വത്തിക്കാൻ: തങ്ങളുടെ പിതാക്കന്മാരിൽനിന്ന് ലഭിച്ച വിശ്വാസം കാത്തുസൂക്ഷിക്കുകയും, അതിനെ പഴമയിൽ തളച്ചിടാതെ, പരിശുദ്ധാത്മാവ് നൽകുന്ന പ്രചോദനങ്ങളനുസരിച്ച് അനുദിനം വളർത്തിക്കൊണ്ടുവരികയും ചെയ്യുന്നതിൽ ക്രൊയേഷ്യൻ സഭയെ അഭിനന്ദിച്ച് ലിയോ പതിനാലാമൻ പാപ്പാ.
2025-ലെ ജൂബിലിയുമായി ബന്ധപ്പെട്ട് വത്തിക്കാനിലെത്തിയ ആയിരക്കണക്കിന് ക്രൊയേഷ്യൻ തീർത്ഥാടകർക്ക് ഒക്ടോബർ 7 ചൊവ്വാഴ്ച വൈകുന്നേരം വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പ്രത്യേകം കൂടിക്കാഴ്ചാസമ്മേളനത്തിൽ സംസാരിക്കവെയാണ്, ലോകത്ത് ക്രൊയേഷ്യൻ ക്രൈസ്തവർ നൽകുന്ന വിശ്വാസമാതൃകയെ പാപ്പാ പ്രത്യേകം പരാമർശിച്ചത്.
ഈ വർഷത്തെ ജൂബിലിയുമായി ബന്ധപ്പെട്ട് പ്രാർത്ഥനാപൂർവ്വം ഇത്രയധികം ആളുകൾ തീർത്ഥാടനത്തിനെത്തിയത് ക്രൊയേഷ്യയിലെ കത്തോലിക്കാസഭയുടെ വിശ്വാസചൈതന്യവും, സഭയോടും പത്രോസിന്റെ പിൻഗാമിയോടുമുള്ള ഐക്യവുമാണ് വ്യക്തമാക്കുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു.
അനുദിനജീവിതത്തിലെ മൂർത്തമായ അനുഭവങ്ങളിൽ വിശ്വസ്തതാപൂർവ്വം ജീവിക്കുന്നതിലും, ജോലിക്കും പഠനത്തിനുമുൾപ്പെടെ വിവിധ കാരണങ്ങളാൽ ലോകത്തിന്റെ പലയിടങ്ങളിൽ ആയിരിക്കുമ്പോഴും തങ്ങളുടെ ക്രൈസ്തവപരമ്പര്യത്തോട് കൂറ് പുലർത്തുന്നതിനും, ക്രിസ്തുവിനെയും അവന്റെ സഭയെയും സ്നേഹിക്കുന്ന ഒരു ജനതയെന്ന നിലയിൽ സാക്ഷ്യം നൽകുന്നതിനും നന്ദി പറഞ്ഞ പാപ്പാ, ഇത്തരമൊരു ജീവിതം നിരവധി പ്രഭാഷണങ്ങളെക്കാൾ മനോഹരമായ ഒരു സുവിശേഷസാക്ഷ്യമാണെന്ന് പ്രസ്താവിച്ചു.
തങ്ങളോടൊപ്പമായിരിക്കുന്ന നല്ലിടയനായ ക്രിസ്തുവിൽ മിഴികളുറപ്പിച്ചും അവനാൽ നയിക്കപ്പെട്ടും മുന്നോട്ട് പോകാൻ പാപ്പാ തീർത്ഥാടകരെ ആഹ്വാനം ചെയ്തു. പങ്കുവയ്ക്കപ്പെടുമ്പോഴാണ് വിശ്വാസം വളരുകയും ശക്തിപ്പെടുകയും ചെയ്യുന്നതെന്നോർമ്മിപ്പിച്ച പാപ്പാ, ക്രൊയേഷ്യയുടെ ചരിത്രത്തെയും സംസ്കാരത്തെയും വളർത്തിയ ക്രൈസ്തവമൂല്യങ്ങൾ തങ്ങളുടെ കുട്ടികൾക്കും പുതുതലമുറകൾക്കും പകരാൻ ആഹ്വാനം ചെയ്തു. ഇതുവഴി, ക്രൊയേഷ്യയുടെ ചരിത്രവുമായി ബന്ധപ്പെട്ട സംഘർഷങ്ങളിലെന്നപോലെ, ഇന്ന് യുദ്ധങ്ങളാലും അക്രമങ്ങളാലും മുറിവേറ്റ ഒരു ലോകത്ത്, സമാധാനത്തിന്റെയും നന്മയുടെയും പ്രത്യാശയുടെയും പുളിമാവായി മാറാൻ രാജ്യത്തെ ക്രൈസ്തവർക്ക് സാധിക്കുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
“ക്രൊയേഷ്യയുടെ വിശ്വസ്തയായ മദ്ധ്യസ്ഥ്യ” എന്ന പേരിൽ വണങ്ങാപ്പെടുന്ന പരിശുദ്ധ അമ്മ തന്റെ മേലങ്കിക്കു കീഴിൽ നിങ്ങളെ സംരക്ഷിക്കട്ടെയെന്നും നിങ്ങളെ അനുഗമിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.