ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും തിരിച്ചെത്തിയ ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി . ഡൽഹിയിലെ ലോക് കല്യാൺ മാർഗ് വസതിയിലായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത് . ഐഎസ്ആർഒ ബഹിരാകാശയാത്രികന്റെ ജാക്കറ്റ് ധരിച്ചെത്തിയ ശുഭാംശു ശുക്ലയെ മോദി ആലിംഗനം ചെയ്തു . തോളിൽ കൈവെച്ച് അഭിനന്ദിച്ചു.
പ്രധാനമന്ത്രിക്ക് ആക്സിയം-4 മിഷൻ പാച്ച് സമ്മാനിച്ച ശുഭാംശു ,ദൗത്യത്തിനിടെ ഓർബിറ്റൽ ലാബിൽ കൊണ്ടുപോയ ദേശീയ പതാകയുമായി ഇരുവരും നിൽക്കുന്ന ചിത്രങ്ങൾ പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചു.
ബഹിരാകാശത്തെ അദ്ദേഹത്തിന്റെ അനുഭവങ്ങൾ, ശാസ്ത്ര സാങ്കേതിക മേഖലയിലെ പുരോഗതി, ഇന്ത്യയുടെ അഭിലാഷമായ ഗഗൻയാൻ ദൗത്യം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. അദ്ദേഹത്തിന്റെ നേട്ടത്തിൽ ഇന്ത്യ അഭിമാനിക്കുന്നു,” പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു.