ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎൻആർഇജിഎ)പേര് മാറ്റാൻ കേന്ദ്രസർക്കാർ. ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ എന്നാണ് പുതിയ പേര്. ചുരുക്കത്തിൽ വിബി ജി റാം ജി എന്നാണ് പദ്ധതിയുടെ പേര് .
തൊഴിൽ ദിനങ്ങൾ നൂറിൽ നിന്ന് 125 ആക്കി ഉയർത്തിയേക്കും. പക്ഷെ പദ്ധതിയിൽ കേന്ദ്രവിഹിതം കുറയും. 60 ശതമാനം തുക കേന്ദ്രം നൽകും. ബാക്കി 40 ശതമാനം സംസ്ഥാനസർക്കാരുകൾ നൽകണം എന്നാണ് വ്യവസ്ഥ . നിലവിൽ 75 ശതമാനമാണ് കേന്ദ്രം നൽകുന്നത്. പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടുമെന്ന് സർക്കാർ .
2005-ലെ യുപിഎ സർക്കാർ കൊണ്ടുവന്ന എംജിഎൻആർഇജിഎ പദ്ധതി പ്രകാരം ഗ്രാമീണ മേഖലകളിലെ തൊഴിലാളികൾക്ക് നൂറ് ദിവസത്തെ തൊഴിലാണ് ഉറപ്പുനൽകിയിരുന്നത്. പുതിയ ബിൽ പ്രകാരം 100 ദിവസത്തെ തൊഴിൽ 125 ദിവസമാക്കി ഉയർത്തി. ജോലി പൂർത്തിയായി 15 ദിവസത്തിനുളളിൽ വേതനം നൽകണമെന്നാണ് ബില്ലിലെ നിർദേശം.
സമയപരിധിക്കുളളിൽ വേതനം നൽകാത്ത പക്ഷം തൊഴിൽരഹിത വേതനത്തിനും ബില്ലിൽ വ്യവസ്ഥയുണ്ട്. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവന അടിസ്ഥാന സൗകര്യങ്ങൾ, ദുരന്ത പ്രതിരോധം എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചായിരിക്കും ഇനി പദ്ധതി പ്രകാരം ജോലി നിശ്ചയിക്കുക.
ഇതിന്റെ ലക്ഷ്യം എന്താണെന്ന് മനസിലാകുന്നില്ല എന്നാണ് പ്രിയങ്കാ ഗാന്ധി പറഞ്ഞത്. ബിജെപിക്ക് നേരത്തെ നെഹ്റുവിനോടും ഇന്ദിരാ ഗാന്ധിയോടുമാണ് പ്രശ്നമുണ്ടായിരുന്നത്, ഇപ്പോൾ അവർക്ക് ബാപ്പുവിനോടാണ് പ്രശ്നം രഞ്ജിത് രഞ്ജൻ എംപി പറഞ്ഞു .

