കോട്ടയം: അത്തം പിറന്നു. ഇനിയുള്ള പത്താം നാൾ മലയാളികൾ തിരുവോണം ആഘോഷിക്കും. ഓണത്തിൻറെ പ്രധാനചടങ്ങിൽ ഒന്നാണ് അത്തപ്പൂക്കളം.
ഓണക്കാലത്ത് മലയാളികൾക്ക് നൊസ്റ്റാൾജിയ സമ്മാനിക്കുന്ന അത്തം പിറക്കുന്നതോടെ നാടും നഗരവും ഓണത്തിൻറെ ആവേശത്തിലേയ്ക്ക് കുതിക്കുക്കകയാണ് . തൊടികളിൽനിന്നു തുമ്പയും തുളസിയും മുക്കുറ്റിയും കാക്കപ്പൂവും കോളാമ്പിപ്പൂവും ഇല്ലാതായിരിക്കുന്നു .
വീട് കഴിഞ്ഞ ബാക്കി ഇടമെല്ലാം മുറ്റത്ത് കോൺക്രീറ്റ് ടൈലുകൾ പാകുന്നതാണ് പരിഷ്കാരം .ഓണത്തിന് പൂക്കളമൊരുക്കാൻ നാട്ടുപൂക്കൾ തേടി നടക്കുന്ന പതിവു തന്നെയില്ലാതായി. അത്തം മുതൽ 10 ദിവസം മുതൽ നടക്കുന്ന പൂവിടലലിൽ ഓരോ ദിവസവും വ്യത്യസ്ത തരത്തിലുള്ള പൂക്കളങ്ങളാണ് ഒരുക്കുന്നത്.കളമെഴുതി അത്തം മുതൽ പൂക്കളമിടുന്ന ശീലം മലയാളിയ്ക്ക് അന്യമായെങ്കിലും ഇതിൻറെ സ്മരണകളുണർത്തി ഇന്നു മുതൽ നാടൊട്ടുക്കും ആർട്ടിഫിഷ്യൽ അത്തപ്പുക്കളങ്ങൾ നിറയും.
വിവിധ സംഘടനകൾ ഒരുക്കുന്ന പൂക്കള മത്സരങ്ങളും ഇന്നു മുതൽ സജീവമാകും. ഇതിനു പുറമേ ഓണത്തിൻറെ വരവറിയിച്ച് വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾക്കു മുന്നിലും പൂക്കളങ്ങളൊരുക്കും .
ഓരോ ദിവസവും പൂക്കളത്തിൻറെ വലിപ്പവും രൂപവും വ്യത്യാസപ്പെട്ടിരിക്കും. ഇപ്പോൾ പൂക്കടകളിൽനിന്നു വാങ്ങുന്ന ചെണ്ടുമല്ലി, ജമന്തി, അരളി, വാടാമുല്ലി, ബട്ടൺറോസ് തുടങ്ങി വിവിധയിനം പൂക്കൾ ഉപയോഗിച്ചാണ് പൂക്കളം തയാറാക്കുന്നത്.
കൂടാതെ വിവിധയിനം ഇലകളും പച്ചക്കറികളും പൂക്കളമൊരുക്കാൻ ഉപയോഗിക്കുന്നുണ്ട്. ക്ലബുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ സംഘടനകൾ എന്നിവയുടെയെല്ലാം നേതൃത്വത്തിൽ ഇന്നു മുതൽ പൂക്കള മത്സരങ്ങൾ അരങ്ങേറും.
അത്തപ്പൂവിടാൻ മെനക്കെടാത്തവർക്കായി റെഡിമെയ്ഡ് പൂക്കളങ്ങളും വിപണിയിൽ എത്തിക്കഴിഞ്ഞു. ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള റെഡിമെയ്ഡ് പൂക്കളങ്ങളാണ് വിൽപ്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്. അത്തം മുതൽ പത്തു ദിവസവും ഇത് ഉപയോഗിക്കാം.
സൂക്ഷിച്ചാൽ അടുത്ത വർഷങ്ങളിലും പൂക്കളം ഇടാൻ ബുദ്ധിമുട്ടേണ്ടി വരില്ല. പല വലുപ്പത്തിലും ഡിസൈനിലുമുള്ള പൂക്കളങ്ങളാണ് വിൽപ്പനയ്ക്കായുള്ളത്. ഒട്ടേറെ സ്ഥാപനങ്ങളിൽ ഇപ്പോൾ റെഡിമെയ്ഡ് പൂക്കളങ്ങളാണ് ഉപയോഗിക്കുന്നത്.