തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തുള്ള മനുഷ്യരുടെ മുഴുവന്‍ കടബാധ്യതയമ് എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് എസ്എല്‍ബിസി (ബാങ്കിങ് സമിതി) യോഗത്തില്‍ ആവശ്യപ്പെട്ടു.
ഈ ഹതഭാഗ്യരെടുത്ത വായ്പകള്‍ ഓരോ ബാങ്കുകള്‍ ആകെ കൊടുത്ത വായ്പയുടെ ചെറിയ ഭാഗം മാത്രമാണ്. ദുരന്തമുണ്ടായത് ചെറിയ ഭൂപ്രദേശത്താണ്. അവിടെയുള്ളവരുടെ വായ്പയെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. അവര്‍ക്ക് ഇപ്പോള്‍ തിരിച്ചടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അതില്‍ മാതൃകാപരമായ നടപടിയുണ്ടാകേണ്ടതാണ്. വായ്പകളുടെ കാര്യത്തില്‍ കേരള ബാങ്ക് സ്വീകരിച്ച മാതൃകാപരമായ പിന്തുടരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു .
തിരിച്ചടവ് കാലാവധി നീട്ടിക്കൊടുക്കലോ, പലിശ ഇളവ് അനുവദിക്കുന്നതോ പ്രശ്നപരിഹാരമല്ല.
വായ്പ എടുത്തവരില്‍ പലരും ഇപ്പോള്‍ നമ്മോടൊപ്പമില്ല. ആ ഭൂമിയില്‍ ഇനി ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. നിങ്ങളുടെ ബാങ്കുകളുടെ കൂട്ടത്തില്‍ താങ്ങാനാവാത്തതല്ല ആ വായ്പകള്‍. ഏതൊരു ബാങ്കിനും താങ്ങാവുന്ന തുകയേ അതാകുന്നൂള്ളൂ.
യോഗത്തില്‍ പങ്കെടുക്കുന്ന റിസര്‍വ് ബാങ്കിന്റേയും നബാര്‍ഡിന്റേയും അധികാരികള്‍ ഇതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ചെറിയ സഹായധനം സര്‍ക്കാര്‍ കൊടുത്തു. ഇത് ബാങ്കു വഴിയാണല്ലോ കൊടുക്കുക. കേരള ഗ്രാമീണ്‍ ബാങ്കില്‍ പണം എത്തിയപ്പോള്‍ അവര്‍ ബാധ്യതയില്‍ നിന്നും ഈടാക്കുകയാണ് ചെയ്തത്. ഇതുപോലൊരു ഘട്ടത്തില്‍ ആരും യാന്ത്രികമായി പെരുമാറാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.