തിരുവനന്തപുരം : സർക്കാരിന്റെ ഓണാഘോഷത്തിന് ഇന്ന് തുടക്കം. വൈകിട്ട് 6 30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.
ഏഴ് ദിവസം നീണ്ട ആഘോഷത്തിൽ 33 വേദികളിലായി വിവിധ കലാപരിപാടികളും അരങ്ങേറും.
സംവിധായകനും നടനുമായ ബേസിൽ ജോസഫ്, തമിഴ്നടൻ ജയം രവി തുടങ്ങിയവർ മുഖ്യാതിഥികളാകും. പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, എംപി, എംഎൽഎമാർ, മേയർ തുടങ്ങിയ ജനപ്രതിനിധികളും ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും .
വിവിധ ദിവസങ്ങളിലായി 10000 ത്തോളം കലാകാരന്മാർ പ്രത്യക്ഷമായും പരോക്ഷമായും പങ്കെടുക്കും. പാരമ്പര്യ കലാകാരന്മാരും പങ്കെടുക്കും. ഘോഷയാത്രയിൽ 165 പ്ലോട്ടുകൾ ഉണ്ടാകും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ അയ്യായിരം കാണികൾക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിഐപി പവലിയനും ഒരുക്കും. ഓണാഘോഷത്തിന്റെ ഭാഗമായി 10 രാജ്യങ്ങളിൽ നിന്നുള്ള വിദേശ സഞ്ചാരികളും അതിഥികളായി പങ്കെടുക്കും.
ഓണാഘോഷത്തിന് സർക്കാർ 11. 49 കോടി രൂപയാണ് അനുവദിച്ചത്. ബാക്കി തുക സ്പോൺസർഷിപ്പിലൂടെയും കണ്ടെത്തും. മുൻ വർഷങ്ങളേക്കാൾ ആകർഷകവും വിപുലവുമായിട്ടാണ് ഇക്കുറി ദീപാലങ്കാരങ്ങൾ ഒരുക്കിയത്. കേരളത്തിൻറെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങൾക്കൊപ്പം ആധുനിക കലകളും സംഗീത, ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളും ഓണം വാരാഘോഷത്തിന് മാറ്റുകൂട്ടും. സെപ്റ്റംബർ 9 ന് വാരാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേഖർ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ ആഘോഷ പരിപാടികൾക്ക് സമാപനമാകും.