മലയാളികളുടെ ദേശീയോത്സവമായ തിരുവോണത്തിന്റെ ആരവങ്ങളാണ് നാടെങ്ങും . കർക്കിടകത്തിൻ്റെ പഞ്ഞം മാറി ചിങ്ങത്തിൻ്റെ പ്രകാശം പരക്കുന്ന നാളാണ് തിരുവോണം.. വിളവെടുപ്പിൻ്റെയും വ്യാപാരത്തിൻ്റെയും കച്ചവടത്തിൻ്റെയും ഉത്സവമാണ് ഓണം.
മലയാള നാട് വാണിരുന്ന സത്യസന്ധനായ അസുര ചക്രവർത്തിയായിരുന്ന മഹാബലിയുടെ ഓർമ്മയാണ് ഓണം . വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ മാവേലി വർഷത്തിൽ ഒരിക്കൽ തൻ്റെ പ്രജകളെ കാണാൻ സ്വന്തം രാജ്യത്തിലേയ്ക്ക് തിരികെ എത്തുന്ന ദിവസമാണ് ഓണമായി ആഘോഷിക്കാറുള്ളതെന്നാണ് ഐതിഹ്യം .
എഡി 825 മുതലാണ് ഓണം ആഘോഷിച്ചു തുടങ്ങിയതെന്നാണ് മലബാർ മാന്വലിൻ്റെ കർത്താവ് വില്യം ലോഗൻ പറയുന്നത്. മഹാബലിയുടെ ഓർമ്മക്കായി ഭാസ്കര രവിവർമ്മയാണിത് ആരംഭിച്ചതെന്നും ലോഗൻ അഭിപ്രായപ്പെടുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച അറബിസഞ്ചാരി അൽബി റൂണിയും 1154ൽ വന്ന ഈജിപ്ഷ്യൻ സഞ്ചാരി അൽ ഇദ്രീസിയും 1159ൽ ഫ്രഞ്ച് സഞ്ചാരി ബഞ്ചമിനുമെല്ലാം മലയാളിയുടെ ഓണത്തെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും കളികളെക്കുറിച്ചും വിവരിക്കുന്നുണ്ട്.
ഓണത്തെക്കുറിച്ച് ഒരുപാട് മിത്തുകളും ചരിത്രവും കൂടിക്കുഴഞ്ഞു നിൽപ്പുണ്ട് .എവിടെയായാലും മലയാളിയെ ഒന്നിപ്പിക്കുന്ന ദിനമാണ് ഓണം .എല്ലാ വായനക്കാർക്കും ജീവനാദത്തിന്റെ ഓണാശംസകൾ .