റിയാദ് : ലോകകപ്പ് യോഗ്യത ഇന്ത്യ‑അഫ്ഗാന് പോരാട്ടം നാളെ സൗദിയില്‍.നാളെ രാത്രി 12.30ന് സൗദി അറേബ്യയിലെ അബഹയിലെ ദമാക് മൗണ്ടന്‍ എന്നറിയപ്പെടുന്ന അമീര്‍ സുല്‍ത്താന്‍ ബിന്‍ അബുദുള്‍ അസീസ് സ്റ്റേഡിയത്തിലാണ് മത്സരം. ഖത്തറും കുവൈറ്റും അഫ്ഗാനും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഇന്ത്യ മൂന്നു പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ഒന്നും രണ്ടും സ്ഥാനങ്ങളിലുളള രണ്ട് ടീമുകളാണ് അടുത്ത ഘട്ടത്തിലേക്ക് മുന്നേറുക.
ആദ്യ മത്സരത്തില്‍ കുവൈറ്റിനെ അവരുടെ മണ്ണില്‍ വച്ചുതന്നെ ഒരു ഗോളിന് തോല്പിച്ചെങ്കിലും രണ്ടാമത്തെ മത്സരത്തില്‍ ഖത്തറിനോട് മൂന്നുഗോളുകള്‍ക്ക് പരാജയപ്പെട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. അഫ്ഗാനെ മികച്ച മാര്‍ജിനില്‍ പരാജയപ്പെടുത്തിയ കുവൈറ്റ് ഗോള്‍ശരാശരിയുടെ മികവിലാണ് ഇന്ത്യക്കു മുന്നിലെത്തിയത്. എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു കുവൈറ്റിന്റെ വിജയം. അതുകൊണ്ട് തന്നെ നാളത്തെ മത്സരത്തില്‍ മികച്ച ജയം സുനില്‍ ഛേത്രിക്കും കൂട്ടര്‍ക്കും അനിവാര്യമാണ്.
എഎഫ്സിയില്‍ ഓസ്ട്രേലിയ, ഉസ്ബെക്കിസ്ഥാന്, സിറിയ ടീമുകളോട് മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചങ്കിലും ഗോള്‍ നേടാന്‍ കഴിയാതെ പോയത് ടീമെന്ന നിലയില്‍ ഇന്ത്യക്ക് നാണക്കേടുണ്ടായിട്ടുണ്ട്.
സൗദിയിലെ എല്ലാ ഇന്ത്യക്കാരും പിന്തുണയ്ക്കണമെന്ന് ഇന്ത്യന്‍ ടീമിലെ ഏക മലയാളി താരം സഹല്‍ അബ്ദുസമദ് അഭ്യര്‍ഥിച്ചു. മത്സരം കാണാന്‍ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. കളി കാണാനുള്ള ആവേശത്തിലാണ് മേഖലയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍.