തൃശൂർ • ഛത്തീസ്ഗഡിലേതിനു സമാനമായി മനുഷ്യക്കടത്ത് ആരോപിച്ച് 2021ൽ തൃശൂർ റെയിൽവേ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ രണ്ടു കന്യാസ്ത്രീകളടക്കം 5 പേരെയും സെഷൻസ് കോടതി വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി. വിചാരണയ്ക്ക് പ്രഥമദ്യഷ്ട്യാ തെളിവുകളില്ലാത്തതിനാൽ കുറ്റം നില നിൽക്കില്ലെന്നും തൃശൂർ ഒന്നാം അഡിഷനൽ സെഷൻസ് ജഡ്ജി കെ.കമനീസ് ചൂണ്ടിക്കാട്ടി.
കന്യാസ്ത്രീകൾ നാലും അഞ്ചും പ്രതികളായിരുന്നു. ജാർഖണ്ഡ് സ്വദേശികളായിരുന്നു ആദ്യ മൂന്നു പ്രതികൾ. ജാർഖണ്ഡിൽനിന്ന് 2021 സെപ്റ്റംബറിൽ തൃശൂരിലെ കന്യാസ്ത്രീ മഠങ്ങളിലേക്കെത്തിയ മൂന്നു പെൺകുട്ടികളെ ചൈൽലൈൻ പ്രവർത്തകർ റെയിൽവേ പൊലീസിനു കൈമാറുകയായിരുന്നു.
കോവിഡ് കാരണം കേസ് കോടതിയിലെത്തിയത് 2022ലാണ്. ഇക്കഴിഞ്ഞ ജൂലൈ 26നു കോടതി കേസ് പരിഗണിച്ചു. മനുഷ്യക്കടത്തു സംബന്ധിച്ച ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 370 വകുപ്പുകൾ തെളിവുകളുടെ അഭാവത്തിൽ നിലനിൽക്കില്ലെന്നു കോടതി വ്യ ക്തമാക്കി. കുറ്റപത്രത്തിലെ ആരോപണങ്ങൾ ശരിയല്ലെന്നും പെൺകുട്ടികളെ കൊണ്ടുവന്നത് മാതാപിതാക്കളുടെ പൂർണ സമ്മതത്തോടെയും മെച്ചപ്പെട്ട ജീവിതം തേടിയുള്ള പെൺകുട്ടികളുടെ ആഗ്രഹപ്രകാരവുമാണെന്നും കോടതി കണ്ടെത്തി.