ഉറിയും ചിരിക്കും / കെ ജെ സാബു
സാർവ്വദേശീയം എന്ന് വച്ചാൽ ലോകത്തെ സർവ്വദേശങ്ങളെയും ഉൾക്കൊള്ളുന്ന എന്ന് അർത്ഥം .എന്നാൽ തൃശൂരിൽ സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാർവ്വദേശീയ സാഹിത്യോത്സവത്തിൽ കേരളത്തിലെ കുറെ സ്ഥിരം മലയാളം എഴുത്തുകാരാണ് പങ്കെടുക്കുന്നത് .
മുറകാമിയും, സൽമാൻ റുഷ്ദിയും, ജെ കെ റൗളിംഗും ഹരാരിയും ഖാലിദ് ഹൊസൈനിയും ഒക്കെ എവിടെ? ആനയുടെ വലുപ്പത്തിൽ ഉറുമ്പ് എന്നെഴുതിയാൽ ഉറുമ്പ് ആനയോളം വരില്ല തന്നെ .
സാഹിത്യ അക്കാദമി അങ്കണത്തിൽ നടന്ന ചടങ്ങിൽ റവന്യു മന്ത്രി കെ രാജൻ ഐ എൽ എഫ് കെ രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്തത് . ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഫെസ്റ്റിവൽ ബുക്കും പ്രകാശനം ചെയ്തു.
രണ്ടാം പതിപ്പിൽ വ്യത്യസ്തമായ എഴുപതോളം സെഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്. സാർവ്വദേശീയ സാഹിത്യകാരൻ വൈശാഖൻ പതാക ഉയർത്തിയതോടെ സാർവ്വദേശീയ സാഹിത്യോത്സവത്തിന് തുടക്കമായി. സാഹിത്യ അക്കാദമി അങ്കണത്തിൽ നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ സാഹിത്യോത്സവം ഔദ്യോഗികമായി ഉദ്ഘാടനവും ചെയ്തു.
സാർവ്വദേശീയ സാഹിത്യോത്സവത്തിൽ രാഷ്ട്രീയക്കാരായ മന്ത്രിമാർക്കെന്ത് കാര്യം എന്നത് മറ്റൊരു ചോദ്യം !
മരണം വരെ സാഹിത്യ സംബന്ധിയായ അധികാരക്കസേരകളിൽ കുത്തിയിക്കണമെന്ന് തലവരയുള്ള സംഘിയാണോ സഖാവാണോ എന്ന് അത്ര നിശ്ചയമില്ലാത്ത സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ ഫെസ്റ്റിവൽ പരിപ്രേക്ഷ്യം അവതരിപ്പിച്ചു. ടോംസിന്റെ ‘ബോബനും മോളിയിൽ’ രണ്ട് താറാവുകളെയും കയ്യിൽ തൂക്കി പോകുന്ന പ്രസിഡന്റിനോട് ബോബൻ ചോദിക്കുന്നുണ്ട് .ഇതുങ്ങൾ പൂവനാണോ പിടയാണോ എന്ന് .അത്ര പൂവനുമല്ല അത്ര പിടയുമല്ല എന്നായിരുന്നു പ്രസിഡന്റിന്റെ പൊളിറ്റിക്കൽ മറുപടി .
സച്ചിദായുടെ പരിപ്രേഷ്യം ഏതാണ്ട് ഇതുപോലെയുള്ള ഒരു പരിപ്പുവടയാവും!
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, സെക്രട്ടറി സി പി അബൂബക്കർ, കേരള ലളിതകലാ അക്കാദമി അധ്യക്ഷൻ മുരളി ചീരോത്ത്, സംഗീത നാടക അക്കാദമി അധ്യക്ഷൻ മട്ടന്നൂർ ശങ്കരൻകുട്ടി, നേപ്പാൾ സാഹിത്യകാരൻമാരായ ഭുവൻ തപാലിയ, അമർ ആകാശ്, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി, അക്കാദമി ജനറൽ കൗൺസിൽ അംഗം വിജയരാജമല്ലിക, തുടങ്ങിയവർ പങ്കെടുത്തു.
വ്യത്യസ്തമായ കലാസാംസ്കാരിക പരിപാടികളും സെമിനാറുകളും ഉൾപ്പെടുന്ന സാഹിത്യോത്സവം മലയാളികളുടെ ഭാഗ്യത്തിന് ഈ മാസം 21ന് സമാപിക്കും. നേപ്പാൾ സാഹിത്യകാരൻമാരായ ഭുവൻ തപാലിയയെ നിങ്ങൾ കണ്ടില്ലേ എന്നൊരു ചോദ്യമുണ്ട് .കണ്ടു സാർവ്വദേശീയം കണ്ടു !
ഓണക്കാലത്തു കൊച്ചങ്ങാടിയിൽ നടക്കുന്ന അഖില കേരള വടംവലി മത്സരത്തിൽ വടക്കുംപുറത്തുനിന്നും തെക്കുംപുറത്തുനിന്നും ,ഏറിയാൽ കിഴക്കുംപുറത്തുനിന്നുംടീമുകൾ പങ്കെടുക്കും !
പേര് അഖിലകേരള വടംവലി !