കൊച്ചി : രൂക്ഷമായ കടൽകയറ്റ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തിൽ ജനങ്ങൾ ഫോർട്ടുകൊച്ചി ആലപ്പുഴ തീരദേശ പാത ഉപരോധിക്കുന്നു. കണ്ണമാലി പൊലീസ് സ്റ്റേഷന് സമീപമുള്ള ജനകീയ വേദി സമരപന്തലിന് സമീപത്താണ് സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പടെ ആയിരങ്ങൾ റോഡ് ഉപരോധിക്കുന്നത് .
2019 ഒക്ടോബർ മാസം മുതൽ സമരരംഗത്തുള്ള ചെല്ലാനം കൊച്ചി ജനകീയ വേദി ഇതിനകം നിരവധി പ്രക്ഷോഭങ്ങൾ നടത്തിയെങ്കിലും അധികാരികളുടെ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല .
2021-ൽ ചെല്ലാനം കൊച്ചി തീരത്ത് 10 കി.മീ. സ്ഥലത്ത് സിഎംഎസ് പാലം വരെ കരിങ്കൽ ഭിത്തിയും ടെട്രാ പോഡും ബസാർ – വേളാങ്കണ്ണി പ്രദേശത്ത് 6 പുലി മുട്ടുകളും, പുത്തൻ തോട് – കണ്ണമാലി പ്രദേശത്ത് 9 പുലി മുട്ടുകളും നിർമ്മിക്കുന്നതിനായി സർക്കാർ ഭരണാനുമതി കൊടുത്തിരുന്നു. 344.2 കോടി രൂപ കിഫ്ബിയിലൂടെ നീക്കിവെക്കുകയും ചെയ്തിരുന്നു.. എന്നാൽ 7.36 കി.മീ. സ്ഥലത്ത് കടൽ ഭിത്തിയും 6 പുലി മുട്ടുകളും നിർമ്മിച്ചപ്പോൾ തന്നെ നീക്കി വച്ച പണം തീർന്നു പോയി എന്നാണ് അധികൃതരുടെ വാദം .ഈ വാദം അംഗീകരിക്കാനാവില്ലെന്ന് സമരത്തിന് നേതൃത്വം നൽകുന്ന ജനകീയ വേദി ഭാരവാഹികളായ വി ടി സെബാസ്റ്റ്യൻ, അഡ്വ തുഷാർ നിർമൽ സാരഥി, സുജ ഭാരതി, ജോസഫ് ജയൻ കുന്നേൽ എന്നവർ പറഞ്ഞു .
“2023 ജൂൺ 9 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പുത്തൻ തോട് വന്നപ്പോൾ പറഞ്ഞത് അടുത്ത ഘട്ടം പണിയാൻ 320 കോടി വേണമെന്നും 2023 നവംബർ ഒന്നിന് പണി തുടങ്ങുമെന്നും ആയിരുന്നു. 2023 ഒക്ടോബർ 3 ന് ചെല്ലാനത്ത് വെച്ച് മന്ത്രി . പി രാജീവ് പറഞ്ഞത് രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് 247 കോടി പാസായി എന്നാണ്. എന്നാൽ ഇപ്പോൾ പറയുന്നത് കിഫ്ബിക്ക് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തി അതിനാൽ പണി നടക്കില്ല എന്നാണ്.
തീരദേശ പാതയ്ക്കും കെ റെയിലിനും പണദൗർലഭ്യം ഇല്ലാത്തിടത്ത് തീരസുരക്ഷയ്ക്ക് മാത്രം പണമില്ലെന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ല എന്ന് സമരനേതാക്കൾ പറഞ്ഞു . കൊച്ചിൻ പോർട്ട് ഡ്രഡ്ജ് ചെയ്തു പുറം കടലിൽ തള്ളുന്ന മണ്ണും ചെളിയും തീരത്ത് നിക്ഷേപിച്ച് തീര പുനർനിർമ്മാണം സാധ്യമാണെന്നിരിക്കെ അത്തരം സാധ്യതകളൊന്നും പരിശോധിക്കാൻ സർക്കാർ തയ്യാറാകാത്തത് ദുരൂഹമാണെന്നും അവർ ആരോപിക്കുന്നു . സർക്കാരിന്റെ ഈ അനാസ്ഥയ്ക്കെതിരെ ശക്തമായ സമരം തുടരാനാണ് ജനകീയ വേദിയുടെ തീരുമാനമെന്നും റോഡ് ഉപരോധം അതിന്റെ ഭാഗമാണെന്നും വേദി ഭാരവാഹികൾ പറഞ്ഞു .