വത്തിക്കാൻ സിറ്റി: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഞായറാഴ്ച എണ്ണൂറോളം പേരുടെ ജീവൻ അപഹരിച്ച വൻ ഭൂകമ്പദുരന്തത്തിൽ ലിയൊ പതിനാലാമൻ പാപ്പാ ദുഃഖം രേഖപ്പെടുത്തി.
വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ഒപ്പിട്ടയച്ച ഒരു കമ്പിസന്ദേശത്തിലൂടെയാണ് പാപ്പായുടെ അനുശോചനവും പ്രാർത്ഥനയും ആ ജനതയെ അറിയിച്ചത്.
ഈ ഭൂമികുലുക്കത്തിൽ ജീവൻ പൊലിഞ്ഞവരുടെ ആത്മശാന്തിക്കായും മുറിവേറ്റവർക്കും കാണാതായവർക്കും വേണ്ടിയും പാപ്പാ പ്രാർത്ഥിക്കുകയും ഈ ദുരന്തം ദുരിതത്തിലാഴ്ത്തിയവരെ സർവ്വശക്തനയായവൻറെ കരുതലിന് ഭരമേല്പിക്കുകയും തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടിൽ കേഴുന്നവരോടും രക്ഷാപ്രവർത്തനത്തിലും വീണ്ടെടുക്കൽ പ്രക്രിയയിലും ഏർപ്പെട്ടിരിക്കുന്നവരോടും പൗരാധികാരികളോടും പാപ്പാ തൻറെ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
അഫ്ഗാനിസ്ഥാന് ക്ലേശകരമായ ഈ സമയത്ത്, പാപ്പാ അന്നാട്ടിലെ ജനതയ്ക്ക് സാന്ത്വനത്തിൻറെയും ശക്തിയുടെയും ദിവ്യാനുഗ്രഹങ്ങൾ ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു.
ഞായറാഴ്ച രാത്രിയാണ് കുനാർ പ്രവിശ്യയിൽ ഭൂകമ്പം ഉണ്ടായത്. ഭൂമികുലുക്കത്തിൻറെ ശക്തിയുടെ തോത് അളക്കുന്ന റിക്ടർ സ്കെയിലിൽ 6 ദശാംശം പൂജ്യം രേഖപ്പെടുത്തിയ ഈ ഭൂകമ്പത്തിൻറെ പ്രഭവകേന്ദ്രം അന്നാട്ടിലെ വൻ നഗരങ്ങളിലൊന്നായ ജലാലബാദ് നഗരത്തിൽ നിന്ന് 27 കിലോമിറ്റർ അകലെയായിരുന്നു.
800-ലേറെപ്പേർ മരണമടഞ്ഞതായും ആയിരക്കണക്കിനു വീടുകൾ തകർന്നതായും കണക്കാക്കപ്പെടുന്നു. ഈ ഭൂകമ്പം നേരിട്ടു ബാധിച്ചിട്ടുള്ളവരുടെ സംഖ്യ പന്തീരായിരത്തോളം വരും. 2023- ഒക്ടോബർ 7-ന് അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂമികുലുക്കം നാലായിരത്തോളം പേരുടെ ജീവനെടുത്തിരുന്നു.