വത്തിക്കാന്‍ സിറ്റി: സകല വിശുദ്ധരുടെയും സകല മരിച്ചവരുടെയും തിരുനാളുകൾ ഉൾപ്പെടെ, നമുക്ക് മുൻപേ കടന്നുപോയവരുടെ ഓർമ്മ പ്രത്യേകമായി അനുസ്മരിക്കുന്ന നവംബർ മാസത്തില്‍ നമ്മിൽ നിത്യജീവനെകുറിച്ചുള്ള പ്രതീക്ഷകൾ ഉണർത്തുന്നുണ്ടെന്ന് ലെയോ പതിനാലാമൻ പാപ്പ. ഇന്നലെ നവംബർ 12 ബുധനാഴ്ച വത്തിക്കാനിൽ പൊതുകൂടിക്കാഴ്ചയുടെ അവസരത്തിൽ സംസാരിക്കവേ, നല്ല ജീവിതം നയിക്കാനുള്ള തീരുമാനം ശക്തിപ്പെടുത്തി ജീവിക്കാനും പാപ്പ ആഹ്വാനം ചെയ്തു.
കൂടിക്കാഴ്ചയുടെ അവസാനഭാഗത്ത്, വിവിധ ഭാഷകളിൽ ആളുകളെ പ്രത്യേകമായി അഭിസംബോധന ചെയ്ത് സംസാരിച്ച വേളയിലാണ്, നവംബർ മാസം വിശ്വാസികളിൽ ഉയർത്തുന്ന നിത്യജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളെക്കുറിച്ച് പരാമർശിച്ചത്.
മരണമടഞ്ഞ വിശ്വാസികൾക്ക് ദൈവം നിത്യശ്വാസം നൽകട്ടെയെന്ന് പ്രാർത്ഥിച്ച പാപ്പാ, വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലും ജീവിച്ച്, നമുക്ക് മുൻപേ കടന്നുപോയ നമ്മുടെ സഹോദരന്മാരായ വിശുദ്ധ ആത്മാക്കൾക്കായി സമർപ്പിക്കപ്പെട്ട ഈ മാസത്തിൽ, യേശുവിന്റെ സ്നേഹത്തിന്റെ കല്പനയില് ജീവിക്കാനുള്ള നമ്മുടെ തീരുമാനത്തിൽ ശക്തിപ്പെടാൻ വേണ്ട കൃപയ്ക്കായി ദൈവത്തിന്റെ സഹായം അപേക്ഷിക്കാമെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.
കർത്താവിന്റെ സ്നേഹത്തിന്റെ കല്പനയില് ജീവിക്കുന്നതുവഴി കർത്താവിനും, വിശുദ്ധർക്കുമൊപ്പം നമുക്ക് നിത്യജീവൻ ആസ്വദിക്കാൻ സാധിക്കുമെന്നും പാപ്പ പറഞ്ഞു. നാൽപ്പത്തിനായിരത്തോളം ആളുകളാണ് പാപ്പ അനുവദിച്ച പൊതുകൂടിക്കാഴ്ചയിൽ പങ്കുചേര്‍ന്നത്.

