കാലികം / വി. ആര്. ജോഷി
ജനസംഖ്യയില്‍ 20 ശതമാനത്തില്‍ താഴെ മാത്രം വരുന്ന സവര്‍ണ സമുദായങ്ങള്‍ എന്തടിസ്ഥാനത്തിലാണ് 10% സാമ്പത്തിക സംവരണം അനുഭവിക്കുന്നത് എന്ന് ആത്മപരിശോധന നടത്തുവാന്‍ അവര്‍ തയ്യാറാവണം. 18% ജനസംഖ്യയുള്ള ക്രൈസ്തവ സഭകളില്‍ പത്തു ശതമാനവും ലത്തീന്‍ കത്തോലിക്കരും പരിവര്‍ത്തിത ക്രൈസ്തവരുമാണ്. അതായത് ക്രൈസ്തവരില്‍ ഭൂരിപക്ഷവും പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുന്നു എന്ന് സാരം. ഉദ്യോഗ മേഖലയില്‍ ഒബിസി വിഭാഗങ്ങള്‍ക്ക് 40% സംവരണം അനുവദിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ ഇത് വിവിധ കോഴ്സുകള്‍ക്ക് 20% മുതല്‍ 30% വരെ മാത്രമാണ്. സര്‍ക്കാര്‍ അടിയന്തരമായി ഒബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തില്‍ ഉദ്യോഗ മേഖലയില്‍ ലഭ്യമായ 40% സംവരണം അനുവദിക്കാന്‍ തയ്യാറാവണം. ഒപ്പം പാവപ്പെട്ടവരുടെ പേരില്‍ അനുവദിച്ചിരിക്കുന്ന 10 ശതമാനം സംവരണത്തില്‍ ജാതിമത വ്യത്യാസമില്ലാതെ എല്ലാ പാവപ്പെട്ടവര്‍ക്കും അവസരം ഉറപ്പാക്കുകയും വേണം.
ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് പിന്നാക്ക സമുദായങ്ങളില്‍ പെട്ട വിദ്യാര്ഥികളെക്കാള് താഴ്ന്ന റാങ്ക് ലഭിച്ച മുന്നാക്ക സമുദായ വിദ്യാര്‍ഥികളെ താരതമ്യപ്പെടുത്തിക്കൊണ്ട് സവര്‍ണ ജാതി സംവരണം ഏര്‍പ്പെടുത്തിയതിലെ യുക്തിയില്ലായ്മ പൊതുസമൂഹം വ്യാപകമായി ചര്‍ച്ച ചെയ്യുകയാണ്.
കേരളത്തിലെ മെഡിക്കല്‍ കോളജുകളിലേക്കുള്ള 2025ലെ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് പൂര്‍ത്തിയായപ്പോള്‍ സ്റ്റേറ്റ് മെറിറ്റ് 697 വരെ റാങ്ക് ലഭിച്ച എല്ലാവരും എംബിബിഎസ് പ്രവേശനത്തിന് അര്‍ഹത നേടി. 916 വരെ റാങ്കുള്ള മുസ് ലിംകള്‍ക്കും 1627 വരെ റാങ്കുള്ള ഈഴവ സമുദായത്തില്‍ പെട്ടവര്‍ക്കും സംവരണ അടിസ്ഥാനത്തില്‍ പ്രവേശനം ഉറപ്പായി. മറ്റു പിന്നാക്ക ഹിന്ദു വിഭാഗത്തില്‍പ്പെട്ട 1902 വരെ റാങ്ക് ലഭിച്ചവര്‍ക്കും പ്രവേശനമായി. അതേസ്ഥാനത്ത് സവര്‍ണ സമുദായത്തില്‍ പെട്ട 2842 വരെ റാങ്ക് ലഭിച്ച വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ഉറപ്പായി.
സ്വാശ്രയ കോളജുകളിലെ പ്രവേശനത്തിലും ഒബിസി വിഭാഗം വിദ്യാര്ഥികളെക്കാള് വളരെ താഴ്ന്ന റാങ്കുള്ള സവര്‍ണ സമുദായത്തില്‍ ഉള്‍പ്പെട്ട ഇഡബ്ല്യുഎസ് എന്ന കാറ്റഗറിയില്‍ പ്രവേശനം ഉറപ്പായിട്ടുണ്ട്.
ബിഡിഎസ് പ്രവേശനത്തില്‍ സ്വാശ്രയ കോളജില്‍ പ്രവേശനം ഉറപ്പായ ആദിവാസി കുട്ടിയുടെ റാങ്ക് 43449 ആണ്. അതേസമയം സവര്‍ണ സമുദായത്തില്‍ പെട്ട 43690 വരെ റാങ്ക് ലഭിച്ച വിദ്യാര്‍ഥിക്കും പ്രവേശനം ഉറപ്പായി. അതായത് ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളെക്കാള്‍ താഴ്ന്ന റാങ്കുള്ള സവര്‍ണ സമുദായത്തില്‍പ്പെട്ട കുട്ടിക്കും പ്രവേശനം ലഭിച്ചു എന്ന് സാരം.
ഭരണഘടനാ ഭേദഗതിയിലൂടെ അനുവദിച്ച സവര്‍ണ ജാതി സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്നതാണെന്നും മണ്ഡല് കേസിലെ ഒന്‍പതംഗ ഭരണഘടനാ വിധിയെ അട്ടിമറിക്കുന്നതാണെന്നും അന്നുതന്നെ ആക്ഷേപം ഉയര്‍ന്നതാണ്.
ഭരണഘടന സാധുത പരിശോധിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ മൂന്ന് അംഗങ്ങള്‍ അനുകൂലിച്ചു എന്നതുകൊണ്ടു മാത്രമാണ് ഈ ഭേദഗതിക്ക് അംഗീകാരം ലഭിച്ചത്. ഭരണഘടനാ ബെഞ്ചില്‍ അംഗമായിരുന്ന ചീഫ് ജസ്റ്റിസ് യു.യു. ലളിതും സീനിയര്‍ മോസ്റ്റ് ജഡ്ജി രവീന്ദ്ര ഭട്ടും ഭേദഗതി നിയമത്തെ എതിര്‍ക്കുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ ഈ നിയമത്തെ അത്രമേല്‍ പരിശുദ്ധിയുള്ളതായോ സ്വീകാര്യതയുള്ളതായോ പരിഗണിക്കാന്‍ കഴിയില്ല.
സവര്‍ണ ജാതികള്‍ക്ക് സംവരണം ലഭ്യമാകുന്നതുവരെ, പിന്നാക്ക വിഭാഗങ്ങളില്‍ പെട്ടവര്‍ സംവരണവ്യവസ്ഥയിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനവും ഉദ്യോഗ മേഖലയില്‍ പദവികളും നേടുമ്പോള്‍ അത്തരം വിദ്യാര്‍ഥികളെയും ഉദ്യോഗസ്ഥരെയും പരമാവധി അവഹേളിക്കുന്ന രീതിയില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന കൂട്ടരായിരുന്നു ഇപ്പോള്‍ സവര്‍ണജാതി സംവരണത്തിന്റെ അനുകൂല്യമനുഭവിക്കുന്നവര്. സംവരണ വിഭാഗത്തില്‍പ്പെട്ട താഴ്ന്ന റാങ്ക് ഉള്ളവര്‍ ഡോക്ടറും എന്‍ജിനീയറും ഒക്കെ ആയാല്‍ രോഗി മരിക്കുകയും കെട്ടിടങ്ങളും പാലങ്ങളും തകരുകയും ചെയ്യുമെന്ന് ആക്ഷേപിച്ചിരുന്നവരുടെ ആക്ഷേപമൊക്കെ അവര്‍ക്കു കൂടി സംവരണം ലഭ്യമായതോടെ ഇല്ലാതായി എന്ന് തിരിച്ചറിയുക.
സുറിയാനി ക്രൈസ്തവരും നായര്‍ സര്‍വീസ് സൊസൈറ്റിയും ഈ രാജ്യത്തെ അധികാരവും സമ്പത്തും പദവികളും വിഭവങ്ങളും മുന്തിയ പങ്ക് കൈവശപ്പെടുത്തി അനുഭവിച്ചുവരുന്നവരാണ്. അനര്‍ഹമായി കൈവശപ്പെടുത്തിയ അധികാരങ്ങളും പദവികളും വിഭവങ്ങളും ഇവയെല്ലാം നിഷേധിക്കപ്പെട്ട രാജ്യത്തെ ഇതര പൗരന്മാര്ക്കു കൂടി ഉറപ്പാക്കുന്നതിനാണ് ഭരണഘടനയില്‍ സംവരണം വ്യവസ്ഥ ചെയ്തിട്ടുള്ളത്.
ഇവിടെ ചര്‍ച്ച ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്നത് സവര്‍ണ ജാതി സംവരണവും അവര്‍ക്ക് അനുവദിച്ച സംവരണ തോതും സംബന്ധിച്ചാണ്. സവര്‍ണ ജാതി സംവരണം അനാവശ്യമാണ്, ഭരണഘടനാ വിരുദ്ധമാണ്. പക്ഷേ നിയമം മൂലം അത് നടപ്പാക്കപ്പെടുകയും കോടതി ശരിവെക്കുകയും ചെയ്ത സാഹചര്യത്തില്‍ തല്ക്കാലം അംഗീകരിക്കുക മാത്രമാണ് കരണീയം.
പാവപ്പെട്ടവരുടെ മറവില്‍ സവര്‍ണ സമുദായങ്ങള്‍ക്ക് നല്കിയ സംവരണം നടപ്പാക്കിയത് ഏകപക്ഷീയമായും യുക്തിരഹിതമായ രീതിയിലുമാണ്. പരമാവധി 10 ശതമാനം വരെ നല്‍കാം എന്നാണ് വ്യവസ്ഥ. ഒരു ശതമാനം മുതല്‍ 10 ശതമാനം വരെ ഏതു നിരക്കും നല്‍കാം. ഇത് നടപ്പാക്കാതെയും ഇരിക്കാം എന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ ഇത് നടപ്പാക്കിയിട്ടില്ല.
സംവരണം അനുവദിക്കുമ്പോള്‍ ഭരണാധികാരികള്‍ പൊതുസമൂഹത്തോടു പറഞ്ഞത്, ഇത് സംവരണ സമുദായങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്നും പൊതുവിഭാഗത്തിലുള്ള ഒഴിവുകളില്‍ 10% ആണ് അനുവദിക്കുന്നത് എന്നുമാണ്. 50% സംവരണവും 50% പൊതുവിഭാഗവും ആണ് നിലവിലുള്ളത്. അങ്ങനെയെങ്കില്‍ പൊതുവിഭാഗത്തിലെ 50 ശതമാനത്തിന്റെ 10% എന്നാല്‍ അഞ്ച് ആണ്. പക്ഷേ നടപ്പാക്കിയപ്പോള്‍ പത്തും നല്കി.
2019ല്‍ തന്നെ ഈ അട്ടിമറി ശ്രദ്ധയില്‍പ്പെടുത്തിയതാണ്. ഭരണകക്ഷിയിലെ മുഖ്യപാര്‍ട്ടിയുടെ യുവനേതാക്കളോടും മുതിര്‍ന്ന നേതാക്കളോടും ചാനല്‍ ചര്‍ച്ചകളില്‍ ഈ ലേഖകന്‍ ഇത് വ്യക്തമാക്കിയിട്ടുള്ളതാണ്. അന്നും അവര്‍ പറഞ്ഞുപറ്റിക്കുകയാണ് ചെയ്തത്.
എംബിബിഎസ് പ്രവേശനത്തില്‍ അന്നും വളരെ താഴ്ന്ന റാങ്കുള്ള സവര്‍ണ സമുദായങ്ങള്‍ക്ക് പ്രവേശനം ലഭിച്ചത് വ്യാപകമായി ദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനും മറ്റു പല കോഴ്സുകള്‍ക്കും സവര്‍ണ സമുദായങ്ങള്‍ക്ക് അന്നും ഇന്നും നീക്കിവെച്ച സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു. 10% നിര്‍ണയിച്ചത് ഒരു ആവശ്യവുമില്ലാതെയാണെന്ന് തെളിയിക്കുന്നതാണ് ഈ വസ്തുതകള്‍.
സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ 27% ശതമാനം മുസ് ലിംകളും 18% ക്രിസ്ത്യാനികളും ഉണ്ട്. അവശേഷിക്കുന്ന 55 ശതമാനവും ഹിന്ദുക്കളായി കണക്കാക്കാം. അതില്‍ പട്ടികവിഭാഗങ്ങള്‍ 10% ഉണ്ട്. ഹിന്ദു വിഭാഗത്തില്‍ ഒബിസി കാറ്റഗറിയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഈഴവര്‍ 25 ശതമാനവും വിശ്വകര്‍മ്മജര്‍ അഞ്ചു ശതമാനവും മറ്റു പിന്നാക്ക ഹിന്ദുക്കള്‍ 10 ശതമാനവും എന്നാണ് ഏകദേശ അനുമാനം.
ജനസംഖ്യയില്‍ 13% ഉണ്ടെന്ന് അവകാശപ്പെടുന്ന നായര്‍ സമുദായത്തില്‍ ഒബിസി വിഭാഗങ്ങളില്‍പെട്ട വിളക്കിത്തല നായര്‍, വെളുത്തേടത്ത് നായര്‍, ആന്തൂര്‍ നായര്‍, ആന്ധ്ര നായര്‍, ചക്കാല നായര്‍, വിവിധ ചെട്ടിപിള്ള വിഭാഗങ്ങള്‍, വാണിക വൈശ്യര്‍ തുടങ്ങിയവരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. കൃത്യമായ കണക്കെടുത്താല്‍ സവര്‍ണ നായര്‍ സമുദായം 10 ശതമാനത്തിലും താഴെ മാത്രമേ കാണൂ. ആ കണക്ക് പുറത്തുവരാതിരിക്കാനാണ് എന്‍എസ്എസ് സെന്‍സസിനെ എതിര്‍ക്കുന്നത്. തല്ക്കാലം അവര്‍ 10% ഉണ്ടെന്ന് കരുതുക.
പതിനെട്ട് ശതമാനം ഉള്ള ക്രിസ്ത്യാനികളില്‍ ലത്തീന്‍ കത്തോലിക്കരും പരിവര്‍ത്തിത ക്രൈസ്തവരും എസ്ഐയുസി അടക്കമുള്ള നാടാര്‍ ക്രൈസ്തവരും കൂടി ഏകദേശം 10 ശതമാനം വരും. അവശേഷിക്കുന്ന എട്ടു ശതമാനം മാത്രമാണ് സവര്‍ണര്‍ എന്ന അവകാശപ്പെടുന്ന ക്രിസ്തീയ വിഭാഗം. അങ്ങനെ ആകെ സവര്‍ണവിഭാഗം 18 ശതമാനം വരും. എങ്കിലും രണ്ടുകൂട്ടരും കൂടി 20 ശതമാനം എന്ന് നിശ്ചയിക്കാം. ഈ വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് ആണ് 10% അനുവദിക്കുന്നത്.
സെന്‍സസ് രേഖ പ്രകാരം 27 ശതമാനം ഉള്ള മുസ്ലിം സമുദായത്തിന് പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് എട്ടു ശതമാനം മാത്രമാണ് സംവരണം. ഏകദേശം സമാന ജനസംഖ്യയുള്ള ഈഴവ സമുദായത്തിന് ഒമ്പത് ശതമാനവും.
ഈ കടുത്ത അനീതിയും അസമത്വവും അടിയന്തരമായി പരിഹരിക്കപ്പെടണം. ഉദ്യോഗ മേഖലയില്‍ ഒബിസി വിഭാഗങ്ങള്‍ക്ക് 40% സംവരണം അനുവദിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ ഇത് വിവിധ കോഴ്സുകള്‍ക്ക് 20% മുതല്‍ 30% വരെ മാത്രമാണ്. സര്‍ക്കാര്‍ അടിയന്തരമായി ഒബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തില്‍ ഉദ്യോഗ മേഖലയില്‍ ലഭ്യമായ 40% സംവരണം അനുവദിക്കാന്‍ തയ്യാറാവണം. ഒപ്പം പാവപ്പെട്ടവരുടെ പേരില്‍ അനുവദിച്ചിരിക്കുന്ന 10 ശതമാനം സംവരണത്തില്‍ ജാതിമത വ്യത്യാസമില്ലാതെ എല്ലാ പാവപ്പെട്ടവര്‍ക്കും അവസരം ഉറപ്പാക്കണം.
റാങ്ക് നിശ്ചയിക്കുന്ന ‘മെറിറ്റ്’ രീതിയോട് യോജിപ്പില്ലെങ്കിലും, നിലവില്‍ തുടരുന്ന രീതി എന്ന നിലയില്‍ മാത്രം അത് അംഗീകരിക്കുന്നു. പ്രൊഫഷണല്‍ കോഴ്സുകളിലെ പ്രവേശനത്തിന് റാങ്ക് നിശ്ചയിക്കുന്ന ‘മെറിറ്റ്’ രീതി ശാസ്ത്രീയമല്ല. ഉത്തരം എഴുതാനുള്ള വേഗവും ഓര്‍മ്മശക്തി കൂടുതല്‍ ഉള്ളവരും
പരിശീലന കേന്ദ്രങ്ങളില്‍ ലഭിക്കുന്ന നിരന്തരമായ പരിശ്രമത്തില്‍ വിജയം നേടുന്നവരുമാണ് ‘മെറിറ്റി’ല്‍ ഉയര്‍ന്ന റാങ്ക് നേടുന്നത്. ഇത്തരം ഉയര്‍ന്ന റാങ്ക് നേടുന്നവര്‍ പലപ്പോഴും തങ്ങള്‍ ഏര്‍പ്പെടുന്ന പ്രൊഫഷണല്‍ രംഗത്ത് വേണ്ടത്ര കാര്യക്ഷമത ഉള്ളവരായിരിക്കില്ല. സമൂഹത്തോടുള്ള കടപ്പാടും അവര്‍ക്ക് തീരെ കുറവായിരിക്കും. ഒരാളുടെ കര്‍മ്മശേഷിയും കാര്യശേഷിയും മെറിറ്റ് നിര്‍ണയത്തില്‍ പരിഗണിക്കപ്പെടാറില്ല.
ഭരണഘടന ഉറപ്പു നല്കുന്ന സാമൂഹ്യനീതി എന്ന സമത്വം, സാഹോദര്യം, സ്വാഭിമാനം ഇവയൊക്കെ ഇന്നും 80 ശതമാനത്തോളം വരുന്ന ഇന്ത്യയിലെ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അപ്രാപ്യമാണ്. എല്ലാ മേഖലയിലും ഉള്ള അസമത്വം ഇല്ലാതാകണമെങ്കില്‍ ആദ്യം അസമത്വത്തിന്റെ തോതും വ്യാപ്തിയും വ്യക്തമായി തിരിച്ചറിയണം. അതിനുള്ള ഏക പോംവഴി ജാതി/ സമുദായ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ സെന്‍സസ് മാത്രമാണ്. ഇത്തരം ഒരു സെന്‍സസിനെ എതിര്‍ക്കുന്നതില്‍ മുന്പില് നില്ക്കുന്നതും സുറിയാനി ക്രൈസ്തവരും നായര്‍ സര്‍വീസ് സൊസൈറ്റിയും ആണ്. ഈ രണ്ടു സമൂഹങ്ങളുടെയും കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളും മെഡിക്കല്‍ കോളജുകളും അടക്കമുള്ള ഇതര സ്ഥാപനങ്ങളിലും ഇവരുടെ സമുദായത്തിലുള്ള എത്ര പാവപ്പെട്ടവര്‍ക്ക് ഇവര്‍ തൊഴിലും പ്രവേശനം നല്‍കിയിട്ടുണ്ട് എന്ന് ആത്മപരിശോധന നടത്തിയിട്ടു വേണം മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍.
താഴ്ന്ന റാങ്ക് കിട്ടിയ സവര്ണന് പ്രവേശനം കിട്ടിയതിനെ ചൊല്ലി വാദകോലാഹലങ്ങള്‍ നടത്താതെ ഒബിസി വിഭാഗങ്ങള്‍ക്ക് അര്‍ഹമായ സംവരണവും അവസരങ്ങളും നേടിയെടുക്കുവാന്‍ പിന്നോക്ക സമുദായ സംഘടനകളും നേതാക്കളും തയ്യാറാവുക എന്നതു മാത്രമാണ് അടിയന്തര പരിഹാരമാര്‍ഗം. മുസ് ലിം സമുദായം കുറച്ചുകാലമായി ആ സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് നല്ല പരിശീലനവും ആവശ്യമായ സൗകര്യങ്ങളും സഹായങ്ങളും അനുവദിച്ച് അവരെ പ്രോത്സാഹിപ്പിക്കാറുണ്ട്. അതുകൊണ്ടാണ് അവര്‍ ഇതര ഒബിസി വിഭാഗങ്ങളെ കാള്‍ മെച്ചപ്പെട്ട റാങ്ക് നേടുന്നത്. മുസ് ലിം വിരോധം പറഞ്ഞുനടക്കുന്ന നേതാക്കള്‍ ഇത്തരം കാര്യങ്ങളില്‍ കൂടി ശ്രദ്ധിച്ചാല്‍ അതും ഒരു പരിഹാരമാകും.
ജനസംഖ്യയില്‍ 20 ശതമാനത്തില്‍ താഴെ മാത്രം വരുന്ന സവര്‍ണ സമുദായങ്ങള്‍ എന്തടിസ്ഥാനത്തിലാണ് 10% സംവരണം അനുഭവിക്കുന്നത് എന്ന് ആത്മപരിശോധന നടത്തുവാന്‍ അവര്‍ തയ്യാറാവണം. 27% ഉള്ള മുസ് ലിം സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എട്ടു ശതമാനവും തത്തുല്യമായ ജനസംഖ്യയുള്ള ഈഴവ സമുദായം 9% മാത്രമാണ് അനുഭവിക്കുന്നത്. 18% ജനസംഖ്യയുള്ള ക്രൈസ്തവ സഭകളില്‍ പത്തു ശതമാനവും ലത്തീന്‍ കത്തോലിക്കരും പരിവര്‍ത്തിത ക്രൈസ്തവരുമാണ്. അതായത് ക്രൈസ്തവരില്‍ ഭൂരിപക്ഷവും പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുന്നു എന്ന് സാരം.
വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതര സമ്പത്തും സ്വത്തുക്കളും അനുഭവിക്കുന്ന സവര്‍ണ വിഭാഗം അതില്‍ മുന്തിയ പങ്കും സര്‍ക്കാരില്‍ നിന്നും പൊതു ഖജനാവില്‍ നിന്നും ലഭിച്ചതാണെന്നത് മറക്കാന്‍ പാടില്ല. പൊതുസ്വത്തുക്കള്‍ക്കും വിഭവങ്ങള്‍ക്കും അവകാശപ്പെട്ട ഒരു ജനതയെ മാറ്റിനിര്‍ത്തിക്കൊണ്ട് എല്ലാം ഇനിയും സ്വയം അനുഭവിക്കാം എന്ന് ഉദ്ദേശ്യമുണ്ടെങ്കില്‍ അത് ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് തിരിച്ചറിയണം. പരസ്പരം സ്നേഹിക്കാനും പങ്കുവെക്കാനും സഹകരിക്കാനും പഠിപ്പിക്കുന്ന മത/ദൈവ വിശ്വാസമാണ് നമ്മെ നയിക്കുന്നത് എന്നത് മറന്നുപോകരുത്.
(പിന്നാക്ക വിഭാഗ വികസന വകുപ്പ് മുന്‍ ഡയറക്ടറാണ് ലേഖകന്‍)