തിരുവനന്തപുരം: പ്രതിപക്ഷം ഇന്ന് അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന് പ്രാധാന്യമോ അടിയന്തര സാഹചര്യമോ ഇല്ലാത്തതിനാൽ അനുമതിയില്ലെന്ന് സ്പീക്കർ അറിയിച്ചതോടെ നിയമസഭയിൽ ബഹളം .രാഹുൽ ഗാന്ധിക്കെതിരെ ഒരു ചാനൽ ചർച്ചയിൽ ബിജെപി നേതാവ് നടത്തിയ ഭീഷണി സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎ നൽകിയ അടിയന്തരാവസ്ഥ പ്രമേയത്തിനാണ് സ്പീക്കർ എഎൻ ഷംസീർ അവതരണാനുമതി നിഷേധിച്ചത് .
പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. വിഷയം സബ്മിഷനായി ഉന്നയിക്കാമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും ബഹളം തുടർന്നു.
വിഷയം ഗൗരവതരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിപ്രായപ്പെട്ടു .ചാനൽ ചർച്ചക്കിടെ ബി.ജെ.പി നേതാവ് പ്രിന്റു മഹാദേവ് വധഭീഷണി ഉയർത്തിയ സംഭവത്തിൽ ചർച്ച അനുവദിക്കാതിരുന്നത് ബി.ജെ.പി-സി.പി.എം ബാന്ധവം മൂലമാണെന്ന് പ്രതിപക്ഷനേതാവ് അഭിപ്രായപ്പെട്ടു.
ടിവി ചർച്ചയിലെ പരാമർശങ്ങൾ സഭയിൽ ചർച്ച ചെയ്യേണ്ടതില്ലെന്ന് സ്പീക്കർ മറുപടി നൽകി. ഇതോടെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ച് സ്പീക്കറുടെ മുഖം മറച്ച് “സ്പീക്കർ നീതി പാലിക്കുക” എന്ന ബാനർ ഉയർത്തി. സെപ്റ്റംബർ 25-ന് നടന്ന സംഭവത്തിൽ ഇതിനു മുൻപ് ചേർന്ന നിയമസഭകളിൽ പ്രതിഷേധമോ സബ്മിഷനോ ഉന്നയിക്കാതിരുന്നത് കോൺഗ്രസിൻ്റെ ആത്മാർഥതയില്ലായ്മയായി മന്ത്രി പി രാജീവ് വിമർശിച്ചു.
പ്രതിപക്ഷ ബഹളം തുടർന്നതോടെ മറ്റു സഭാനടപടികളിലേക്ക് കടക്കുകയാണെന്ന് സ്പീക്കർ അറിയിച്ചു. വിവിധ കമ്മിഷനുകളുടെ റിപ്പോർട്ടുകൾ മന്ത്രിമാർ അവതരിപ്പിച്ചു. കേരള പബ്ലിക് സർവീസ് കമ്മിഷൻ ഭേദഗതി ബിൽ, കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ, കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും ഭേദഗതി ബിൽ എന്നിവ നിയമമന്ത്രി പി രാജീവ് സഭയിൽ ഉന്നയിച്ചു. തുടർന്ന് സഭ പിരിയുകയാണെന്നും ഒക്ടോബർ 6-ന് വീണ്ടും ചേരുമെന്നും സ്പീക്കർ എഎൻ ഷംസീർ അറിയിച്ചു.