ഉറിയും ചിരിക്കും / കെ ജെ സാബു
ബഹിരാകാശത്തേക്ക് ആദ്യമായി യാത്ര ചെയ്തത് ഹനുമാനാണെന്ന് സംഘപരിവാരം പറഞ്ഞാൽ പിന്നെ അപ്പീലില്ല . വിചിത്ര പരാമർശവുമായി രംഗത്തുവന്നത് ബിജെപി നേതാവ് അനുരാഗ് ഠാക്കൂർ. ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ചു ഹിമാചൽ പ്രദേശിലെ പി.എം.ശ്രീ സ്കൂളില് നടത്തിയ ചടങ്ങിലാണ് ഠാക്കൂർ തന്റെ വിജ്ഞാനം വിളമ്പിയത് . വിദ്യാർഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഠാക്കൂർ .
ദോഷം പറയരുതല്ലോ ,വിദ്യാർഥികൾ പുസ്തകങ്ങൾക്കപ്പുറം ചിന്തിക്കാനും ഇന്ത്യയുടെ പാരമ്പര്യത്തെക്കുറിച്ച് അറിയണമെന്നും കൂടി ഠാക്കൂർ പറഞ്ഞു, ഇന്ത്യയുടെ പാരമ്പര്യം കാക്കത്തൊള്ളായിരം മിത്തുകളാണെന്ന് ആദ്യമായ് പറയുന്ന ആളല്ല ഇദ്ദേഹം . തൻറെ മഹത്തായ പ്രബോധനത്തിന്റെ ദൃശ്യങ്ങൾ അനുരാഗ് ഠാക്കൂർ തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവച്ചു.
അത്രയേറെ ആത്മാർത്ഥതയുണ്ട് പറഞ്ഞ വിടുവായയിൽ അങ്ങേർക്ക് .
നമ്മളിപ്പോഴും വർത്തമാനകാലത്തിലാണ്. ആയിരക്കണക്കിനു വർഷം പഴക്കമുള്ള പാരമ്പര്യം, അറിവ്, സംസ്കാരം എന്നിവ തിരിച്ചറിയാത്തിടത്തോളം ബ്രിട്ടീഷുകാർ കാണിച്ചു തന്നതുപോലെ നമ്മൾ തുടരുമെന്നും അനുരാഗ് ഠാക്കൂർ പറയുന്നു .
ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ഹനുമാൻ ആണെന്ന മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ അനുരാഗ് താക്കൂറിന്റെ പരാമർശത്തിനെതിരേ വിമർശനവുമായി ഡിഎംകെ എംപി കനിമൊഴി. മന്ത്രിയുടെ പരാമർശം കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഭരണഘടനയോടുള്ള അവഹേളനമാണെന്നും കനിമൊഴി പറഞ്ഞു.
വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ വിജ്ഞാനത്തേയും യുക്തിചിന്തയെയും അപമാനിക്കുകയാണ്. ശാസ്ത്രീയ മനോഭാവം വളർത്തണമെന്ന ഭരണഘടനാ തത്വത്തെ അവഹേളിക്കുകയാണെന്നും കനിമൊഴി .രാജ്യത്തെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസോ ഇടത് പാർട്ടികളോ ഇക്കാര്യം അറിഞ്ഞമട്ടില്ല.അതും ഇന്ത്യക്കാരുടെ ഒരു ഭാഗ്യം എന്നെ കരുതേണ്ടൂ !