മുംബൈ: രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ട് കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പിന് മൂന്നുമാസം മുമ്പ് മഹാരാഷ്ട്രയിലെ എൻഡിഎ സർക്കാർ കൊണ്ടുവന്ന സ്ത്രീകൾക്കായുള്ള പ്രതിമാസ ധനസഹായ പദ്ധതിയിൽ വ്യാപക ക്രമക്കേട്.
പ്രതിമാസം 1500 രൂപ നൽകുന്ന “ലഡ്കി ബഹൻ യോജന’യിൽ അനർഹരായ 26.34 ലക്ഷം പേർ ആനുകൂല്യം കൈപ്പറ്റി. ഇതിൽ 14298 പേർ പുരുഷന്മാരാണ്. സ്ത്രീകൾക്കുള്ള ധനസഹായ പദ്ധതിയിൽ നിന്ന് 21.44 കോടി രൂപയാണ് പുരുഷൻമാർക്ക് കൊടുത്തത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് മാത്രം എന്ന് പ്രചരിപ്പിച്ച് 2024 മഹായുതി സർക്കാർ കൊണ്ടുവന്ന പദ്ധതിയിൽ വൻ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും എൻസിപി (എസ് പി) എംപി സുപ്രിയ സുലെ ആവശ്യപ്പെട്ടു.
21 മുതൽ 65 വയസുവരെ പ്രായമുള്ള 2.5 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള സ്ത്രീകളാണ് ഗുണഭോക്താക്കൾ. എന്നാൽ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനത്തിൽ ക്രമക്കേട് നടത്തി പുരുഷന്മാരും പദ്ധതിയിൽ ചേർന്നു.
ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകൾക്കുമാത്രമേ അപേക്ഷിക്കാനാകൂ എന്നിരിക്കെ മൂന്നാമത്തെ അംഗമായ 7.97 ലക്ഷത്തിലേറെ സ്ത്രീകൾ ചേർന്നു. ഇതുവഴി 1,196 കോടിയുടെ നഷ്ടം. 65 വയസിന് മുകളിലുള്ള 2.87 ലക്ഷം പേർ പണം വാങ്ങി. വീട്ടിൽ നാലുചക്രവാഹനങ്ങളുള്ള 1.62 ലക്ഷം സ്ത്രീകളും പട്ടികയിലുൾപ്പെട്ടു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയേറ്റ മഹായുതി സഖ്യത്തിന് മാസങ്ങൾക്കുള്ളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചുവരവിന് സഹായിച്ചത് ഈ പദ്ധതിയാണ്.