വത്തിക്കാൻ: വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ വയ്ക്കാനുള്ള ക്രിസ്തുമസ്സ് മരമായ സരള വൃക്ഷം അഥവാ, സ്പ്രൂസ് മരം ഇത്തവണ സംഭാവന ചെയ്യുക ഇറ്റലിയിലെ ബൊൾത്സാനൊ സ്വയംഭരണ പ്രവിശ്യയിൽപ്പെട്ട ലഗൂന്തൊ, ഊൾത്തിമോ എന്നീ നഗരസഭകൾ ആയിരിക്കും.
ഈ മരത്തിന് 27 മീറ്റർ, 88 അടിയിലേറെ ഉയരം ഉണ്ടായിരിക്കും. അതുപോലെ തന്നെ ചത്വരത്തിൽ ഒരുക്കുന്ന പുൽക്കൂട് സംഭാവന ചെയ്യുന്നത് തെക്കുപടിഞ്ഞാറെ ഇറ്റലിയിലെ സലേർണൊ പ്രവിശ്യയും നോചെറ ഇൻഫെരിയോറെ സാർണൊ രൂപതയും സംയുക്തമായിട്ടാണ്.
ആ പ്രദേശത്തിൻറെ തനിമ തെളിഞ്ഞു നില്ക്കുന്ന വിധത്തിലായിരിക്കും തിരുപ്പിറവിരംഗാവിഷ്കാരം.വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോൾ ആറാമൻ ശാലയിൽ വയ്ക്കുന്ന പുൽക്കൂട് കോസ്ത റീക്ക നാടിൻറെ സംഭാവനയായിരിക്കും. വത്തിക്കാൻ സംസ്ഥാന ഭരണകാര്യാലയം ഒക്ടോബർ 3-ന് വെളിപ്പെടുത്തിയതാണ് ഈ വിവരങ്ങൾ.