വത്തിക്കാൻ : മധ്യയൂറോപ്യൻ രാജ്യമായ, ഹംഗറിയുടെ പ്രധാനമന്ത്രി, ശ്രീ. വിക്റ്റോർ ഓർബാൻ, ഒക്ടോബർ മാസം ഇരുപത്തിയേഴാം തീയതി, വത്തിക്കാനിലെത്തി, പരിശുദ്ധ പിതാവ് ലിയോ പതിനാലാമനെ സന്ദർശിച്ചു കൂടിക്കാഴ്ച്ച നടത്തി.
തുടർന്ന്, വത്തിക്കാനും മറ്റു രാജ്യങ്ങളും, അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള സെക്രട്ടറി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഘർ പ്രധാനമന്ത്രിയെ അനുഗമിക്കുകയും, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ നടന്ന കൂടിക്കാഴ്ചയിൽ, ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ശക്തിയാർന്ന ഉഭയകക്ഷി ബന്ധം എടുത്തു പറയപ്പെട്ടു. കുടുംബത്തിന്റെ പങ്ക്, യുവാക്കളുടെ രൂപീകരണം, ഭാവി, ഏറ്റവും ദുർബലരായ ക്രിസ്ത്യൻ സമൂഹങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എന്നീ മൂല്യങ്ങൾ മുൻനിർത്തി ഹങ്കേറിയൻ സമൂഹത്തിനിടയിൽ സാമൂഹിക വികസനവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിൽ കത്തോലിക്കാ സഭയുടെ പ്രതിബദ്ധതയും ചർച്ചയിൽ വിഷയീഭവിച്ചു.
തുടർന്ന്, യൂറോപ്പിന്റെ തത്സമയസാഹചര്യങ്ങളും ചർച്ച ചെയ്യപ്പെട്ടു. പ്രത്യേകമായി, ഉക്രൈനിലെ യുദ്ധവും, മധ്യപൂർവേഷ്യയിലെ സാഹചര്യങ്ങളും വിലയിരുത്തപ്പെട്ടു. ഇത് സംബന്ധിച്ച വിവരങ്ങൾ വത്തിക്കാൻ വാർത്താകാര്യാലയമാണ് പ്രസിദ്ധീകരിച്ചത്.
