പ്രഫ. ഷാജി ജോസഫ്
Tangerines (Estonia/87 minutes/2013
Director: Zaza Urushadze
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം കിഴക്കന്‍ യൂറോപ്പിനെ ഉലച്ച ആഭ്യന്തര യുദ്ധങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു ‘ടാംഗറിന്‍സ്’. 1992ലെ ജോര്‍ജിയയും അബ്ഖാസിയയും തമ്മിലുള്ള സംഘര്ഷത്തിനിടയിലാണ് സിനിമ നടക്കുന്നത്. അന്നുവരെ ഒന്നായിരുന്ന ചെറുരാജ്യങ്ങള്‍ പലതും തമ്മിലടിക്കാന്‍ തുടങ്ങി. പുതുതായി സ്വതന്ത്രമായ ജോര്‍ജിയയിലെ വിഘടനവാദ മേഖലയായ അബ്ഖാസിയയിലെ എസ്തോണിയന്‍ വംശജരുടെ ഒരു ഗ്രാമത്തില്‍ ജോര്ജിയക്കാര് റഷ്യയുടെ പിന്തുണയോടെ, വിഘടനവാദികളായ അബ്ഖാസിയന്മാരുമായി യുദ്ധം ചെയ്യുന്നു. ജോര്‍ജിയയില്‍ നിന്ന് സ്വാതന്ത്ര്യത്തിനായി പോരാടുകയാണ് വിഘടന വാദികള്‍. യുദ്ധം ആരംഭിച്ചതോടെ കാലങ്ങളായി അവിടെ താമസിച്ചിരുന്ന എസ്റ്റോണിയക്കാര്‍ അവരുടെ മാതൃരാജ്യത്തേക്ക് തിരിച്ചു പോകുകയും തത്ഫലമായി അബ്കാസിയയിലെ എസ്റ്റോണിയന്‍ ഗ്രാമങ്ങള്‍ വിജനമാവുകയും ചെയ്തു. കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ നിരവധി എസ്റ്റോണിയക്കാര്‍ പര്‍വതങ്ങള്‍ക്കിടയിലുള്ള ഈ പ്രദേശത്ത് താമസിച്ചിരുന്നുവെങ്കിലും യുദ്ധകാലത്ത് സ്വന്തം നാട്ടിലേക്ക് മടങ്ങി.
യുദ്ധം പൊട്ടിപ്പുറപ്പെട്ടെങ്കിലും തന്റെ ആദായകരമായ ടാംഗറിന്‍ പഴങ്ങള്‍ വിളവെടുക്കുന്നത് വരെ മര്ഗസിന് (എല്‍മോ നഗനെന്) അവിടെ തങ്ങിയേ പറ്റൂ. വിദഗ്ദനായ ഒരു മരപ്പണിക്കാരനായ ഇവോ (ലെംബിറ്റ് ഉല്ഫ്സാക്ക്), ടാംഗറിനുകള്‍ പാക്ക് ചെയ്യാന്‍ ആവശ്യമായ തടികൊണ്ടുള്ള പെട്ടികള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. പോരാട്ടം തങ്ങളുടെ മുഴുവന്‍ വിളയും നശിപ്പിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. അതിനാല്‍ സംഘട്ടനങ്ങള്‍ക്ക് നടുവിലും ഇരുവരും ഗ്രാമത്തില്‍ത്തന്നെ തുടരാന്‍ തീരുമാനിക്കുന്നു.
അധികം താമസിക്കാതെ അവരുടെ വീടിന്നടുത്തു നടന്ന രക്തരൂക്ഷിതമായ സംഘട്ടനത്തില്‍ നിരവധി പേര് കൊല്ലപ്പെടുന്നു. ഇരുവശത്തുനിന്നും ഗുരുതരമായി പരിക്കേറ്റ രണ്ട് സൈനികരെ നിക്കോ വീട്ടില്‍കൊണ്ടുവന്നു ശുശ്രൂഷിക്കുന്നു. അബ്ഖാസിയന്‍ ഭാഗത്തുള്ള പടയാളിയാണ് അഹമ്മദ് (ജിയോര്‍ഗി നഖഷിഡ്സെ), നിക്കോ (മിഖെയ്ല്‍ മെസ്കി) ജോര്‍ജിയന്‍ പക്ഷക്കാരനും. അഹമ്മദ് ഒരു കടുത്ത ചെചെന്‍ കൂലിപ്പടയാളിയാണ്. നിക്കോയാകട്ടെ ഒരു ജോര്‍ജിയന്‍ നാടക നടനാണ്, ആയുധമെടുക്കലാണ് തന്റെ കടമയെന്ന് തോന്നിയതിനാല്‍ ഇഷ്ടപ്പെട്ട നാടക ജീവിതം ഉപേക്ഷിച്ചു അയാള്‍. ആരോഗ്യം വീണ്ടെടുത്താല്‍ പരസ്പരം കൊല്ലുമെന്ന് രണ്ടുപേരും വെല്ലുവിളിക്കുന്നുണ്ടെങ്കിലും, തന്റെ മേല്‍ക്കൂരയ്ക്കടിയില്‍ ഒരു പ്രതികാര നടപടിയും നടത്തില്ലെന്ന് ഇവോയ്ക്ക് ഇരുവരില്‍ നിന്നും ഉറപ്പ് ലഭിക്കുന്നു. അവര്‍ക്കിടയില്‍ കാര്യമായ പിരിമുറുക്കമുണ്ട്.
രണ്ടുപേരും പതുക്കെ പരസ്പരം ബഹുമാനവും മനുഷ്യത്വവും കാട്ടാന്‍ തുടങ്ങി. ബുദ്ധിമാനായ ഇവോയുടെ ധാര്‍മ്മിക മേല്‍നോട്ടത്തില്‍ ഇരുവരും തങ്ങളുടെ ശത്രുതയും വിദ്വേഷവും, ബഹുമാനവും സൗഹൃദവുമാക്കി മാറ്റുന്നു. അവരവര്‍ ആരംഭിച്ചതോ ആഗ്രഹിക്കാത്തതോ ആയ സംഘര്‍ഷങ്ങളുടെ ഇടയില്‍പ്പെട്ട സിവിലിയനെക്കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് ഇവോ. പക്ഷേ അവര്‍ ഇരുവരും തോക്കുകള്‍ വീണ്ടെടുക്കുമ്പോള്‍ അത് ആശ്ചര്യപ്പെടുത്തുന്ന ഒരു ക്ലൈമാക്സിലേക്ക് നയിക്കുന്നു.
പുരുഷന്മാര് മാത്രം കഥാപാത്രങ്ങളായി വരുന്ന സിനിമയില്‍ സ്ത്രീകളാരും പ്രത്യക്ഷപ്പെടുന്നില്ല. ഇവോയുടെ കൊച്ചുമകളുടെ ഫോട്ടോ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അഭാവത്തിന്റെ പ്രതീകാത്മക ഓര്‍മ്മപ്പെടുത്തലായി വര്‍ത്തിക്കുന്നു. ഇവോയുടെ കഥാപാത്രം ശാന്തമായ, ശക്തിയും ധാര്‍മ്മിക സമഗ്രതയും അനുകമ്പയുമുള്ള ഒരു വ്യക്തിത്വത്തെ ഉള്‍ക്കൊള്ളുന്നു. സ്വന്തം രഹസ്യങ്ങളും വേദനകളും മറച്ചുവെക്കുന്ന, തന്റെ വീട്ടില്‍ രണ്ട് ആജന്മ ശത്രുക്കള്‍ക്ക് അഭയം കൊടുത്ത എസ്റ്റോണിയന്‍ പൗരനായ ഇവോയ്ക്ക് ജീവന് കൊടുത്ത ലെംബിറ്റ് ഉല്ഫ്സാക്ക് മികച്ച പ്രകടനംകാഴ്ച വയ്ക്കുന്നു.
സംവിധായകനായ സാസ ഉറുഷാദ്സെയും അഭിനേതാക്കളും മറ്റു അണിയറ പ്രവര്‍ത്തകരും പ്രത്യേകിച്ച് അഭിനന്ദനമര്‍ഹിക്കുന്നു. സംവിധായകന് ഗ്രാമീണ ഭൂപ്രകൃതികളെ കാവ്യാത്മകമായി ചിത്രീകരിക്കുന്നു. സിനിമയുടെ മിഴിവ് അതിന്റെ ലാളിത്യത്തിലൂടെ നേടിയെടുക്കുന്ന ആഴത്തിലാണ്. ഇവോയുടെ വീടിന്റെ പരിമിതമായ ഇടം ഉപയോഗിച്ച് പിരിമുറുക്കം വര്‍ദ്ധിപ്പിക്കുകയും കഥാപാത്രങ്ങളും പ്രേക്ഷകരും തമ്മിലുള്ള അടുപ്പം വളര്‍ത്തുകയും ചെയ്യുന്ന ഉറുഷാഡ്സെയുടെ സംവിധാനം സൂക്ഷ്മമാണ്. ഉറുഷാദ്സെ എഴുതിയ ചിത്രത്തിന്റെ തിരക്കഥയില്‍ സംഭാഷണം മിതമായി ഉപയോഗിച്ചിരിക്കുന്നു, നീണ്ട നിശബ്ദതകളും അര്‍ത്ഥവത്തായ നോട്ടങ്ങളും പലപ്പോഴും വാക്കുകള്‍ക്ക് കഴിയുന്നതിനേക്കാള്‍ കൂടുതല്‍ സഞ്ചരിക്കുന്നു. എഴുത്തിലെ ഈ സംയമനം സിനിമയ്ക്ക് ഗുണം പ്രദാനം ചെയ്യുന്നു, യുദ്ധത്തിന്റെ നിരര്‍ത്ഥകതയെയും സാംസ്കാരികവും ദേശീയവുമായ അതിരുകള്‍ക്കപ്പുറവും മാനവികതയെ പ്രതിഫലിപ്പിക്കാന്‍ കാഴ്ചക്കാരെ അനുവദിക്കുന്നു. ഛായാഗ്രാഹകന്‍ റെയിന്‍ കോട്ടോവ് തന്റെ അതിമനോഹരമായ വിഷ്വല്‍ വര്‍ക്കിന് പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.
റെയിന്‍ കോട്ടോവിന്റെ അതിശയകരമായ ഛായാഗ്രഹണം ഭൂപ്രദേശത്തിന്റെ അന്ധകാരവും സൗന്ദര്യവും പകര്‍ത്തുന്നു. യുദ്ധം കൊണ്ടുവരുന്ന നാശത്തിനിടയില്‍ ജീവിതത്തെയും പ്രത്യാശയെയും പ്രതീകപ്പെടുത്തുന്ന ടാംഗറിന്‍ തോട്ടത്തിന്റെ ഊഷ്മളവും സുവര്‍ണ്ണ നിറത്തിലുള്ളതുമായ ചിത്രങ്ങളും, പരുക്കന്‍ ഭൂപ്രകൃതിയുടെ സ്വാഭാവികമായ ചിത്രീകരണങ്ങളും സിനിമയുടെ സൗന്ദര്യാത്മകത എടുത്തുപറയുന്നു. അതേസമയം നിയാസ് ഡയസാമിഡ്സെയുടെ ഉജ്ജ്വലമായ പശ്ചാത്തല സംഗീതം മികച്ച മാനങ്ങള്‍ കൊണ്ടുവരുന്നു. ആഖ്യാനത്തെ അമിതമാക്കാതെ സിനിമയുടെ വൈകാരിക ആഴം വര്‍ധിപ്പിക്കുന്ന സംഗീതം മനോഹരമായി ചേര്‍ന്നുപോകുന്നു. സംഗീതത്തിന്റെ നിയന്ത്രിത ഉപയോഗം പരിസ്ഥിതിയുടെ സ്വാഭാവിക ശബ്ദങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും സിനിമയെ അതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ മിഴിവുള്ളതാക്കുകയും ചെയ്യുന്നു.
സാസ ഉറുഷാഡ്സെ രചനയും നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച് 2013-ല്‍ പുറത്തിറങ്ങിയ സിനിമയുടെ ഏറ്റവും ശ്രദ്ധേയമായ വശങ്ങളിലൊന്ന് വംശീയ വിദ്വേഷത്തിന്റെ അസംബന്ധത്തെക്കുറിച്ചുള്ള അന്വേഷണമാണ്. എളുപ്പമുള്ള ഉത്തരങ്ങളോ വൃത്തിയായി ബന്ധിപ്പിച്ച നിഗമനങ്ങളോ സിനിമ നല്‍കുന്നില്ല. പകരം ഒരു സംഘട്ടനത്തില്‍, ഇരു വശങ്ങളില് നിന്നുള്ള വ്യക്തികള്‍ക്ക് പരസ്പരം പൊതുനിലയും മനുഷ്യത്വവും എങ്ങനെ കണ്ടെത്താനാകും എന്നതിന്റെ സത്യസന്ധമായ ചിത്രീകരണമാണ് നല്‍കുന്നത്.
‘ടാംഗറിന്‍സ്’ പ്രേക്ഷകനോട് ആഴത്തില്‍ സംവദിക്കുന്നു, അത് യുദ്ധത്തെയും മനുഷ്യാവസ്ഥയെയും കുറിച്ച് ശക്തമായ ഒരു വ്യാഖ്യാനം നല്കുന്നു. ആകര്‍ഷകമായ കഥാപാത്രങ്ങളിലൂടെയും ലളിതമായ ആഖ്യാനത്തിലൂടെയും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളിലൂടെയും അത് പ്രതീക്ഷയുടെയും മാനവികതയുടെയും സന്ദേശം നല്കുന്നു.
എണ്‍പത്തിയേഴാമത് അക്കാദമി അവാര്‍ഡിലും എഴുപത്തിരണ്ടാമതു് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിലും ‘ടാംഗറിന്‍സ്’ മികച്ച വിദേശ ഭാഷാ ചിത്രത്തിന് വേണ്ടി നോമിനേറ്റ് ചെയ്യപ്പെട്ടു. കൂടാതെ നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലും പുരസ്കാരങ്ങള്‍ ലഭിച്ചു ഈ ചിത്രത്തിന്.
മതം, വംശ്വം, ദേശീയത എന്നിവയുടെ മുകളില്‍ മനുഷ്യ നന്മയുടെ പ്രകാശം വിളമ്പുന്നു ഈ ചിത്രം. വംശീയ സംഘര്‍ഷങ്ങളില്‍ രക്തം ചൊരിയുന്നതിന്റെ അര്‍ത്ഥശൂന്യത ചൂണ്ടിക്കാണിച്ചുകൊണ്ട്, വംശീയ യുദ്ധങ്ങള്‍ ഇനി ലോകചരിത്രത്തിന്റെ ഭാഗമാകില്ല എന്ന തന്റെ ആഴത്തിലുള്ള പ്രത്യാശ ഈ സിനിമയിലൂടെ പ്രഖ്യാപിക്കുന്നു സംവിധായകന്.