വത്തിക്കാന്‍: ആഗോള കത്തോലിക്ക സഭയുടെ ആസ്ഥാന ദേവാലയമായ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ കഴിഞ്ഞ ദിവസം യുവാവ് നടത്തിയ അവഹേളനത്തില്‍ പ്രായശ്ചിത്ത പരിഹാര തിരുകര്‍മ്മം നടത്തി. പ്രധാന അൾത്താരയിൽ നടന്ന പ്രായശ്ചിത്ത കർമ്മത്തിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റും പാപ്പയുടെ വികാരി ജനറലുമായ കർദ്ദിനാൾ മൗറോ ഗാംബെറ്റി നേതൃത്വം നൽകി.
ഇന്നലെ ഒക്ടോബർ 13 പ്രാദേശിക സമയം ഉച്ചയ്ക്ക് 12:45-ന് ആരംഭിച്ച പാപപരിഹാര തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം കര്‍ദ്ദിനാള്‍ ഗാംബെറ്റി അൾത്താരയിൽ വിശുദ്ധജലം തളിക്കുകയും ധൂപാര്‍പ്പണം നടത്തുകയും ചെയ്തു. വത്തിക്കാൻ ബസിലിക്കയിലെ ജീവനക്കാര്‍ പങ്കെടുത്ത ചടങ്ങിൽ, അപമാനത്തിന് ദൈവത്തോട് ക്ഷമ ചോദിച്ച് പ്രാര്‍ത്ഥിച്ചതായി സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. എൻസോ ഫോർച്യൂണാറ്റോ സിഎൻഎയുടെ സ്പാനിഷ് വാർത്താ പങ്കാളിയായ ‘എസിഐ പ്രെൻസ’യോട് പറഞ്ഞു.
ഒക്ടോബർ 10 വെള്ളിയാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കിടെ അള്‍ത്താരയിലേക്ക് കയറിയ യുവാവ് അവിടെവെച്ച് മൂത്രമൊഴിച്ചാണ് അവേഹളനം നടത്തിയത്. ഉടന്‍ തന്നെ പോലീസ് ഇയാളെ ദേവാലയത്തില്‍ നിന്നു നീക്കി. സംഭവത്തില്‍ ലെയോ പതിനാലാമൻ മാർപാപ്പ ഞെട്ടല്‍ പ്രകടിപ്പിച്ചിരിന്നു. ലെയോ പാപ്പയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രായശ്ചിത്ത പരിഹാര തിരുക്കര്‍മ്മം ദേവാലയത്തില്‍ നടത്തിയത്.