തൃശൂര്‍ നഗരത്തിലെ ചില കച്ചവടപ്രമാണിമാര്ക്ക് ഏതുകാലത്തും നേരിടേണ്ടിവന്നിട്ടുള്ള ഉദ്വേഗഭരിതമായ ഒരു ചോദ്യമാണ് ‘ചാത്തന് സേവയുണ്ടോ’ എന്നത്. ക്രൈസ്തവവിശ്വാസികള്‍ക്ക് വിവാഹബന്ധങ്ങള്‍ വരെ നിഷിദ്ധമായ സംഭവങ്ങള്‍ ചാത്തന് നാമം മൂലമുണ്ടായിട്ടുണ്ട്. 1980 കാലഘട്ടത്തില്‍ ദുഷ്കര്‍മങ്ങള്‍ക്കും മന്ത്രവാദങ്ങള്ക്കുമെതിരേ തൃശൂരിലെ ക്രൈസ്തവസഭ ശക്തമായി രംഗത്തുവരാന്‍ കാരണമായതും ചാത്തന് മൂലമാണ്; ധ്യാനകേന്ദ്രങ്ങളില്‍ ചാത്തനെതിരേ സ്ഥിരമായി ചാട്ടവാറുയര്ന്നു. ദുര്മന്ത്രവാദഗ്രന്ഥങ്ങള് അഗ്നിക്കിരയായി. ഉദയംപേരൂര്‍ സൂനഹദോസിനെ പുച്ഛിച്ചുതള്ളിയവര്‍ക്ക് കാലം കാത്തുവച്ച മറുപടിയായും തുടര്‍ച്ചയായി ഇറങ്ങിയ ഇടയലേഖനങ്ങളെയും സഭാനേതാക്കന്മാരുടെ ഉദ്ബോധനങ്ങളെയും കാണാം.
കൊടുമണ്‍ പോറ്റിയും ചാത്തന്റെ കാലവും
തൃശൂരിലാണ് ഏറ്റവും കൂടുതല്‍ ചാത്തന് സേവാമഠങ്ങളുള്ളത്. ഒരു ചാത്തന് സേവാ മഠമുടമയുടെ തീയറ്ററില്‍ രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ‘ഭ്രമയുഗം’ എന്ന സിനിമ കളിച്ചുകൊണ്ടിരിക്കുന്നുവെന്നത് കൗതുകകരം തന്നെ. കാരണം, ചാത്തനാണ് സിനിമയിലെ പ്രധാന കഥാപാത്രം. സിനിമയില്‍ കൊടുമണ്‍ പോറ്റി എന്ന മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം ഒരു ദുര്‍മന്ത്രവാദിയാണ്. കുഞ്ചമണ്‍ പോറ്റിയെന്നായിരുന്നു സിനിമയില്‍ ആദ്യം ഈ കഥാപാത്രത്തിന്റെ പേര്. കുഞ്ചമണ്‍ ഇല്ലക്കാര് കോടതിയെ സമീപിച്ചതോടെയാണ് പേരുമാറ്റമുണ്ടായത്. കുഞ്ചമണ്‍ പോറ്റി എന്ന മന്ത്രവാദി ജീവിച്ചിരുന്നതായും അദ്ദേഹത്തിന് ചാത്തന്‍സേവ ഉണ്ടായിരുന്നതായും സാക്ഷ്യപ്പെടുത്തിയത് ഐതിഹ്യമാലയുടെ കര്‍ത്താവായ കൊട്ടാരത്തില്‍ ശങ്കുണ്ണിയാണ്. ഐതിഹ്യമാലയിലെ രണ്ട് അധ്യായങ്ങളില്‍ ചാത്തന്സേവക്കാരനായ കുഞ്ചമണ്‍ പോറ്റി പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമയിലെ കേന്ദ്രകഥാപാത്രം സാങ്കല്പികം മാത്രമാണെന്ന് സംവിധായകന് പറയുന്നുണ്ടെങ്കിലും കഥയില്‍ അല്പം കാര്യമില്ലെന്നു പറഞ്ഞകൂടാ. അതുകൊണ്ടായിരിക്കണം ചാത്തന് മഠക്കാര് കേസിനു പോകാത്തതെന്നു കരുതാം; ചാത്തന് സിനിമയൊരു പബ്ലിസിറ്റി നല്കുകയാണല്ലോ!
പരമശിവന് കൂളിവാകയെന്ന കാട്ടുവര്ഗക്കാരിയില് ഉണ്ടായ മക്കളാണ് ചാത്തന്മാര് എന്നാണ് ഹൈന്ദവ ഐതിഹ്യം. ചാത്തന്മാര് 400 പേര് ഉണ്ടത്രേ. അവരില്‍ ഏറ്റവും ഇളയചാത്തനെയാണ് ഉദ്ദിഷ്ടകാര്യങ്ങള്‍ക്കായി ചിലര്‍ ആരാധിച്ചുവരുന്നത്. ‘ഭ്രമയുഗം’ സിനിമയുടെ കാലം 17-ാം നൂറ്റാണ്ടിലാണ്. അക്കാലത്ത് ബ്രാഹ്മണരായ മന്ത്രവാദികള്‍ തങ്ങളുടെ കാര്യങ്ങള്‍ സാധിക്കാനായി അടിമകളാക്കി വച്ചിരുന്നവരാണ് ചാത്തന്മാര്. ഉന്നതകുലജാതര്‍ ഒരിക്കലും ചാത്തനെ ഒരു ദൈവമായി അംഗീകരിച്ചിരുന്നില്ല. ശത്രുക്കളെ ഭയപ്പെടുത്താനും ഉപദ്രവിക്കാനും അടിമപ്പണി ചെയ്യിക്കാനുമാണ് ചാത്തനെ പ്രധാനമായും അവര്‍ ഉപയോഗിച്ചിരുന്നത്. അതുകൊണ്ടായിരിക്കണമല്ലോ കേരളത്തിലെ പാടത്തും പറമ്പിലും എല്ലുമുറിയെ പണി ചെയ്തിരുന്ന പുലത്തലവന്മാര്ക്ക് ചാത്തനെന്ന പേരു കല്പിച്ചുനല്കിയതും.
അധികാരം, ജാതീയത, ദൈവനിഷേധം
”ഇത് ഭ്രമയുഗാ… കലിയുഗത്തിന്റെ ഒരു അപഭ്രംശം” എന്നു കൊടുമണ്‍ പോറ്റിയെക്കൊണ്ടു (മമ്മൂട്ടി) പറയിച്ച് സംഭാഷണമെഴുതിയ പ്രശസ്ത സാഹിത്യകാരന് ടി.ഡി രാമകൃഷ്ണന് സിനിമയ്ക്കൊരു ഔപചാരികത കല്പിച്ചു തരാന്‍ ശ്രമിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ ജാതിയുടെയും മതത്തിന്റെയും അതിനീചമായ വേര്‍തിരിവുകള്‍ ഉണ്ടായിരുന്ന കേരളത്തിന് ഏറ്റവും അനുയോജ്യമായ പേരാണത്. കേരളമൊരു ഭ്രാന്താലയമാണെന്ന് പിന്നീട് സ്വാമി വിവേകാനന്ദന് അടിവരയിട്ടതും ടി.ഡി രാമകൃഷ്ണന്റെ മനസിലുണ്ടായിരുന്നിരിക്കും. അധികാരം, ജാതീയത, ദൈവനിഷേധം, ഇവയില്‍ നിന്നുളവായ ദുഷ്ടത ഇതൊന്നും നമ്മുടെ സമൂഹത്തില്‍ നിന്ന് ഒരിക്കലും മാറില്ലെന്നും തലമുറകളായി കൈമാറ്റം ചെയ്യപ്പെടുമെന്നും സിനിമ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നു.
നിറങ്ങളുടെ പുതിയ കൂട്ടുകള്‍ അന്വേഷിച്ച് സിനിമക്കാര്‍ അലയുന്നതിനിടെയാണ് രാഹുല്‍ സദാശിവന് വര്‍ഷങ്ങള്‍ക്കു പിറകിലേക്കിറങ്ങി കറുപ്പിലും വെളുപ്പിലും ഭ്രമയുഗം ചെയ്യുന്നത്. ഭ്രാന്തമായി അലയുന്ന മനസുകളെ ചിത്രീകരിക്കാന്‍, കാലത്തെ സൂചിപ്പിക്കാന്‍ ഇതിലും വലിയ സാധ്യതയില്ലെന്ന് അദ്ദേഹത്തിനു തോന്നിക്കാണും. സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ‘ഷിന്‍ഡ്ലേഴ്സ് ലിസ്റ്റ്’, പാവേല്‍ പാവ്ലികോവ്സ്കിയുടെ ‘ഐഡ’, ‘കോള്‍ഡ് വാര്’, റോബര്‍ട്ട് എഗ്ഗേഴ്സിന്റെ ‘ദി ലൈറ്റ്ഹൗസ്’, ഗ്രേറ്റ ഗെര്‍വിഗിന്റെ ‘ഫ്രാങ്കസ് ഹാ’, റെബേക്ക് ഹാള്‍സിന്റെ ‘പാസിങ്’ തുടങ്ങിയ ചിത്രങ്ങള്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തിനു മാതൃകയായിട്ടുണ്ടോ എന്നറിയില്ല. പശ്ചാത്തല സംഗീതം (ക്രിസ്റ്റോ സേവ്യര്‍), സംഗീതം (ബിനോയ് ബെന്നി), വരികള്‍ (ദിന് നാഥ് പുത്തഞ്ചേരി), ഛായാഗ്രഹണം (ഷെഹ്നാദ് ലാല്‍), എഡിറ്റിംഗ് (ഷഫീഖ് മുഹമ്മദ് അലി) എന്നിവ അതിമനോഹരമായി സമ്മേളിപ്പിച്ചിരിക്കുന്നു. രണ്ടു മണിക്കൂറും 20 മിനിറ്റും മാത്രമാണ് സിനിമയുടെ സമയം. എഡിറ്റിംഗിന്റെ കാര്‍ക്കശ്യം ഭ്രമയുഗത്തിന്റെ വിജയത്തെ വലിയ തോതില്‍ സഹായിച്ചിട്ടുണ്ട്.
തന്റെ സിനിമയെ സൈക്കളോജിക്കല്‍ മിസ്റ്ററി ത്രില്ലര്‍ എന്നാണ് ഒരു അഭിമുഖത്തില്‍ രാഹുല്‍ സദാശിവന് വിശേഷിപ്പിച്ചു കണ്ടത്. മനുഷ്യന്റെ ആന്തരിക സംഘര്‍ഷങ്ങള്‍ തീര്‍ച്ചയായും സിനിമയില്‍ പ്രതിഫലിക്കുന്നുണ്ട്.
തേവനെന്ന പാണന്
അര്ജുന് അശോകന് അവതരിപ്പിക്കുന്ന തേവനെന്ന പാണന് അടിമക്കച്ചവടക്കാരില്‍ നിന്നു രക്ഷപ്പെട്ട് ഓടിയെത്തുന്നത് കൊടുമണ്‍ ഇല്ലത്തേക്കാണ്. ഏതോ കാലത്ത് പ്രതാപം കത്തിനിന്നിരുന്ന മന ഇന്ന് തകര്‍ന്ന് ഏതു നിമിഷവും നിലംപൊത്താറായ സ്ഥിതിയിലാണ്. ചുറ്റും കുറ്റിക്കാടു പോലെ പുല്ലുകള്‍ വളര്ന്നുനില്ക്കുന്നു. മനയിലെ പാചകക്കാരന് (സിദ്ധാര്‍ത്ഥ് ഭരതന്) പാണനെ മനയിലെ കാരണവരുടെ അടുക്കലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. അധികാര ചിഹ്നങ്ങളായ വടിയും മെതിയടിയുമണിഞ്ഞ് കൊടുമണ്‍ പോറ്റി (മമ്മൂട്ടി) പാണനെ സ്വീകരിക്കുന്നു. അവനെക്കൊണ്ട് പാട്ടുപാടിക്കുന്നു, പ്രശംസിക്കുന്നു, അവനെ മനയുടെ അകത്തേക്ക് ആനയിക്കുന്നു. താഴ്ന്ന ജാതിക്കരനായ തനിക്ക് മനയില്‍ കയറാന്‍ പാടുണ്ടോ എന്ന പാണന്റെ ചോദ്യത്തിന്, ജന്മം കൊണ്ടല്ല, കര്‍മം കൊണ്ടാണ് ഒരാള്‍ ബ്രാഹ്മണനാകുന്നതെന്ന തത്വവും പോറ്റി ആവര്‍ത്തിക്കുന്നുണ്ട്. കഞ്ഞി കിട്ടുമ്പോള്‍ പാണന്റെ ഹൃദയം ജന്മിയുടെ കാരുണ്യമോര്‍ത്ത് കോള്‍മയിര്‍കൊള്ളുന്നു.
പക്ഷേ പിന്നീടവന് മനസിലാകുന്നു, താന്‍ ഒരിക്കലും ആ മനയില്‍ നിന്ന് രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന്. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയില്‍ ഡ്രാക്കുളകോട്ടയില്‍ ജോനാതന് പെട്ടുപോകുന്നതു പോലെയാണ് പാണന്റെ പിന്നീടുള്ള ജീവിതം. ഓരോ നിമിഷവും ഭയം അവനെ കീഴടക്കുന്നു. മഴയില്ലാക്കാലത്ത് കൊടുംമഴയും ഇടിമിന്നലും. കൊടുമണ്‍ പോറ്റിയെന്ന ദുര്മാന്ത്രികനാണ് തന്നെ തടവിലിട്ടിരിക്കുന്നതെന്നാണ് അവന്റെ വിചാരം. മനയുടെ മുകള്‍ത്തട്ടില്‍ ചങ്ങലയില്‍ ബന്ധിച്ചിരിക്കുന്നത് പോറ്റിയുടെ അടിമയായ ചാത്തനെയാണെന്നും. എന്നാല്‍ കാര്യങ്ങള്‍ നേരെ തിരിച്ചാണ്. കൊടുമണ്‍ മനയിലെ പഴയ ഒരു കാരണവര്‍ അടിമയാക്കി വച്ച് ദ്രോഹിച്ചിരുന്ന ചാത്തന് ഒരു ദിവസം ബന്ധനവിമുക്തനാകുകയും കാരണവരെയും മനയിലെ ഗര്‍ഭസ്ഥശിശുക്കളെപോലും വകവരുത്തി മനയില്‍ കുടിതാമസം തുടങ്ങുകയും ചെയ്തു. മനയിലെ അവസാനത്തെ അംഗമായ കൊടുമണ്‍ പോറ്റി ചാത്തനെ കീഴടക്കാന്‍ ഒരിക്കല്‍ അവിടെയെത്തി. അയാളെയാണ് ചാത്തന് പിടികൂടി മുകള്‍നിലയില്‍ ചങ്ങലയില്‍ ബന്ധിച്ചിട്ടിരുന്നത്. കൊടുമണ്‍ പോറ്റിയുടെ രൂപം സ്വീകരിച്ച ചാത്തന് മനയില്‍ വഴിതെറ്റി എത്തപ്പെടുന്നവരെ സ്വീകരിച്ച് ആനയിക്കും. പിന്നീടവരെ പീഡിപ്പിച്ച് കൊല്ലും. കൊല്ലപ്പെടുന്നവര്‍ക്ക് കുഴി തയ്യാറാക്കുന്ന പണിയും ചാത്തന്റെ മറ്റൊരു അടിമയായ പാചകക്കാരന്റേതാണ്. മദ്യവും പെണ്ണും കരിങ്കോഴിയും ചാത്തനു വേണം. പകിട കളിച്ച് ചാത്തനെ തോല്‍പ്പിച്ചാല്‍ മനയ്ക്കു പുറത്തുകടക്കാമെന്ന മോഹനവാഗ്ദാനം അയാള്‍ നല്‍കും. പക്ഷേ പകിട വീഴുമ്പോഴെല്ലാം അത് ചാത്തന് അനുകൂലമായിരിക്കും. തിരഞ്ഞെടുപ്പില്‍ ജയിച്ച് തന്നെ കീഴടക്കിക്കോളൂ എന്നു പറയുന്ന ഭരണാധികാരികള്‍ക്കു തുല്യനാണ് ചാത്തനിവിടെ. മറ്റാരും ഒരു തിരഞ്ഞെടുപ്പും ജയിക്കാന്‍ പോകുന്നില്ല. കാലവും ഋതുക്കളും മാറിമറിയുന്നത് മനക്കുള്ളിലെ ഇരുട്ടില്‍ ആരും ഒരിക്കലും അറിയുന്നില്ല. സ്വന്തം ഊരും പേരും പോലും പിന്നീടവര്‍ മറക്കും. അടിമയെ മടുക്കുമ്പോള്‍ പാചകക്കാരനോടു കുഴി തയ്യാറാക്കിക്കോളാന് പറയും, ചാത്തന്.
കീഴ്ജാതിക്കാരായ പാചകക്കാരനും പാണനും ചേര്‍ന്ന് ചാത്തനെ കീഴടക്കാന്‍ ശ്രമിക്കുന്നതാണ് രണ്ടാം പകുതിയില്‍. സ്വാതന്ത്ര്യത്തിനായുള്ള അവരുടെ പോരാട്ടമെന്ന് വേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കാം. പക്ഷേ അധികാരം ഏവരേയും ദുഷിപ്പിക്കുക തന്നെ ചെയ്യുമെന്ന് സിനിമ ഓര്‍മപ്പെടുത്തുന്നു. അധികാരത്തിന്റെ ഭ്രാന്തമായ ലഹരിയില്‍ നിന്ന് ആര്‍ക്കും മോചനമില്ല; പാണനുപോലും. അധികാരദുഷ്പ്രവണതയെ ചൂണ്ടിക്കാണിക്കുമ്പോള്‍ തന്നെ, ബ്രാഹ്മണ ദൈവ സങ്കല്പങ്ങള്ക്ക് ചേരാത്തതൊക്കെയും എങ്ങനെയാണോ ചെകുത്താന് മാത്രമായി സമൂഹത്തില്‍ ചിത്രീകരിക്കപ്പെടുന്നത് എന്നതിനൊരു ഉദാഹരണമാണ് ഭ്രമയുഗമെന്നും പറയേണ്ടിവരും.
ദുഷ്ടകഥാപാത്രമായി മമ്മൂട്ടി സിനിമയിലുടനീളം നിറഞ്ഞാടുന്നു. പാലേരിമാണിക്യത്തിലെ അറയ്ക്കല്‍ അഹമ്മദ് ഹാജിയേയും വിധേയനിലെ ഭാസ്കര പട്ടേലരേയും മറികടക്കുന്നുണ്ട് ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെന്ന ചാത്തന്. അര്ജുന് അശോകനും സിദ്ധാര്‍ത്ഥ് ഭരതനും ഗംഭീര പ്രകടനം തന്നെ നടത്തുന്നുണ്ട്. രണ്ടുപേരുടെയും കരിയറിലെ ഇതുവരെയുള്ള ഏറ്റവും മികച്ച വേഷങ്ങള്‍ എന്നുതന്നെ ഭ്രമയുഗത്തിലെ കഥാപാത്രങ്ങളെ വിശേഷിപ്പിക്കാം. മൂന്നു പ്രധാന കഥാപാത്രങ്ങളും രണ്ട് ഉപകഥാപാത്രങ്ങളും ഒരു രംഗത്തില്‍ മാത്രം കാണിക്കുന്ന ഒരു കൂട്ടം പട്ടാളക്കാരും മാത്രമാണ് സിനിമയിലെ സാന്നിധ്യമെന്നത് ഒരിക്കലും തിരിച്ചറിയാന്‍ പോകുന്നില്ല.
പ്രത്യക്ഷത്തിലല്ലെങ്കിലും മനസില്‍ ഭയത്തിന്റെ വാരിക്കുഴികള്‍ തീര്‍ക്കുന്നുണ്ട് ഭ്രമയുഗം. സിനിമ എന്ന നിലയില്‍ സാങ്കേതികവും കലാപരവുമായ മേന്മകള് ഭ്രമയുഗത്തെ മികച്ച കാഴ്ചയാക്കുമ്പോഴും അതു പ്രസരിപ്പിക്കുന്ന വിപരീതഊര്ജം കാണാതിരുന്നുകൂടാ.