ജെക്കോബി
ഭരണഘടനയെ വെല്ലുവിളിച്ച് വംശീയ വര്‍ഗീയ പരമാര്‍ശങ്ങള്‍ നടത്തി ന്യൂനപക്ഷവേട്ടക്കിറങ്ങിയിരിക്കുകയാണ് അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്താ ബിസ്വ സര്‍മ. ബംഗാളി സംസാരിക്കുന്ന അസമിലെ മുസ് ലിം സമൂഹത്തെ ‘മിയാ’ എന്നു നിന്ദ്യരൂപത്തില്‍ വിളിച്ചാക്ഷേപിച്ചുകൊണ്ട് സംസ്ഥാനത്തെ മുഖ്യമന്ത്രിതന്നെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും, ഭീതിയുടെയും അക്രമത്തിന്റെയും, വിവേചനത്തിന്റെയും അനീതിയുടെയും അന്തരീക്ഷം സൃഷ്ടിച്ച് വളര്‍ത്തിക്കൊണ്ടുവന്ന വര്‍ഗീയ ധ്രുവീകരണത്തിന്റെ വികൃതമായ മുഖം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഏറ്റവും ആപല്‍ക്കരമായ രാക്ഷസീയ ഭാവം പകര്‍ന്നാടുകയാണ്.
തൊപ്പിയും താടിയും കൊണ്ട് മുസ് ലിം എന്ന് തിരിച്ചറിയാവുന്ന രണ്ടുപേരുടെ ചിത്രത്തില്‍ ഉന്നംവച്ച് അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്താ ബിസ്വ സര്‍മ എയര്‍ റൈഫിളില്‍ നിന്നു നിറയൊഴിക്കുന്ന, എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ‘പോയിന്റ് ബ്ലാങ്ക് ഷോട്ട്’ എന്ന ശീര്‍ഷകത്തിലുള്ള 17 സെക്കന്‍ഡ് വീഡിയോ ക്ലിപ് സംസ്ഥാനത്തെ ബിജെപിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്തത് പത്തുലക്ഷത്തിലേറെപ്പേര്‍ അതു കണ്ടുകഴിഞ്ഞാണ്.
ബിബിസിയും അല്‍ജസീറയും അടക്കം രാജ്യാന്തര മാധ്യമങ്ങളുടെ വരെ ശദ്ധയാകര്ഷിച്ച ആ വിവാദ വീഡിയോയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് മുഖ്യമന്ത്രി സര്‍മ കൈമലര്‍ത്തി. എന്നാല്‍ അതിന്റെ ഉള്ളടക്കത്തെ അദ്ദേഹം തള്ളിപ്പറയുന്നില്ല.
കൗബോയ് വേഷത്തില്‍ തോക്കേന്തി നില്ക്കുന്ന സര്‍മയുടെ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ‘ദയയില്ല, വിദേശികളില്‍ നിന്നു മുക്തമായ അസം, ബംഗ്ലാദേശികള്‍ക്ക് മാപ്പില്ല’ തുടങ്ങിയ വരികളിലെ രാഷ് ട്രീയ സന്ദേശം സുവ്യക്തമാണ്.
ബംഗാളി സംസാരിക്കുന്ന അസമിലെ മുസ്ലിം സമൂഹത്തെ ‘മിയാ’ എന്നു നിന്ദ്യരൂപത്തില്‍ വിളിച്ചാക്ഷേപിച്ചുകൊണ്ട് സംസ്ഥാനത്തെ മുഖ്യമന്ത്രിതന്നെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും, ഭീതിയുടെയും അക്രമത്തിന്റെയും, വിവേചനത്തിന്റെയും അനീതിയുടെയും അന്തരീക്ഷം സൃഷ്ടിച്ച് വളര്‍ത്തിക്കൊണ്ടുവന്ന വര്‍ഗീയ ധ്രുവീകരണത്തിന്റെ വികൃതമായ മുഖം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഏറ്റവും ആപല്‍ക്കരമായ രാക്ഷസീയ ഭാവം പകര്‍ന്നാടുകയാണ്.
തിന്‍സുകിയായിലെ ഡിഗ്ബോയിയില്‍ രണ്ടാഴ്ച മുന്‍പ് ഒരു പൊതുപരിപാടിയില്‍ മുഖ്യമന്ത്രി ഒരു മറയുമില്ലാതെ പറഞ്ഞു:
ഹിമന്ത ബിസ്വ സര്‍മയും ബിജെപിയും മിയാകള്ക്കെതിരാണ്. അവരെ പരമാവധി കഷ്ടപ്പെടുത്താനാണ് തങ്ങള്‍ ശ്രമിക്കുന്നത്. ഏതെല്ലാം വിധത്തില്‍ അവരെ വിഷമിപ്പിക്കാമോ അതെല്ലാം ചെയ്യണം. അവര്‍ അഞ്ചു രൂപ റിക്ഷാചാര്ജ് ചോദിച്ചാല്‍ നാലു രൂപ കൊടുക്കണം. അവര്‍ക്ക് പൊറുതിമുട്ടിയാലേ നിവൃത്തിയില്ലാതെ അവര്‍ അസം വിട്ടുപോകൂ.
സംസ്ഥാനത്തെ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തില്‍ ‘നാലഞ്ചു ലക്ഷം’ മിയാ വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്നു നീക്കം ചെയ്യുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഫോം ഏഴ് ഉപയോഗിച്ച് മുസ്ലിം വോട്ടര്‍മാര്‍ക്കെതിരെ വ്യാപകമായ രീതിയില്‍ പരാതി നല്‍കാനും അവരെ പട്ടികയില്‍ നിന്നു നീക്കാനും ബിജെപി അണികളെ ഒരുക്കിയിട്ടുണ്ട്.
”വോട്ട് ചോരിയെന്നാല്, ഞങ്ങള്‍ കുറച്ച് മിയാ വോട്ടുകള്‍ മോഷ്ടിക്കും. അവര്‍ അസമിലല്ല, ബംഗ്ലാദേശിലാണ് വോട്ടുചെയ്യേണ്ടത്,” സര്‍മ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന് ഇക്കാര്യത്തില്‍ ഒരു പ്രതികരണവുമില്ല.
വിദ്വേഷ പ്രചാരണ കേസുകളില്‍ സ്വമേധയാ നടപടിയെടുക്കാന്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് പോലീസിനോട് നിര്‍ദേശിച്ച 2022 ഒക്ടോബറിലെ ഉത്തരവ് സുപ്രീം കോടതി 2023 ഏപ്രിലില്‍ എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും നീട്ടിയിരുന്നു.
സംസ്ഥാനത്തെ ന്യൂനപക്ഷ സമൂഹങ്ങള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുകയും, വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷത്തിനും ക്രമസമാധാന പ്രശ്നങ്ങള്‍ക്കും ഇടവരുത്തുംവിധം പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുന്ന സര്‍മയ്ക്കെതിരെ ആരും പരാതിപ്പെടാതെതന്നെ കോടതികള്‍ക്ക് സുവോ മോട്ടോ കേസെടുക്കാവുന്നതാണ്. ഭയമോ പക്ഷപാതമോ കൂടാതെ പ്രവര്‍ത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി ഒരു പ്രത്യേക വിഭാഗത്തോട് വിവേചനപരമായി പെരുമാറുന്നതും ശത്രുതയോടെ പ്രവര്‍ത്തിക്കുന്നതും ക്രിമിനല്‍ കുറ്റമാണ്.
ഭരണഘടനാ വ്യവസ്ഥകള്‍ മുന്‍നിര്‍ത്തി, സര്‍മയ്ക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം പാര്‍ട്ടിയും സിപിഐ നേതാവ് ആനി രാജയും അസമില്‍ നിന്നുള്ള മനുഷ്യാവകാശപ്രവര്‍ത്തകരും ഇസ് ലാമിക പുരോഹിതരുടെ ഇസ്ലാമിക ജമായത്ത് ഉലേമാ ഇ ഹിന്ദ് സംഘടനയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
‘തിരഞ്ഞെടുപ്പുകാലമാകുമ്പോള്‍ സുപ്രീം കോടതിയെ രാഷ്ട്രീയ യുദ്ധക്കളമായി മാറ്റുന്ന സാഹചര്യം’ എടുത്തുകാട്ടി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജൊയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുല്‍ പഞ്ചോലി എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച്, അസം മുഖ്യമന്ത്രിക്കെതിരായ ഹര്‍ജികള്‍ ഗുവാഹട്ടി ഹൈക്കോടതിയിലാണ് പ്രാഥമികമായി സമര്‍പ്പിക്കേണ്ടതെന്ന് നിര്‍ദേശിച്ച് കേസ് കൈയൊഴിഞ്ഞു. ഭരണഘടനാ കോടതി എന്ന നിലയില്‍ ഹൈക്കോടതിയുടെ അധികാരപരിധി മാനിക്കേണ്ടതുണ്ട്. ഗുവാഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എത്രയും വേഗം ഹര്‍ജികള്‍ പരിഗണിക്കും എന്ന ആശ്വാസവചനം സുപ്രീം കോടതി ബെഞ്ച് നല്കി.
അസം പൊലീസിന് മുഖ്യമന്ത്രിക്കെതിരായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പരിമിതികള്‍ ഉള്ള സാഹചഹര്യത്തില്‍, നിഷ്പക്ഷമായ ജുഡീഷ്യല്‍ ഇടപെടലും ഭരണഘടനാ പദവികള്‍ വഹിക്കുന്നവര്ക്കായുള്ള കര്‍ശനമായ നിയന്ത്രണ മാര്‍ഗനിര്‍ദേശങ്ങളും വേണമെന്ന അപേക്ഷ സുപ്രീം കോടതി ചെവിക്കൊണ്ടില്ല.
വിദ്വേഷ പ്രചാരണത്തിന്റെ പേരില്‍ അസം മുഖ്യമന്ത്രിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൗസ് ഖാസ് സ്റ്റേഷനില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് ഹര്‍ഷ് മന്ദറും, ഹൈദരാബാദില്‍ എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസിയും, ഗുവാഹട്ടിയിലെ ദിസ്പുര്‍ സ്റ്റേഷനില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരും പരാതി സമര്‍പ്പിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ക്കും നയങ്ങള്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ഗുവാഹട്ടി ആര്‍ച്ച്ബിഷപ് എമരിറ്റസ് തോമസ് മേനാംപറമ്പില്‍, അസം മുന്‍ ഡിജിപി ഹരേകൃഷ്ണ ഡേക, പ്രഫസര്‍ ഹിരേന്‍ ഗൊഹെയ്ന്‍ തുടങ്ങി 43 പ്രമുഖ പൗരന്മാര് ഗുവാഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേരത്തെ നിവേദനം സമര്‍പ്പിക്കുകയുണ്ടായി.
ഇതിനിടെ, സര്‍മയും കുടുംബവും സംസ്ഥാനത്ത് 12,000 ബീഘാ (3,960 ഏക്കര്‍) ഭൂമി നിയമവിരുദ്ധമായി കൈയടക്കിയിട്ടുണ്ടെന്നും കൃഷിഭൂമി വ്യാവസായിക ഭൂമിയാക്കി മാറ്റാനായി നിയമങ്ങള്‍ മാറ്റിമറിച്ചുവെന്നും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റേതായി 17 കമ്പനികളുണ്ടെന്നും വന്‍കിട കോര്‍പറേറ്റുകള്‍ക്ക് സര്‍ക്കാര്‍ ഭൂമി കൈമാറിയ വകയില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും ആരോപിച്ച് ഗുവാഹട്ടിയില്‍ പത്രസമ്മേളനം നടത്തിയ കോണ്‍ഗ്രസ് നേതാക്കളായ ഗൗരവ് ഗൊഗോയ്, ഭൂപേഷ് ബാഗെല്‍, ജിതേന്ദ്ര സിങ് എന്നിവര്‍ക്കെതിരെ സര്‍മ ഫയല്‍ ചെയ്ത 500 കോടി രൂപയുടെ മാനനഷ്ടക്കേസില്‍ ‘അപമാനകരമായ പ്രസ്താവനകള്‍’ നടത്തുന്നതു വിലക്കി ഗുവാഹട്ടി കാംരൂപ് സീനിയര്‍ ഡിവിഷന് ഒന്നാം നമ്പര്‍ സിവില്‍ ജഡ്ജി ആദ് ഇന്തെരിം ഇന്ജങ്ഷന് ഉത്തരവ് ഇറക്കി. മുഖ്യമന്ത്രിക്ക് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ ഒരു അസമീസ് പത്രം പ്രസിദ്ധീകരിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്.
അതേസമയം, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും ലോക്സഭയില്‍ പാര്‍ട്ടിയുടെ ഡപ്യൂട്ടി ലീഡറുമായ ഗൗരവ് ഗൊഗോയിയുടെ ‘പാക്കിസ്ഥാന് ബന്ധത്തെക്കുറിച്ച്’ അന്വേഷിക്കാന്‍ താന്‍ നിയോഗിച്ച അസം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ റിപ്പോര്ട്ടിന്മേല് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം നടത്തുമെന്ന പ്രഖ്യാപനവുമായി ഗൊഗോയിയുടെ രാഷ് ട്രീയ പ്രതിച്ഛായ തര്‍ക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി സര്‍മ. ലീഡ് പാക്കിസ്ഥാന് എന്ന കാലാവസ്ഥാ സംഘടനയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ബ്രിട്ടീഷ് പൗരത്വമുള്ള തന്റെ ഭാര്യ എലിസബത്ത് കോള്‍ബേണിനെ കാണാന്‍ 2013-ല്‍ ഗൊഗോയ് 10 ദിവസം പാക്കിസ്ഥാന് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട കഥയാണിത്. ഗൊഗോയിയുടെ പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ മതവിശ്വാസത്തിന്റെ കാര്യവും ഭാര്യയുടെ ഒസിഐ വിസയും മറ്റുമാണ് ആറുമാസമായി കൈവശം വച്ചിരിക്കുന്ന എസ്ഐടി റിപ്പോര്‍ട്ടില്‍ നിന്ന് ഇപ്പോള്‍ സര്‍മ പുറത്തുവിടുന്നത്.
തിരഞ്ഞെടുപ്പിനു മുന്നോടിയായി അസമില്‍ 5,450 കോടി രൂപയുടെ വികസന പദ്ധതികളുടെ പ്രഖ്യാപനം നടത്താനെത്തിയ പ്രധാനമന്ത്രി മോദി, പതിവുപോലെ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ‘ഘുസ്പൈഠിയോം’ (നുഴഞ്ഞുകയറ്റക്കാര്‍) ഉയര്‍ത്തുന്ന ഭീഷണിയെ നേരിടുന്നതിനെക്കുറിച്ച് വാചാലനാവുകയും മുഖ്യമന്ത്രി സര്‍മയുടെ മുസ് ലിം വിരുദ്ധ നിലപാടുകളെ പിന്തുണച്ചുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ‘മുസ് ലിം പ്രീണന നയങ്ങളെ’ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. ‘മാവോയിസ്റ്റ് മുസ് ലിം ലീഗ് കോണ്‍ഗ്രസ്’ എന്നായിരുന്നു ആക്ഷേപം.
നിയമവിരുദ്ധ കുടിയേറ്റത്തിന്റെ അതിസങ്കീര്‍ണ ചരിത്രമുള്ള അസമില്‍, ഒരു ന്യൂനപക്ഷ സമൂഹത്തെ ഭയപ്പെടേണ്ടവരായി, ആക്രമിക്കപ്പെടേണ്ടവരായി, തുടച്ചുനീക്കപ്പെടേണ്ടവരായി ചിത്രീകരിക്കുന്നതിന് വംശീയവിദ്വേഷത്തിന്റെ നായ്പീപ്പി ഊതുന്നത് ഭൂരിപക്ഷ വര്‍ഗീയതയുടെ തിരഞ്ഞെടുപ്പ് തന്ത്രമാണ്. ഭരണപരമായ വീഴ്ചകളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍, സംസ്ഥാനത്തെ ജനസംഖ്യാപരമായ പ്രൊഫൈലിനെയും തദ്ദേശീയരുടെ സാംസ്കാരിക തനിമയെയും വെല്ലുവിളിക്കുന്ന ‘വിദേശ നുഴഞ്ഞുകയറ്റക്കാരുടെ’ ഭീഷണിയെക്കുറിച്ച് ആശങ്ക പരത്തുന്നതിനോടൊപ്പം സംസ്ഥാനത്തെ ജനസംഖ്യയില്‍ മൂന്നിലൊന്നു വരുന്ന മുസ്ലിം ജനവിഭാഗത്തോട് ശത്രുതയും വിദ്വേഷവും വളര്‍ത്തുന്ന ആപല്‍ക്കരമായ തന്ത്രം. 2019-ല്‍ അസമിലെ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍ആര്‍സി) അന്തിമ പട്ടികയില്‍ പൗരത്വ രേഖകളില്ലാത്തതിനാല്‍ ഉള്‍പ്പെടാതെ പോയ 19 ലക്ഷം ആളുകളില്‍ മുസ് ലിംകള്‍ ഏഴു ലക്ഷം മാത്രമായിരുന്നു.
2011ലെ സെന്‍സ് കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ മുസ് ലിം ജനസംഖ്യ 34.22% ആണ്. ഇതില്‍ മിയാ, തദ്ദേശീയ മുസ് ലിം വിഭാഗമായ ഖിലോംജിയ സമൂഹങ്ങളുടെ വേറിട്ട കണക്കില്ല. അടുത്ത സെന്‍സസില്‍ മിയാ മുസ് ലിം ജനസംഖ്യ 38 ശതമാനമാകുമെന്നും മുഖ്യമന്ത്രി സര്‍മ സമര്‍ത്ഥിക്കുന്നു.
2022 ജൂണില്‍ മുഖ്യമന്ത്രി സര്‍മ, കൃഷിയില്‍ വളങ്ങളുടെ അമിത ഉപയോഗത്തെക്കുറിച്ച് മുന്നറിയിപ്പു നല്കുന്നതിനിടയില് ഒരു പുതിയ മുസ്ലിം വിരുദ്ധ അപവാദം മെനഞ്ഞു:
മിയാ പച്ചക്കറി കര്‍ഷകര്‍ ‘വളം ജിഹാദ്’ നടത്തുന്നു! ”അമിതമായി വളങ്ങള്‍ ഉപയോഗിക്കുന്നതു മൂലം വിവിധ ഭക്ഷ്യവസ്തുക്കളില്‍ നിന്ന് സംസ്ഥാനത്ത് ഹൃദ്രോഗവും വൃക്കരോഗവും വര്‍ധിച്ചുവരുന്നുണ്ടെന്ന് ബിജെപി സര്‍ക്കാര്‍ കണ്ടെത്തി. സംസ്ഥാനം ‘വളം ജിഹാദിനെതിരെ’ പോരാടുകയാണ്.” സംസ്ഥാനത്തെ നഗരങ്ങളില്‍ പച്ചക്കറി വില കൂടുന്നതിന് 2023-ല്‍ മിയാ കച്ചവടക്കാരെയാണ് സര്‍മ കുറ്റപ്പെടുത്തിയത്. പിന്നീട് ‘പ്രളയ ജിഹാദ്’ ആരോപണമുയര്‍ന്നു.
അസം അതിര്‍ത്തിക്കടുത്ത് മേഘാലയയിലെ റീബോയിയില് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി എന്ന മുസ് ലിം മാനേജ്മെന്റ് സര്‍വകലാശാല കുന്നുകള്‍ ഇടിച്ചുനിരത്തുകയും മരങ്ങളെല്ലാം വെട്ടിമാറ്റുകയും ചെയ്തതിനാല്‍ ഗുവാഹട്ടി നഗരത്തില്‍ വെള്ളപ്പൊക്കമുണ്ടാകുന്നുവെന്നാണ് സര്‍മ കണ്ടെത്തിയത്. ഈ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളും അധ്യാപകരും 90 ശതമാനവും അസമില്‍ നിന്നുള്ളവരായതിനാല്‍ അവരെ വിലക്കി യൂണിവേഴ്സിറ്റി പൂട്ടിക്കുമെന്നായിരുന്നു ഭീഷണി.
2025 ഓഗസ്റ്റില്‍ മുഖ്യമന്ത്രി സര്‍മ പറഞ്ഞു: നിയമവിരുദ്ധ മുസ് ലിം കുടിയേറ്റക്കാര്‍ വാടകയ്ക്ക് വീടെടുക്കും. അവിടെ ഒരു മസ്ജിദ് ഉടലെടുക്കും. അവര്‍ പശുവിനെ കൊല്ലും. പ്രദേശത്തെ വൈഷ്ണവ ആശ്രമ സത്രങ്ങള്‍ ഇല്ലാതാക്കും. അസമില്‍ ഇതാണ് പതിവായി സംഭവിച്ചുകൊണ്ടിരിക്കുന്നത്.
കാമാഖ്യാ ക്ഷേത്രത്തിന്റെ കുന്നുകള്‍ പോലും മുസ് ലിംകള്‍ കൈയേറും എന്ന ഭീഷണിയോടെയാണ് ‘ഭൂമി ജിഹാദ്’ വിരുദ്ധ നടപടികള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയിലെ ഭൂമി ഇടപാടുകള്‍ക്ക് റവന്യൂ കമ്മിഷണര്‍മാരുടെ അനുമതി വേണമെന്ന വ്യവസ്ഥ കൊണ്ടുവന്നു. ഗോത്രവര്‍ഗക്കാരുടെ ഭൂമിയും മേച്ചില്‍പ്പുറങ്ങളും സര്‍ക്കാര്‍ ഭൂമിയും കൈയേറിയവരെ ഒഴിപ്പിക്കാനെന്ന പേരില്‍ പല മേഖലകളിലും കുടിയൊഴിപ്പിക്കല്‍ നടത്തിയപ്പോള്‍ ഇരകളായവരിലേറെയും മുസ്ലിം വിഭാഗക്കാരാണ്. 2025 ജൂലൈയില്‍ അദാനി ഗ്രൂപ്പിന്റെ പവര്‍ പ്ലാന്റിനുവേണ്ടി ധുബ്രിയില്‍ കുടിയിറക്കപ്പെട്ടത് 1,400 മുസ് ലിം കുടുംബങ്ങളാണ്.
സംസ്ഥാനത്ത് അഞ്ചു കൊല്ലം കൊണ്ട് 50,000 ഏക്കര്‍ ഭൂമി അനധികൃത കുടിയേറ്റക്കാരില്‍ നിന്നു തിരിച്ചുപിടിക്കാന്‍ കഴിഞ്ഞുവെന്നാണ് സര്‍മയുടെ അവകാശവാദം. 1.5 ലക്ഷം ഏക്കറില്‍ നിന്ന് നുഴഞ്ഞുകയറ്റക്കാരെ ഓടിക്കുമെന്നാണ് പ്രധാനമന്ത്രിക്ക് താന്‍ ഉറപ്പുനല്‍കിയതെന്നും അവരുടെ കൈവശം 10 ലക്ഷം ഏക്കര്‍ ഭൂമിയുണ്ടെന്നും സര്‍മ പറയുന്നുണ്ട്.
കഴിഞ്ഞ നവംബറില്‍ അസമില്‍ ബിജെപി സര്‍ക്കാര്‍ അവതരിപ്പിച്ച ‘ലൗ ജിഹാദ്’ ബില്ലില്‍, മിശ്രവിവാഹത്തിലൂടെ ‘നമ്മുടെ യുവതികളെ’ കെണിയില്‍ വീഴ്ത്തുന്ന പുരുഷന്മാരുടെ മാതാപിതാക്കള്‍ക്കെതിരെയും തടവുശിക്ഷയ്ക്കു വ്യവസ്ഥയുണ്ടായിരുന്നു. ബഹുഭാര്യത്വം തടയാനുള്ള നടപടികളില്‍ ഏഴുവര്‍ഷം തടവാണ് നിര്‍ദേശിച്ചത്.
മോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലെ 2002-ലെ വംശീയ കലാപാനന്തരം കണ്ടെടുക്കപ്പെട്ട വിദ്വേഷത്തിന്റെ ലഘുലേഖകളില്‍ ‘പഹലേ ഈസായി, ഫിര്‍ കസായി’ (ആദ്യം ക്രിസ്ത്യാനികള്‍, പിന്നെ മുസ് ലിംകള്‍) എന്ന മുന്നറിയിപ്പു കാണാമായിരുന്നു. സര്‍മയുടെ അസമില്‍ മിയാകള് കഴിഞ്ഞാല്‍ പിന്നെ ക്രിസ്ത്യാനികളുടെ ഊഴമാണ്. ധ്യാനകേന്ദ്രങ്ങളിലെ സൗഖ്യശുശ്രൂഷകളിലൂടെ ഗോത്രവര്‍ഗക്കാരെ മതപരിവര്‍ത്തനം നടത്തുന്നുവെന്ന ആരോപണവുമായാണ് 2024-ല്‍ സര്‍മ അസം ഹീലിങ് (പ്രിവെന്‍ഷന്‍ ഓഫ് ഈവിള്‍) പ്രാക്റ്റീസസ് ആക്ട് കൊണ്ടുവന്നത്. അത്തരം സൗഖ്യശുശ്രൂഷയ്ക്ക് 50,000 രൂപ പിഴയും മൂന്നു വര്‍ഷം വരെ തടവുശിക്ഷയുമാണ് വ്യവസ്ഥ ചെയ്തത്. 2024-ല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടിവന്ന ഭൂപേന് ബോറായെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് ബിജെപിയിലെത്തിക്കാന്‍ കഴിഞ്ഞ ആനന്ദനിര്‍വൃതിയില്‍ സര്‍മയുടെ വിദ്വേഷപ്രചാരണം ഇനി കൂടുതല്‍ ഊര്ജിതമാകുമെന്നുറപ്പ്.

