സഭക്കും ദീപിക പത്രത്തിനുമെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജ് രംഗത്ത്. കേന്ദ്രസർക്കാർ കൊണ്ടവുന്ന എഫ്സിആർഎ ബില്ലിൽ ഉൾപ്പെട്ട സ്വത്ത് പിടിച്ചെടുക്കുന്നതു പോലെയുള്ള വകുപ്പുകളിലുള്ള ആശങ്ക സിബിസിഐയും കെസിബിസിയും പങ്കുവച്ചിരുന്നു.
സഭക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കിൽ, തിരിച്ചും നിലപാട് മറ്റേണ്ടി വരും. ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്. ദീപിക പത്രവും ആ നിലപാടാണ് സ്വീകരിക്കുന്നത്. കെ സി വേണുഗോപാലിനെയും ജോസ് കെ മാണിയേയും കൊണ്ട് സഭക്ക് എന്ത് പ്രയോജനം ഉണ്ടായി? എഫ്സിആർഎ ബില്ല് മാറ്റിവച്ചത് ഞങ്ങളുടെ സമ്മർദപ്രകാരമാണ്. സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്ക്കേണ്ടി വരുമെന്നും ഷോൺ ജോർജ് പറഞ്ഞു.
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജിന് പിന്നാലെ കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തി പി.സി.ജോർജ്. മെത്രാൻമാർ രാഷ്ട്രീയം പറഞ്ഞാൽ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ഒരു ബഹുമാനവും കാണിക്കില്ലെന്നും പി.സി.ജോർജ് പറഞ്ഞു. എഫ്സിആർഎ ബില്ല് വരുമെന്നും എതിർക്കുന്നവർക്ക് വീട്ടിൽ പോകാമെന്നും ജോർജ് കൂട്ടിച്ചേർത്തു.
എല്ലാ മതവിഭാഗങ്ങളോടും മാന്യമായി പെരുമാറണമെന്നാണ് ബിജെപിയുടെ ലക്ഷ്യം. സഭ ബിജെപിയുമായി അടുക്കണമെന്ന് നിർബന്ധമില്ല. എഫ്സിആർഎ ബില്ല് വരുമമെന്നതിൽ സംശയമില്ല. ആശങ്കയുള്ളവർ വീട്ടിൽ പോയി ഇരുന്നോട്ടെ. വിദേശത്തുനിന്ന് വരുന്ന പണം എന്തിന് വേണ്ടി ചെലവഴിക്കുന്നുവെന്ന് കണക്ക് നൽകിയാൽ എന്താ കുഴപ്പം. ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട. പി.സി. ജോർജ് പറഞ്ഞു.

