വത്തിക്കാൻ : ക്രിസ്തുരാജന്റെ തിരുനാൾ ദിവസമായ നവംബർ മാസം ഇരുപത്തിമൂന്നാം തീയതി, നിഖ്യ എക്യൂമെനിക്കൽ കൗൺസിലിന്റെ 1700 മത് വാർഷികത്തോടനുബന്ധിച്ച്, ദൈവശാസ്ത്രപരമായ വിവാദങ്ങൾ പിന്നിൽ ഉപേക്ഷിച്ച് ഐക്യവും, അനുരഞ്ജനവും കൈവരിക്കാൻ ഒരുമിച്ച് നടക്കാൻ, ഭാവിയെ ലക്ഷ്യം വച്ചുള്ള ഒരു എക്യൂമെനിസത്തിനായി, വിശ്വാസികളെ ആഹ്വാനം ചെയ്തുകൊണ്ടുള്ള ലിയോ പതിനാലാമൻ പാപ്പായുടെ , “ഇൻ ഉണിത്താത്തെ ഫിദെയി” എന്ന പുതിയ അപ്പസ്തോലിക ലേഖനം പ്രസിദ്ധീകരിച്ചു.
തുർക്കിയിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയ്ക്ക് ഏതാനും ദിവസങ്ങൾക്ക് മുൻപായി, പ്രസിദ്ധീകരിക്കപ്പെട്ട ഈ ലേഖനത്തിൽ, നിഖ്യാ കൗൺസിലിന്റെ ദൈവശാസ്ത്രപരവും സഭാപരവും മാത്രമല്ല, സാംസ്കാരികവും സാമൂഹികവുമായ പ്രാധാന്യത്തെയും പ്രസക്തിയെയും കുറിച്ചുള്ള ആഴത്തിലുള്ള ചിന്തകളിലേക്ക് പാപ്പാ ഏവരെയും ക്ഷണിക്കുന്നു.
സർവശക്തനായ ദൈവത്തിൽ, സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവിൽ വിശ്വാസം പ്രഖ്യാപിക്കുന്നതിലൂടെ ആരംഭിക്കുന്ന നിഖ്യാ വിശ്വാസപ്രമാണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഓരോരുത്തരും തങ്ങളുടെ മനസ്സാക്ഷിയെ പരിശോധിക്കുവാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്യുന്നു.’ദൈവം എനിക്ക് എന്താണ് അർത്ഥമാക്കുന്നത്, അവനിലുള്ള എന്റെ വിശ്വാസത്തിന് ഞാൻ എങ്ങനെ സാക്ഷ്യം വഹിക്കും?'”എല്ലാ സൃഷ്ടികളിലും എനിക്ക് കണ്ടെത്താൻ കഴിയുന്ന അവന്റെ അടയാളങ്ങൾ ഉണ്ടോ?
എല്ലാവരുടെയും ഉടമസ്ഥതയിലുള്ള ഭൂമിയുടെ വസ്തുക്കൾ നീതിയുക്തമായ രീതിയിൽ പങ്കിടാൻ ഞാൻ തയ്യാറാണോ?” മനുഷ്യരാശിയുടെ പൊതു ഭവനമായി അതിനെ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുന്നതിനുപകരം, ഞാൻ സൃഷ്ടിയെ “ചൂഷണം” ചെയ്യുകയാണോ, “നശിപ്പിക്കുകയാണോ?” എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ലേഖനത്തിൽ പാപ്പാ നൽകുന്നുണ്ട്.”
ക്രിസ്തീയ വിശ്വാസത്തിന്റെ കാതൽ” “ദൈവപുത്രനായ യേശുക്രിസ്തുവിലുള്ള വിശ്വാസപ്രഖ്യാപനമാണ്” എന്നുള്ള നിഖ്യാസൂനഹദോസിന്റെ ചൈതന്യം പാപ്പാ ആവർത്തിക്കുന്നു. നിരവധി ആശങ്കകൾക്കും ഭയങ്ങൾക്കും, യുദ്ധത്തിന്റെയും അക്രമത്തിന്റെയും ഭീഷണികൾക്കും, പ്രകൃതി ദുരന്തങ്ങൾക്കും, ഗുരുതരമായ അനീതികൾക്കും അസന്തുലിതാവസ്ഥകൾക്കും, ദശലക്ഷക്കണക്കിന് ആളുകൾ അനുഭവിക്കുന്ന വിശപ്പിനും ദാരിദ്ര്യത്തിനും ഇടയിൽ, ഐക്യത്തിന്റെ ഈ വിശ്വാസപ്രമാണമാണ് നമുക്ക് പ്രത്യാശ നൽകുന്നതെന്നും” പാപ്പാ ലേഖനത്തിൽ അടിവരയിട്ടു പറയുന്നു.
ലേഖനത്തിൽ പാപ്പാ ആദ്യം നിഖ്യാ കൗൺസിലിന്റെ ചരിത്രം പുനഃപരിശോധിക്കുകയും, തത്ഫലമായി രൂപപ്പെടുത്തിയ “വിശ്വാസപ്രമാണത്തിൽ” ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. തുടർന്ന് വർത്തമാനകാലത്തെ “ദൈവത്തിലുള്ള വിശ്വാസം”, മനുഷ്യരാശിയുടെ രക്ഷയ്ക്കായി കുരിശിൽ മരിച്ച ക്രിസ്തുവിന്റെ ത്യാഗം, “തന്റെ പുനരുത്ഥാനത്തിലൂടെയും സ്വർഗ്ഗാരോഹണത്തിലൂടെയും പുതിയ ജീവിതത്തിലേക്കുള്ള പാത നമുക്ക് തുറന്നുതന്നത്”, യേശു പ്രസംഗിച്ച അയൽക്കാരനോടുള്ള സ്നേഹം, നിഖ്യാ കൗൺസിലിന്റെ “ഏറ്റവും ഉയർന്ന എക്യുമെനിക്കൽ മൂല്യം” എന്നിവയെക്കുറിച്ച് ചിന്തിക്കാൻ നമ്മെ ക്ഷണിക്കുന്നു.”
എക്യുമെനിക്കൽ സംഭാഷണം” നമ്മെ “മറ്റ് സഭകളിലും സഭാ സമൂഹങ്ങളിലും” ഉൾപ്പെട്ടവരെ യേശുക്രിസ്തുവിലുള്ള നമ്മുടെ “സഹോദരന്മാരായി” അംഗീകരിക്കുവാൻ പ്രചോദിപ്പിച്ചുവെന്നും, “നിരവധി സംഘർഷങ്ങളാൽ വിഭജിക്കപ്പെട്ടതും ഛിന്നഭിന്നവുമായ” ഇന്നത്തെ ലോകത്ത്, “സമാധാനത്തിന്റെ അടയാളമായും അനുരഞ്ജനത്തിനുള്ള ഉപകരണമായും ഈ ഐക്യം മാറുമെന്നും പറയുന്ന പാപ്പാ, സമാധാനത്തിനായുള്ള ആഗോള പ്രതിബദ്ധതയ്ക്ക് ഇത് നിർണായക സംഭാവന നൽകുന്നുവെന്നും കൂട്ടിച്ചേർത്തു.
എല്ലാ ക്രിസ്ത്യാനികൾക്കിടയിലും ഐക്യവും അനുരഞ്ജനവും കൈവരിക്കുന്നതിനായി നാം ഒരുമിച്ച് നടക്കണമെന്നും, ബഹുത്വമില്ലാത്ത ഐക്യം സ്വേച്ഛാധിപത്യവും, ഐക്യമില്ലാത്ത ബഹുത്വം ശിഥിലീകരണവുമാണെന്നും പാപ്പാ അടിവരയിട്ടു. “ക്രിസ്ത്യാനികൾക്കിടയിൽ ഐക്യം പുനഃസ്ഥാപിക്കുന്നത് നമ്മെ ദരിദ്രരാക്കുന്നില്ല; മറിച്ച്, അത് നമ്മെ സമ്പന്നരാക്കുന്നു.
നിഖ്യയിലെന്നപോലെ, പരസ്പര ശ്രവണത്തിന്റെയും സ്വീകാര്യതയുടെയും ക്ഷമയും ദീർഘവും ചിലപ്പോൾ ബുദ്ധിമുട്ടുള്ളതുമായ ഒരു യാത്രയിലൂടെ മാത്രമേ ഇത് സാധ്യമാകൂ. ഇത് ഒരു ദൈവശാസ്ത്ര വെല്ലുവിളിയാണ്, അതിലുപരി, എല്ലാവരിൽ നിന്നും മാനസാന്തരവും പരിവർത്തനവും ആവശ്യമുള്ള ഒരു ആത്മീയ വെല്ലുവിളിയാണ്”, പാപ്പാ എടുത്തു പറയുന്നു.
“നമ്മുടെ കർത്താവും ദൈവവുമായ യേശുക്രിസ്തുവിലുള്ള വിശ്വാസപ്രമാണം, നമ്മുടെ ആത്മസമർപ്പണം ആവശ്യപ്പെടുന്നുവെന്നും, യേശുവിനെ ഗുരുവായി, കൂട്ടുകാരനായി, സഹോദരനായി, സുഹൃത്തായി അനുഗമിക്കുമ്പോൾ അവന്റെ പാത “വിശാലവും സുഖകരവുമായ ഒരു പാതയല്ലായെന്നും, പലപ്പോഴും വെല്ലുവിളികളും,വേദനാജനകവുമാണെന്നും പാപ്പാ എടുത്തു പറഞ്ഞു.
യേശുവിനെ അനുഗമിക്കുമ്പോൾ, ദൈവത്തിലേക്കുള്ള ആരോഹണം നമ്മുടെ സഹോദരീസഹോദരന്മാരുടെ ഇടയിലേക്കുള്ള അവരോഹണത്തിലൂടെയും, സമർപ്പണത്തിലൂടെയുമാണ് കടന്നു പോകുന്നതെന്നും പാപ്പാ എഴുതുന്നു. പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥനയോടെയാണ് ലേഖനം ഉപസംഹരിക്കുന്നത്.
കടപ്പാട്: വത്തിക്കാൻ ന്യൂസ്
