വത്തിക്കാന് : തികച്ചും നിരാശാജനകമായ വാർത്തകളാണ് സുഡാനിൽനിന്നും എത്തുന്നതെന്നും, സായുധസംഘർഷങ്ങളുടെയും പട്ടിണിയുടെയും ഇരകളായി കഷ്ടപ്പെടുന്ന ജനങ്ങളുടെ ദുരിതാവസ്ഥ മാറണമെന്നും ലിയോ പതിനാലാമൻ പാപ്പാ. സെപ്റ്റംബർ മൂന്ന് ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയുടെ അവസാനഭാഗത്ത് വിവിധ ഭാഷകളിൽ ആളുകളെ അഭിസംബോധന ചെയ്ത അവസരത്തിലാണ് സുഡാനിലെ ജനങ്ങൾ കടന്നുപോകുന്ന ദുരിതങ്ങളെക്കുറിച്ച് പാപ്പാ ഏവരെയും ഓർമ്മിപ്പിച്ചത്.
എൽ ഫാഷറിൽ ആയിരക്കണക്കിന് പേരാണ് കുടിയൊഴിപ്പിക്കപ്പെട്ടും, കടുത്ത പട്ടിണിയുടെയും ആക്രമണങ്ങളുടെയും ഇരകളായും നഗരത്തിൽ കുടുങ്ങിക്കിടക്കുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു. നൂറുകണക്കിന് ജീവനുകളെടുത്തുകൊണ്ട് കഴിഞ്ഞ ദിവസം മധ്യ ഡാർഫൂറിനടുത്തുള്ള താറാസീനിലുണ്ടായ മണ്ണിടിച്ചിൽ പ്രദേശത്തെ ജനങ്ങളിൽ വേദനയും നിരാശയും നിറച്ചുവെന്ന് പാപ്പാ പറഞ്ഞു. ഇതിനും പുറമെ രാജ്യത്ത് പടർന്നുപിടിച്ചിരിക്കുന്ന കോളറ, ദുരിതപൂർണ്ണമായ ജീവിതാവസ്ഥകളിലൂടെ കടന്നുപോകുന്ന ലക്ഷക്കണക്കിന് പേരുടെ ജീവനാണ് ഭീഷണിയുയർത്തുന്നതെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
സഹനങ്ങളിലൂടെ കടന്നുപോകുന്ന അവിടുത്തെ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും, കുടിയിറക്കപെട്ടവർക്കും തന്റെ സാമീപ്യം അറിയിച്ച പാപ്പാ, ഏവർക്കും തന്റെ പ്രാർത്ഥനകൾ ഉറപ്പുനൽകി.
സുഡാൻ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന ഈ മാനവികദുരന്തത്തിന് അറുതിവരുത്താനായി അന്താരാഷ്ട്രസമൂഹവും, രാജ്യത്തെ നേതൃത്വവും സന്നദ്ധമാകണമെന്നും, ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായമെത്തിക്കാൻ വേണ്ടിയുള്ള മാനവിക ഇടനാഴി സാധ്യമാക്കണമെന്നും പാപ്പാ അഭ്യർത്ഥിച്ചു.
രാജ്യത്ത് സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനും, അവിടുത്തെ ജനങ്ങൾക്ക് അവരുടെ പ്രത്യാശയും, അന്തസ്സും, സമാധാനവും തിരികെ നൽകുന്നതിനുമായി ഏവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സത്യസന്ധവും ഗൗരവപൂർണ്ണവുമായ സംവാദങ്ങൾ ആരംഭിക്കേണ്ട സമയമാണിതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.