വത്തിക്കാൻ : വർഷാവസാനത്തിൽ സ്വിറ്റസർലണ്ടിലെ ക്രാൻസ്-മൊന്താനയിലുള്ള സ്കീ റിസോർട്ടിലെ ക്ലബിലുണ്ടായ വൻ അഗ്നിബാധയിൽ നാൽപ്പതിലധികം ആളുകൾ മരണമടയുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അനുശോചനവും സാമീപ്യവുമറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ. സിയോൺ (SION) രൂപതാധ്യക്ഷൻ ബിഷപ് ഷാൻ-മരീ ലോവിക്ക് (JEAN-MARIE LOVEY) കർദ്ദിനാൾ പരൊളീൻ പാപ്പായുടെ പേരിൽ, അയച്ച ടെലെഗ്രാം സന്ദേശത്തിലൂടെയാണ്, ജനുവരി ഒന്നാം തീയതി രാവിലെ ഉണ്ടായ ഈ ദാരുണപകടത്തിൽ ഇരകളായവർക്കും അവരുടെ പ്രിയപ്പെട്ടവർക്കും പാപ്പാ തന്റെ സാമീപ്യം അറിയിച്ചത്..
ദാരുണമായ ഈ അപകടത്തിൽ നാൽപ്പതിലധികം ആളുകൾ മരണമടയുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ ദുഃഖിതരായിരിക്കുന്ന കുടുംബങ്ങളുടെയും സ്വിറ്റസർലണ്ടിന്റേയും ദുഃഖത്തിൽ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പങ്കുചേരുന്നുവെന്ന് എഴുതിയ കർദ്ദിനാൾ പരൊളീൻ, അപകടത്തിൽ മരണമടഞ്ഞവരെ, തന്റെ സമാധാനത്തിന്റെയും നിത്യവെളിച്ചത്തിന്റെയും ഇടത്തേക്ക് കർത്താവ് സ്വീകരിക്കട്ടെയെന്നും, തങ്ങളുടെ ഹൃദയത്തിലും ശരീരത്തിലും സഹനമനുഭവിക്കുന്നവർക്ക് ധൈര്യം പകരട്ടെയെന്നും പാപ്പായുടെ പേരിൽ ആശംസിച്ചു.
ഈ ദുരിതത്തിൽ ഉൾപ്പെട്ടവർക്കും, അതുമായി ബന്ധപ്പെട്ടവർക്കും പരിശുദ്ധ അമ്മ വിശ്വാസത്തിൽനിന്നുയരുന്ന ആശ്വാസമരുളട്ടേയെന്നും, അവരേവരെയും പ്രത്യാശയിൽ സംരക്ഷിക്കട്ടെയെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി എഴുതി.
വർഷാവസാനത്തിന്റെയും പുതുവർഷത്തിന്റെയും ആഘോഷത്തിന്റെ ഭാഗമായി, സ്വിറ്റസർലണ്ടിലെ ക്രാൻസ്-മൊന്താനയിലുള്ള സ്കീ റിസോർട്ടിലെ ക്ലബിൽ വിവിധയിടങ്ങളിൽനിന്നുള്ള നൂറുകണക്കിന് യുവജനങ്ങൾ ഒത്തുചേർന്ന അവസരത്തിലാണ്, പുലർച്ചെ ഒന്നരയോടെ അപ്രതീക്ഷിതമായി അവിടെയുള്ള ഹാളിൽ കനത്ത അഗ്നിബാധയുണ്ടായത്.
സ്വിറ്റസർലണ്ടിന്റെ തെക്കുപടിഞ്ഞാറൻ പ്രദേശത്ത് സമുദ്രനിരപ്പിൽനിന്ന് മൂവായിരത്തോളം മീറ്റർ ഉയരത്തിലാണ് ഈ റിസോർട്ട് സ്ഥിതിചെയ്യുന്നത്. ഇറ്റലിയിൽനിന്നുള്ള നിരവധി ആളുകളും അപകടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
നിലവിലെ കണക്കുകൾ പ്രകാരം നാൽപ്പത്തിയേഴ് പേരെങ്കിലും മരണമടഞ്ഞതായാണ് വിവിധ വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും കണക്കാക്കപ്പെടുന്നു.
