വത്തിക്കാൻ : സ്വിറ്റ്സർലണ്ടിൻറെ രാഷ്ട്രപതി ശ്രീമതി കെറിൻ കെല്ലെർ സട്ടെറിനെ ലിയൊ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.ഒക്ടോബർ മൂന്നാം തീയതി വെള്ളിയാഴ്ച (03/10/25) ആയിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച വത്തിക്കാനിൽ നടന്നത്.
ഈ കൂടിക്കാഴ്ചാനന്തരം പ്രസിഡൻറ് ശ്രീമതി സട്ടെർ വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ, രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ എന്നിവരുമായും സംഭാഷണം നടത്തി.
സ്വിസ് കാവഭടന്മാർ ഉദാരമായും തൊഴിൽപരമായ വൈദഗ്ദ്ധ്യത്തോടുകൂടിയും ഏകുന്ന സേവനവും പരിശുദ്ധസിംഹാസനവും സ്വിറ്റ്സർലണ്ടും തമ്മിലുള്ള മെച്ചപ്പെട്ടതും ഫലപ്രദവുമായ ഉഭയകക്ഷിബന്ധങ്ങളും ഈ കൂടിക്കാഴ്ചാവേളയിൽ അനുസ്മരിക്കപ്പെടുകയും സന്തുഷ്ടി പ്രകടപ്പിക്കപ്പെടുകയും ചെയ്തു.
ഉക്രൈയിൻ, ഗാസ എന്നിവിടങ്ങളിലെ യുദ്ധത്തിന് അറുതിവരുത്തുക ഉൾപ്പടെയുള്ള അന്താരാഷ്ട്രപ്രാധാന്യമുള്ളതും പൊതുതാല്പര്യമുള്ളതുമായ കാര്യങ്ങളും ഈ കൂടിക്കാഴ്ചാവേളയിൽ പരാമർശ വിഷയങ്ങളായി.പരിശുദ്ധസിംഹാസനത്തിൻറെ വാർത്താകാര്യാലയം, പ്രസ്സ് ഓഫീസ്, ഒരു പത്രക്കുറിപ്പിലൂടെയാണ് ഈ വിവരങ്ങൾ നല്കിയത്.