എഫ്സിആർഎ ബില്ല്: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ നിയമ (FCRA) ഭേദഗതി ബില്ല് സംസ്ഥാനത്ത് പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി മാറുന്നു. വിദേശ ധനസഹായം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകൾക്കും ട്രസ്റ്റുകൾക്കും മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ് പുതിയ ഭേദഗതി. ഇന്ത്യയിലെ സന്നദ്ധ സംഘടനകളെയും (NGOs) ക്രൈസ്തവ സഭകളെയും സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമാണ്.
ആസ്തികൾ കണ്ടുകെട്ടൽ, രജിസ്ട്രേഷൻ റദ്ദാക്കൽ, വിദേശ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പള്ളികൾ, വിദ്യാലയങ്ങൾ എന്നിവയുടെ ഭരണപരമായ കാര്യങ്ങളിൽ (Administration) ഇടപെടാൻ സർക്കാരിന് അധികാരം നൽകുന്ന ചട്ടങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഭരണപരമായ സ്വയംഭരണാധികാരത്തെ (Autonomy) ഇത് ബാധിക്കുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സേവന താല്പര്യത്തോടെ പ്രവർത്തിക്കുന്ന സംഘടനകളെ ദോഷകരമായി ബാധികാത്ത രീതിയിൽ നിയമം പരിഷ്കാരിക്കേണ്ടത് അത്യാവശ്യമാണ്. ലൈസൻസ് പുതുക്കിയില്ലെങ്കിൽ സ്ഥാപനങ്ങൾ ഏറ്റെടുക്കുമെന്ന വ്യവസ്ഥ ചാരിറ്റി പ്രവർത്തനങ്ങളെ ഇല്ലാതാകും. കേരള കത്തോലിക്കാ മെത്രാൻ സമിതിയും, കാതോലിക്കാ ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യയും ഇതേ ആശങ്കകൾ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
എഫ്സിആർഎ ബില്ലിലെ പൗരാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ബന്ധപ്പെട്ട സർക്കാർ അവ തിരുത്തുമെന്ന് പ്രതീക്ഷിച്ചാണെന്നും അല്ലാതെ സർക്കാരിനെ എതിർപക്ഷത്ത് നിർത്താനല്ലെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതി സെക്രട്ടറി ജനറലും ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പുമായ മാർ തോമസ് തറയിൽ പറഞ്ഞു.
രാജ്യത്തെ ന്യൂനപക്ഷ സ്ഥാപങ്ങളെയും സാമൂഹിക സേവന സംഘടനകളെയും നിശബ്ദമാക്കാനും അവയുടെ ആസ്തികൾ പിടിച്ചെടുക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ നിക്കങ്ങളെന്നു കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി (KRLCBC) ആരോപിച്ചു.ചാരിറ്റി ട്രസ്റ്റുകൾ പൊതുനന്മയ്ക്കായി സ്വരൂപ്പിച്ച ആസ്തികൾ സർക്കാർ ഏറ്റെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഈ വ്യവസ്ഥ ഉടൻ നീക്കം ചെയ്യണം. ആരോഗ്യ -വിദ്യാഭ്യാസ മേഖലകളിൽ സഭ നടത്തുന്ന പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണം. രാജ്യത്തിന്റെ വികസന പങ്കാളികളാകുന്ന സന്നദ്ധ സംഘടനകളെ ശത്രു പക്ഷത്ത് നിർത്തുന്ന സമീപനം ജനാധിപത്യത്തിന് ഭൂഷണമല്ല. ഭരണഘടനപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ സത്വരമായ നടപടികൾ ഉണ്ടാകണമെന്നും സിവിൽ സൊസൈറ്റി സംഘടന ഭാരവാഹികളും മതന്യൂനപക്ഷ പ്രതിനിധികളുമായും മതിയായ ചർച്ചകൾ നടത്താതെ ഇത്തരം കരിനിയമങ്ങൾ അടിച്ചേല്പിക്കരുതെന്നും കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി ആവശ്യപ്പെട്ടു.

