വത്തിക്കാൻ : തൊഴിൽ ലോകത്ത് സുവിശേഷ സാന്നിധ്യമാകുക, ഒരു പുതിയ സംസ്കാരം പ്രോത്സാഹിപ്പിക്കുക, യുവാക്കളെ ഉചിതമായ തൊഴിൽ തിരയുന്നതിലും സാക്ഷാത്കരിക്കുന്നതിലും അനുഗമിക്കുക എന്നീ ലക്ഷ്യങ്ങളോടെ കഴിഞ്ഞ മുപ്പതുവർഷങ്ങളായി പ്രവർത്തിക്കുന്ന പോളികോറോ (policoro) പദ്ധതിയിലെ അംഗങ്ങളുമായി ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തി. ഇറ്റലിയുടെ സുന്ദരമായ മുഖമാണ് ചെറുപ്പക്കാരായ പദ്ധതിയിലെ അംഗങ്ങൾ എന്ന് ആമുഖമായി പാപ്പാ എടുത്തുപറഞ്ഞു.
അഴിമതി, തൊഴിൽ ചൂഷണം, അനീതി എന്നിവയുടെ കുറുക്കുവഴികളിലേക്ക് ഇല്ല എന്ന് അടിയുറച്ചു പറയുവാനും, മാഫിയകളിൽ നിന്ന് പിടിച്ചെടുത്ത സ്വത്തുക്കൾ സാമൂഹിക നിക്ഷേപങ്ങളായി മാറ്റുന്നതിനും, സംരംഭകത്വ പ്രവർത്തനങ്ങൾ സൃഷ്ടിക്കുന്നതിനും, സമാധാനത്തിനായി രൂപപ്പെടുത്താനും, പൊതുനന്മയെക്കുറിച്ചുള്ള അവബോധം വളർത്താനും പദ്ധതി നടത്തിയ പ്രവർത്തനങ്ങളെ പാപ്പാ അനുസ്മരിച്ചു. പലവിധ കാരണങ്ങളാൽ നിരാശരായ യുവജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനും, ലോകത്തെ മെച്ചപ്പെടുത്തുന്നതിനും പദ്ധതിയിലെ അംഗങ്ങളുടെ പരിശ്രമങ്ങളെയും പാപ്പാ നന്ദിയോടെ എടുത്തു പറഞ്ഞു.
സഭയ്ക്ക്, രാജ്യസേവനത്തിനായി എന്തുചെയ്യാൻ കഴിയും? എന്തായിരിക്കണം? എന്നതിന്റെ ജീവനുള്ളതും യുവത്വം നിറഞ്ഞതുമായ പ്രതിച്ഛായയാണിതെന്നും പാപ്പാ അനുസ്മരിച്ചു. ജനസംഖ്യാപരമായ ശൈത്യകാലത്ത്, അംഗങ്ങളുടെ പ്രതിബദ്ധത ഏറെ ആവശ്യമാണെന്നും പാപ്പാ പറഞ്ഞു. ഇവിടെ ആരും ഉപേക്ഷിക്കപ്പെട്ടതായി തോന്നരുതെന്നും, മറിച്ച് ഏവർക്കും പ്രചോദനം നല്കുവാനുതകും വണ്ണം പദ്ധതികൾ മറ്റു ഇടങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും പാപ്പാ പറഞ്ഞു.
ഹൃദയങ്ങളെയും ലോകത്തെയും രൂപാന്തരപ്പെടുത്തുന്ന യഥാർത്ഥ ശക്തി സുവിശേഷത്തിൽ ഉണ്ടെന്നും, അതിനാൽ പദ്ധതിയുടെ പ്രതിബദ്ധതയുടെ വടക്കുനോക്കിയന്ത്രം സുവിശേഷമായിരിക്കണമെന്നും പാപ്പാ ഓർമ്മപ്പെടുത്തി. മറ്റൊന്ന്, സഭയുടെ സാമൂഹിക പ്രബോധനമാണെന്ന് പറഞ്ഞ പാപ്പാ, സാമൂഹിക സിദ്ധാന്തത്തെക്കുറിച്ചുള്ള പഠനം , വർത്തമാനകാലത്തെ സ്നേഹിക്കാൻ നിങ്ങളെ അനുവദിക്കുകയും, യാഥാർത്ഥ്യത്തെ വ്യാഖ്യാനിക്കാനുള്ള അളവുകോലായിരിക്കുകയും ചെയ്യുമെന്ന് ചൂണ്ടിക്കാണിച്ചു.
ജോലി, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രീയം, ആശയവിനിമയം എന്നിവയെ പിന്തുണയ്ക്കുന്നത് ഏകാന്ത നേതാക്കളുടെ പ്രതിഭയല്ല, മറിച്ച് സാമൂഹിക ബന്ധങ്ങളിലെ വിദഗ്ധരാണെന്നു പറഞ്ഞുകൊണ്ട്, കൂട്ടായ്മയുടെ ആവശ്യകത പാപ്പാ വിശദീകരിച്ചു. ഏവരും ഒരുമിച്ച് സ്വപ്നം കാണുകയും, പങ്കുവച്ച പാതകൾ വികസിപ്പിക്കുന്നതിന് സമയം നീക്കിവയ്ക്കുകയും, നഗരങ്ങളെ സ്നേഹിക്കുകയും ചെയ്യുകയാണെങ്കിൽ നിങ്ങൾ എല്ലാറ്റിനും രുചി നൽകുന്ന ഉപ്പിനെപ്പോലെയാകുമെന്നു വചനം ഉദ്ധരിച്ചുകൊണ്ട് പാപ്പാ ഉദ്ബോധിപ്പിച്ചു.
