ജെറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതിയ്ക്ക് സമീപം പതിനായിരക്കണക്കിന് ജനങ്ങളുടെ പ്രതിഷേധം . യുദ്ധം അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു പ്രതിഷേധ റാലി ജറുസലേമിൽ നടന്നത്. ഗാസയിൽ ബന്ദികളാക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളാണ് ജറുസലേമിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചത്.
അധികാരത്തിൽ തുടരാൻ ബെഞ്ചമിൻ നെതന്യാഹു തങ്ങളുടെ പ്രിയപ്പെട്ടവരെ ബലിയർപ്പിക്കുകയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു . ഗാസ സിറ്റി പിടിച്ചെടുക്കുന്നതിനായി ഇസ്രയേൽ സൈന്യം ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിലായിരുന്നു ബന്ദികളുടെ കുടുംബാംഗങ്ങൾ പ്രതിഷേധവുമായി രംഗത്ത് വന്നത്. ‘മരണത്തിന്റെ നിഴലുള്ള സർക്കാർ’ എന്നെഴുതിയ ഒരു ബാനർ പിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധക്കാർ ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വീട്ടിലേയ്ക്ക് ഇരച്ചെത്തിയത്.
‘അവർ ഇപ്പോഴും ഗാസയിൽ എന്തിനാണ്?’ എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതിയ്ക്ക് സമീപത്തേയ്ക്ക് എത്തിയത്. പ്രതിഷേധക്കാരെ നേരിടാൻ പൊലീസ് ശക്തമായ പ്രതിരോധം തീർത്തിരുന്നു.