സിഡ്നി : ഓസ്ട്രേലിയയിൽ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് നടപ്പിലാക്കിയ പുതിയ നിയമത്തെത്തുടർന്ന് മെറ്റ അധികൃതർ റദ്ദാക്കിയത് അഞ്ചര ലക്ഷത്തിലധികം അക്കൗണ്ടുകൾ. 16 വയസ്സിൽ താഴെയുള്ളവർക്ക് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിനാണ് സർക്കാർ കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയത്.
നിയമം പ്രാബല്യത്തിൽവന്ന ആദ്യ ആഴ്ചയിൽത്തന്നെ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും സജീവമായിരുന്ന കുട്ടികളുടെ അക്കൗണ്ടുകൾ കണ്ടെത്തി ഒഴിവാക്കുകയായിരുന്നു.ദോഷകരമായ ഉള്ളടക്കങ്ങളിൽ നിന്നും ഇന്റർനെറ്റിലെ ചതിക്കുഴികളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നതെന്ന് സർക്കാർ അറിയിച്ചു.
മാതാപിതാക്കളുടെ അനുവാദമുണ്ടെങ്കിൽപ്പോലും 16 വയസ്സിൽ താഴെയുള്ളവർക്ക് ഇനി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങാൻ സാധിക്കില്ല. ലോകത്തിൽത്തന്നെ ഇത്രയും കടുത്ത നിയമം നടപ്പിലാക്കുന്ന ആദ്യ രാജ്യമാണ് ഓസ്ട്രേലിയ.

