വത്തിക്കാൻ: അടുത്ത മാസം അവസാനം ചാൾസ് മൂന്നാമൻ രാജാവും കാമില രാജ്ഞിയും വത്തിക്കാനിലേക്കു സന്ദർശനം നടത്തുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം. സെപ്റ്റംബർ 27ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് രാജാവും രാജ്ഞിയും 2025 ജൂബിലി വർഷത്തിനോട് അനുബന്ധിച്ച് ലെയോ പതിനാലാമൻ മാർപാപ്പയോടൊപ്പം ചെലവിടുവാന് രാജകുടുംബം വത്തിക്കാനിലെത്തുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്.
തീയതി സംബന്ധിച്ച വ്യക്തത നല്‍കിയിട്ടില്ല.”പ്രത്യാശയുടെ തീർത്ഥാടകർ” എന്ന നിലയിൽ ഒരുമിച്ച് നടക്കുക എന്ന ജൂബിലി വർഷ പ്രമേയത്തെ പ്രതിഫലിപ്പിക്കുന്ന വിധത്തില്‍ ഇംഗ്ലണ്ടിലെ സഭയുടെയും കത്തോലിക്ക സഭയുടെയും എക്യുമെനിക്കൽ പ്രവർത്തനം ഈ സന്ദർശന വേളയില്‍ ആഘോഷിക്കുമെന്നും ബക്കിംഗ്ഹാം കൊട്ടാരം വ്യക്തമാക്കി.
ബ്രിട്ടീഷ് രാജ കുടുംബത്തിന്റെ വത്തിക്കാനിലേക്കുള്ള രാഷ്ട്ര സന്ദർശനങ്ങൾ സ്വകാര്യ സന്ദർശനങ്ങളേക്കാൾ ഔപചാരികമായ വിധത്തിലാണ് നിരീക്ഷിക്കപ്പെടാറുള്ളത്. രാഷ്ട്രത്തലവനും ആഗോള സഭയുടെ നേതാവുമായ പാപ്പയെ ഔപചാരികമായി അംഗീകരിക്കുന്ന എക്യുമെനിക്കൽ, നയതന്ത്ര ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് ഓരോ കൂടിക്കാഴ്ചകളും.
ആധുനിക ചരിത്രത്തിൽ ബ്രിട്ടീഷ് രാജാക്കന്മാർ വത്തിക്കാനിലേക്ക് നിരവധി തവണ സന്ദർശനം നടത്തിയിട്ടുണ്ട്. 1903 ഏപ്രിലിൽ എഡ്വേർഡ് ഏഴാമൻ രാജാവ് ലെയോ പതിമൂന്നാമൻ മാർപാപ്പയെ സന്ദർശിച്ചിരിന്നു.
1961 മെയ് മാസത്തിൽ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയെയും 1980-ലും 2000-ലും ജോൺ പോൾ രണ്ടാമൻ മാർപാപ്പയെയും സന്ദർശിച്ചിരിന്നു. ഇതിനിടെ രണ്ട് അനൗദ്യോഗിക സന്ദർശനങ്ങളും നടത്തി. 2014 ഏപ്രിലിലും ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു. വെയിൽസ് രാജകുമാരൻ എന്ന നിലയിൽ ചാൾസ് വത്തിക്കാനിൽ അഞ്ച് സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്.
1985 ഏപ്രിലിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ സന്ദര്‍ശിച്ച രാജകുമാരന് 2005 ഏപ്രിലിൽ പാപ്പയുടെ മൃതസംസ്കാര ശുശ്രൂഷകളിലും സംബന്ധിച്ചിരിന്നു. ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തിന് 12 ദിവസം മുന്‍പ് ഏപ്രിൽ 9ന് രാജാവും രാജ്ഞിയും വത്തിക്കാന്‍ സന്ദര്‍ശിച്ചിരിന്നു. ഫ്രാന്‍സിസ് പാപ്പ താമസിച്ചിരിന്ന കാസ സാന്തയിൽവെച്ചായിരിന്നു സ്വകാര്യ കൂടിക്കാഴ്ച. ചാൾസിന്റെയും കാമിലയുടെയും 20-ാം വിവാഹ വാർഷികത്തോടനുബന്ധിച്ച് 20 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ഫ്രാൻസിസ് പാപ്പ ഇരുവരെയും ആശീര്‍വദിച്ചതായും റിപ്പോർട്ടുണ്ടായിരിന്നു.