അബൂജ: ഈസ്റ്റര്‍ ദിനത്തിൽ വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ കടുണ സംസ്ഥാനത്തെ അരിക്കോയിലെ ക്രൈസ്തവ ദേവാലയത്തില്‍ ഈസ്റ്റർ ആഘോഷങ്ങൾ ലക്ഷ്യമിട്ട് നടന്ന വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി സുരക്ഷാ സേനയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവ ദേവാലയത്തില്‍ ആക്രമണം നടത്തി ബന്ദികളാക്കിയ 31 ക്രൈസ്തവരെ രക്ഷപ്പെടുത്തിയതായി സര്‍ക്കാര്‍. അതേസമയം മരിച്ചവരുടെ എണ്ണം ഏഴാണെന്ന് ദേവാലയ നേതൃത്വം വെളിപ്പെടുത്തി.
സൈനികർ അക്രമികളുമായി ഏറ്റുമുട്ടിയെന്നും ഇതേ തുടര്‍ന്നു ബന്ദികളെയും മരിച്ചവരുടെ മൃതദേഹങ്ങളും ഉപേക്ഷിച്ച് ഓടിപ്പോകാൻ അക്രമികള്‍ നിർബന്ധിതരായതായും സൈന്യം അറിയിച്ചു. വെടിവയ്പ്പിന്റെ ഫലമായി, രക്ഷപ്പെട്ട തീവ്രവാദികള്‍ക്ക് വേണ്ടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ആഴ്ചയുടെ തുടക്കത്തിൽ സംസ്ഥാനത്തെ ഗ്രാമങ്ങളിൽ കൂട്ട തട്ടിക്കൊണ്ടുപോകൽ നടന്നതായി ശനിയാഴ്ച പോലീസ് സ്ഥിരീകരിച്ചിരുന്നു.
അന്വേഷണം നടക്കുന്നതിനിടെയാണ് അടുത്ത ആക്രമണവും തട്ടിക്കൊണ്ടുപോകലും നടന്നത്.നൈജീരിയയിൽ ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുകളും സാധാരണ സംഭവങ്ങളായി മാറിയിട്ടു പതിറ്റാണ്ടുകളായി. ഇസ്ളാമിക തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നും പ്രാദേശികമായി കൊള്ളക്കാർ എന്നറിയപ്പെടുന്ന സായുധ സംഘങ്ങളിൽ നിന്നുമുള്ള സുരക്ഷാ ഭീഷണികൾ രാജ്യം നേരിടുന്നുണ്ട്. ഈസ്റ്ററിന് സുരക്ഷ ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ കത്തോലിക്ക ദേവാലയങ്ങളില്‍ ഈസ്റ്റര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം നേരത്തെയാക്കിയിരിന്നു.

