ അയക്കുന്നത്? അതും 1856 മുതല്‍?
അതുകൊണ്ട് ബച്ചിനെല്ലി മെത്രാപ്പോലീത്ത സ്ഥാപിച്ച സ്കൂളുകളില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ ഭാഷകളും മറ്റു വിഷയങ്ങളും പഠിക്കുവാന്‍ വിദ്യാര്‍ഥികളും പഠിപ്പിക്കുവാന്‍ അധ്യാപകരും ഉണ്ടായിരുന്നുവെന്നും, ആ സ്കൂളുകളില്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞ് വേദോപദേശം പഠിപ്പിച്ചിരുന്നു എന്നും ഇവിടെ പ്രതിപാദിച്ചിട്ടുള്ള ചരിത്രരേഖകള്‍ തെളിയിക്കുന്നു.