ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റിലേക്ക് ജനവിധി തേടി തിരുവനന്തപുരം വർക്കല ശിവഗിരി സ്വദേശി എറിക് സുകുമാരൻ. പ്രധാനമന്ത്രി ഋഷി സുനക് നേതൃത്വം നൽകുന്ന കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിയായാണ് എറിക് പാർലമെന്റ് അംഗമാകാൻ മത്സരിക്കുന്നത്. ഋഷി സുനകുമായി വളരെ അടുത്ത ബന്ധമാണ് എറിക്കിന്. ജൂലൈ നാലിനാണ് വോട്ടെടുപ്പ്.
സൗത്ത് ഗേറ്റ് ആൻഡ് വുഡ് ഗ്രീൻ മണ്ഡലത്തിൽ നിന്നാണ് എറിക് ജനവിധി തേടുന്നത്. ആറ്റിങ്ങൽ സ്വദേശി ജോണി – അനിത സുകുമാരൻ ദമ്പതികളുടെ മകനാണ് എറിക്. ലോക ബാങ്ക് കൺസൾട്ടന്റ് കൂടിയാണ് എറിക്.
യുകെയിൽ നിന്ന് ബിരുദവും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, പെൻസിൽവേനിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നാണ് ഉന്നതബിരുദം കരസ്ഥമാക്കിയത്. ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്തശേഷം ബ്രീട്ടീഷ് സർക്കാരിന്റെ സിവിൽ സർവീസ് നേടി സർക്കാരിന്റെ വിവിധ പദ്ധതികളിൽ പ്രവർത്തിച്ചിട്ടുണ്ട്. റിന്യൂവബിൾ എനർജിയുമായി ബന്ധപ്പെട്ട സംരംഭങ്ങളും നടത്തുന്നുണ്ട്.