ഇസ്താംബൂള്‍: തെക്കുകിഴക്കൻ തുർക്കിയിലെ പുരാവസ്തു ഗവേഷകർ ഉർഫ കാസിലിൽ ക്രിസ്ത്യൻ രചന ആലേഖനം ചെയ്തിട്ടുള്ള മൊസൈക്ക് തറ കണ്ടെത്തി. ഗ്രീക്ക് ഭാഷയില്‍ ആലേഖനം ചെയ്തിരിക്കുന്ന 1,500 വർഷം പഴക്കമുള്ള ക്രിസ്ത്യൻ മൊസൈക്ക് തറയാണ് കണ്ടെത്തിയിരിക്കുന്നത്. മൊസൈക്ക് ബൈസന്റൈൻ കാലഘട്ടത്തിലേതാണെന്നു ഗവേഷകര്‍ വ്യക്തമാക്കി. എഡി 460നും 495നും ഇടയില്‍ ആലേഖനം ചെയ്തതു ആയിരിക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.
ജ്യാമിതീയ രൂപങ്ങൾ, മൃഗങ്ങളുടെയും സസ്യങ്ങളുടെയും രൂപങ്ങൾ, ബിഷപ്പ് കൈറോസ്, മുഖ്യ പുരോഹിതൻ ഏലിയാസ് എന്നിവരുൾപ്പെടെയുള്ള ഉന്നത സഭാ ഉദ്യോഗസ്ഥരെക്കുറിച്ചുള്ള ഗ്രീക്ക് ലിഖിതം എന്നിവ മൊസൈക്ക് ചിത്രത്തില്‍ ഉൾപ്പെടുന്നുണ്ടെന്നും ഇത് പ്രദേശത്തിന്റെ ആദ്യകാല ക്രിസ്ത്യൻ ശ്രേണി കണ്ടെത്താൻ ചരിത്രകാരന്മാരെ സഹായിക്കുമെന്നും അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. പുരാതന മെസൊപ്പൊട്ടേമിയയിൽ സാൻലിയുർഫയെന്നും എഡെസ്സ എന്നും അറിയപ്പെട്ടിരുന്ന ഉർഫ, ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ഒരുപോലെ ശ്രദ്ധയാകര്‍ഷിച്ച കേന്ദ്രമാണ്.
രക്തസാക്ഷികൾക്കായി സമർപ്പിച്ചിരിക്കുന്ന ഒരു ക്രൈസ്തവ ദേവാലയം പോലുള്ള ഒരു ക്രിസ്ത്യൻ സ്ഥലത്തിന്റെ ഭാഗമാണ് മൊസൈക്ക് കലാസൃഷ്ടിയെന്ന് ഗവേഷക സംഘത്തിന്റെ തലവനായ ഗുൽറിസ് കോസ്ബെ പറഞ്ഞു. പ്രദേശത്തെ ആദ്യകാല ക്രിസ്തീയ വിശ്വാസത്തിന്റെ വ്യാപനത്തെക്കുറിച്ച് ഈ സ്ഥലം പുതിയ വെളിച്ചം വീശുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൊസൈക്കിനെ കുറിച്ച് കൂടുതല്‍ ഗവേഷണം നടത്താനുള്ള തയാറെടുപ്പിലാണ് ഗവേഷകര്‍.

